കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകി കൊച്ചി. കോണ്ടെ നാസ്റ്റ് ട്രാവലേഴ്സിന്റെ (Conde Nast Traveller’s) 2024ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കൊച്ചിയും ഇടം പിടിച്ചു.
സഞ്ചാരികളെ ഇതിലേ
നദികൾ, കായൽ, തടാകങ്ങൾ, ജലപാതകൾ പ്രകൃതി അനുഗ്രഹിച്ച പ്രദേശമാണ് കൊച്ചി. നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽക്കടന്ന് അറബികളും ചൈനാക്കാരും പിന്നീട് യൂറോപ്യന്മാരും കൊച്ചിയിലെത്തിയത് ഇവിടത്തെ സുഗന്ധവ്യഞ്ജനങ്ങൾ കണ്ട് മാത്രമായിരുന്നില്ല. ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികളെ കൊച്ചിയിലേക്ക് എത്തിക്കുന്നത് നാടിന്റെ ഭംഗി തന്നെയാണ്. പ്രകൃതിഭംഗിക്കൊപ്പം സഞ്ചാരികളെ കൊച്ചിയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം കൊച്ചിയുടെ പ്രാദേശിക ആഘോഷങ്ങളും സുസ്ഥിര വിനോദസഞ്ചാരത്തിലേക്കുള്ള കാൽവെപ്പുകളും കൂടിയാണ്. ഇതു തന്നെയാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷ്വറി ട്രാവൽ മാഗസിനായ കോണ്ടെ നാസ്റ്റ് ട്രാവലേഴ്സ് കൊച്ചിയെ തിരഞ്ഞെടുക്കാനുള്ള കാരണവും.
വാട്ടർ മെട്രോയും ബിനാലെയും
കൊച്ചിയെ സഞ്ചാരികളുടെ പ്രിയ ദേശമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ലോകത്തെ ആദ്യത്തെ വാട്ടർ മെട്രോ ഓടുന്നത് കൊച്ചിക്കായലിലാണ്. 78 കിലോമീറ്ററിൽ 10 ദ്വീപുകളെയാണ് വാട്ടർ മെട്രോ ബന്ധിപ്പിക്കുന്നത്. 2021ൽ ആരംഭിച്ചത് മുതൽ കൊച്ചിയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷണമാണ് വാട്ടർ മെട്രോ. അടുത്ത വർഷത്തോടെ വാട്ടർ മെട്രോയെ മുഴുവനായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കൊച്ചി വാട്ടർ മെട്രോ സൗരോർജ്ജത്തിലേക്ക് മാറാൻ പോകുകയാണെങ്കിൽ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുന്നത് പൂർണമായും സൗരോർജ്ജത്തിലാണ്. ലോകത്ത് തന്നെ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമാണ് കൊച്ചിൽ അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലും ഇവിടെയാണ് പ്രവർത്തിക്കുന്നത്.
150 വർഷം പഴക്കമുള്ള എറണാകുളം മാർക്കറ്റിനെ വിപുലീകരിക്കുന്നതിനെ കുറിച്ചും മാഗസിനിൽ പറയുന്നു. കൊച്ചിയിലെ ചീന വലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴിക്കരയിൽ ഡൈനിംഗ് സംഘടിപ്പിച്ച ദ ബ്ലൂ യോണ്ടറിനെ (The Blue Yonder) മാഗസിൻ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
കേരള ടൂറിസം 2.0യിൽ 2023-24 വർഷത്തേക്ക് 43 മില്യൺ ഡോളറാണ് സുസ്ഥിര വിനോദസഞ്ചാരത്തിന് വേണ്ടി നീക്കിവെച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്നും മൂന്നാർ, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാൻ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താൻ ഈ തുക വിനിയോഗിക്കും. മാത്രമല്ല പ്രാദേശിക ആഘോഷങ്ങൾക്കും വിനോദസഞ്ചാര ഭൂപടത്തിൽ പ്രാധാന്യം നൽകുന്നുണ്ട്. പുരാതന കാലത്തെ തൃശ്ശൂർ പൂരം മുതൽ ആധുനിക കാലത്തെ ഉത്സവമായ മുസരീസ് ബിനാലെ വരെ വിനോദസഞ്ചാരത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
വലിയ അംഗീകരമെന്ന് മന്ത്രി
സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ഇത് വലിയ അംഗീകരമാണെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം സുസ്ഥിര സംരംഭങ്ങളിലൂടെ പ്രാദേശിക വിഭാഗങ്ങളുടെ പങ്കാളിത്തവും ക്ഷേമവും കൂടി ഉറപ്പാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയിലെ സുസ്ഥിര സംരംഭങ്ങളിലൂടെ കൊച്ചിയെ മാത്രമല്ല സംസ്ഥാനത്തെ മുഴുവനായും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.
നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വര, സിംഗപ്പൂരിലെ സിൽക്ക് റോഡ്, ഉസ്ബാക്കിസ്ഥാനിലെ കോബെ, ബാംങ്കോക്ക്, മംഗോളിയ, റാസ് അൽ കൈമ, റെഡ് സീ, ഡാ നങ് