സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിലൂടെ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാമെന്ന കണക്കുകൂട്ടലിൽ മുന്നോട്ടു പോകുന്ന ഇലോൺ മസ്കിന് കനത്ത തിരിച്ചടി നൽകികൊണ്ട് മാസങ്ങൾക്കു മുൻപാണ് റിലയൻസ് ജിയോ തങ്ങളുടെ ജിയോ സ്പെയ്സ് ഫൈബർ അവതരിപ്പിച്ചത്. ഡൽഹിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ജിയോ തങ്ങളുടെ ഇന്ത്യയിൽ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ ബ്രോഡ്ബാൻഡ് സംവിധാനം ജിയോ സ്പെയ്സ് ഫൈബർ അവതരിപ്പിച്ചു .
എന്നാൽ ഇന്ത്യൻ ടെലികോം മേഖലയിൽ ജിയോയുടെ ഉപഗ്രഹ ബ്രോഡ്ബാൻഡ് സംവിധാനത്തോട് ഏറ്റുമുട്ടാൻ സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെല്ലും Bharti Airtel രംഗത്തെത്തിയതോടെ മത്സരം മുറുകും. മിത്തൽ തന്റെ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപവുമായി ആരംഭിക്കുന്ന ഇന്ത്യയിലെ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ ജിയോ സേവനങ്ങളെ പിന്നിലായേക്കിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സുനിൽ മിത്തലിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റ് സ്ഥാപനത്തിന് ഇന്ത്യയിലെ ഉപഗ്രഹ അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനത്തിന് ആവശ്യമായ നിയന്ത്രണ അനുമതികൾ സർക്കാരിൽ നിന്നു ലഭിച്ചിരിക്കുകയാണ്. മിത്തലിന്റെ പിന്തുണയുള്ള ഉപഗ്രഹ സ്ഥാപനമായ വൺവെബ് ഇന്ത്യയ്ക്കാണ് -OneWeb India- ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചിരിക്കുന്നത്.
രാജ്യത്ത് യൂട്ടൽസാറ്റ് വൺവെബിന്റെ വാണിജ്യ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതിയാണ് LEO നേടിയിട്ടുള്ളത്. ഇന്ത്യയിൽ സാറ്റ്കോം സേവനങ്ങൾ നൽകുന്നതിന് ഇൻ-സ്പേസ് അനുമതിയും, ജിഎംപിസിഎസ് ലൈസൻസും, ഡോട്ടിൽ നിന്ന് സ്പെക്ട്രവും ആവശ്യമാണ്. ഇതിലാണ് എയർ ടെൽ ഒരു പടി മുന്നിൽ കയറിയിരിക്കുന്നത്.
ഇൻ-സ്പേസിൽ നിന്ന് അംഗീകാരം നേടുന്ന ആദ്യത്തെ കമ്പനിയാണ് സുനിൽ മിത്തലിന്റെ വൺവെബ് എന്ന സ്ഥാപനം. ലക്സംബർഗ് എസ്ഇഎസ് സാറ്റലൈറ്റ്സിന്റെ പങ്കാളിത്തമുള്ള മുകേഷ് അംബാനിയുടെ ജിയോയെക്കാൾ മുൻതൂക്കം മിത്തലിന് ഇതോടെ ലഭിക്കുന്നു. പുതിയ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനത്തിൽ മുകേഷ് അംബാനിയും, സുനിൽ ഭാരതി മിത്തലും ഏറ്റുമുട്ടുന്ന മേഖലയിലേക്ക് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് കൂടി എത്തുന്നതോടെ രംഗം കൊഴുക്കും.
ജിയോ ഫൈബർ (Jio Fiber) വഴി ഇന്ത്യൻ ഇന്റർനെറ്റ് വിപണി പിടിച്ചടക്കാൻ കുതിക്കുന്ന റിലയൻസിന് ഓർക്കാപ്പുറത്ത് ലഭിച്ച അടിയാണ് എയർടെല്ലിന്റെ മുന്നേറ്റം. ജിയോ സ്പേസ് എയർ ഫൈബർ (Jio Space Air Fiber) എന്ന പേരിൽ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാ ഫൈബർ സേവനം രാജ്യത്ത് അവതരിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു അംബാനി. നിലവിൽ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത ഇന്ത്യയുടെ വിദൂര സ്ഥലങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയാണ് റിലയൻസ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഇതിനു മുന്നോടിയായിട്ടാണ് ജിയോ തങ്ങളുടെ വയർലെസ്സ് എയർ ഫൈബർ വിപണിയിലെത്തിച്ചത്. എന്നാൽ ജിയോ വിഭാവനം ചെയ്യുന്നത് ജിയോ സ്പേസ് ഫൈബറിലൂടെ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ രാജ്യത്തെ വിദൂര മേഖലകളിൽ എത്തിക്കുക എന്നതാണ് .
വൺവെബ്ബിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ
ലോ എർത്ത് ഓർബിറ്റിലെ (LEO) ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക്, കൈപ്പർ, വൺവെബ് എന്നിവയുടെ സംഭാവനയാണ്.
LEO ഉപഗ്രഹങ്ങൾ 500 മുതൽ 1,200 കിലോമീറ്റർ വരെ ഉയരത്തിൽ പ്രവർത്തിക്കുന്നു, ഇത് ഉയർന്ന വേഗതയിൽ ഇന്റർനെറ്റ്യ്ക്കും സേവനങ്ങൾ നൽകും. ജിയോസ്റ്റേഷണറി എർത്ത് ഓർബിറ്റ് പൊസിഷൻ ചെയ്ത ഉപഗ്രഹങ്ങളെ അപേക്ഷിച്ച് ഡാറ്റ ആവശ്യമുള്ള ഉപയോക്താവിനും ഡാറ്റ അയയ്ക്കുന്ന സെർവറിനും ഇടയിൽ എടുക്കുക കുറഞ്ഞ സമയ കാലതാമസം മാത്രം.
വൺവെബിന്റെ 1,000-1,200 കിലോമീറ്റർ ചുറ്റുന്ന 648 ഉപഗ്രഹങ്ങൾക്കു ലോകം മൊത്തം നെറ്റ്വർക്കിങ് ലഭിക്കും. സാറ്റലൈറ്റ് നെറ്റ്വർക്ക് പോർട്ടൽ (എസ്എൻപി) സൈറ്റ് ഒരു സിഗ്നലായും ഡാറ്റ ഡൗൺലിങ്ക്, അപ്ലിങ്ക് ടെർമിനൽ അല്ലെങ്കിൽ ഗ്രൗണ്ടിലെ ബേസ് സ്റ്റേഷനായും പ്രവർത്തിക്കും, സാറ്റലൈറ്റ് ട്രാക്കിംഗ് ആന്റിന സിസ്റ്റങ്ങളിലൂടെ ഡാറ്റാ ട്രാൻസ്മിഷനുള്ള ഒരു ഇടനിലക്കാരൻ ആയിരിക്കും എസ് എൻ പി.
വൺവെബ് ഇന്ത്യ കമ്മ്യൂണിക്കേഷൻസിന്റെ കണക്കുകൂട്ടലിൽ ലോകം മൊത്തം ഉൾക്കൊള്ളാൻ 40 എസ്എൻപികൾ ആവശ്യമാണ്, ഇന്ത്യയ്ക്ക് അത്തരം 2 എസ്എൻപികളെങ്കിലും ആവശ്യമാണ്. ഇവ ഗുജറാത്തിലും മറ്റൊന്ന് ഇന്ത്യയുടെ തെക്കൻ ഭാഗത്തുള്ള തമിഴ്നാട്ടിലുമാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
ജിയോ അവതരിപ്പിച്ച ജിഗാ സ്പേസ് ഫൈബർ
ജിയോസ്പേസ് ഫൈബർ ഉൾപ്പെടെയുള്ള ജിയോയുടെ തദ്ദേശീയ സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും ജിയോ പവലിയനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാൻ ആകാശ് അംബാനി കഴിഞ്ഞ മാസം പ്രദർശിപ്പിച്ചു. ഇന്ത്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് സ്വപ്ന പദ്ധതിയായിട്ടായിരുന്നു അവതരണം.
കര, കടൽ, ആകാശം, ബഹിരാകാശം എന്നിവയെ ബന്ധിപ്പിക്കാൻ കെല്പുള്ള ജിയോ സ്പെയ്സ് ഫൈബർ വിദൂര സ്ഥലങ്ങളിലേക്ക് ഹൈ-സ്പീഡ് കണക്റ്റിവിറ്റി നൽകും.
അത്രയെളുപ്പത്തിൽ എത്തിച്ചേരാനാകാത്ത ഇന്ത്യയിലെ പ്രദേശങ്ങളിലേക്ക് അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാനാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും നൂതന മീഡിയം എർത്ത് ഓർബിറ്റ് (എംഇഒ) സാറ്റലൈറ്റ് ടെക്നോളജി ആക്സസ് ചെയ്യാൻ ജിയോ നെറ്റ്വർക്ക് ഭീമനായ എസ്ഇഎസുമായി -SES S.A- സഹകരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രക്ഷേപകർ, ഉള്ളടക്കം, ഇന്റർനെറ്റ് സേവന ദാതാക്കൾ, മൊബൈൽ, ഫിക്സഡ് നെറ്റ്വർക്ക് ഓപ്പറേറ്റർമാർ, സർക്കാരുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് വീഡിയോ, ഡാറ്റ കണക്റ്റിവിറ്റി വിതരണം ചെയ്യുന്ന ഒരു ലക്സംബർഗ് സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് ദാതാവാണ് SES S.A. ബഹിരാകാശത്ത് നിന്ന് സമാനതയില്ലാത്ത ജിഗാബൈറ്റ്, ഫൈബർ പോലെയുള്ള സേവനങ്ങൾ നൽകാൻ കഴിവുള്ള ഏക എംഇഒ കോൺസ്റ്റലേഷനാണിത്.
സെല്ലുലാർ ടവറുകളെ കോർ നെറ്റ്വർക്കിലേക്ക് ബന്ധിപ്പിക്കുന്ന മൊബൈൽ ബാക്ക്ഹോളിന് ജിയോസ്പേസ് ഫൈബർ ഉപഗ്രഹ ശൃംഖല അധിക ശേഷി നൽകും. ഇതോടെ രാജ്യത്തിന്റെ ഏറ്റവും വിദൂര പ്രദേശങ്ങളിൽ ജിയോ 5ജി സേവനങ്ങളുടെ ലഭ്യതയും വിപുലീകരണവും കൂടുതൽ മെച്ചപ്പെടുത്തും. എസ്ഇഎസിന്റെ ഓ3ബി, പുതിയ ഓ3ബി എംപവർ സാറ്റലൈറ്റുകളിലേക്ക് ജിയോയ്ക്ക് ആക്സസ് ഉള്ളതിനാൽ, ഇതുവരെ കാണാത്ത ഏറ്റവും മികച്ച സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏക സേവനദാതാവായി ജിയോ മാറും.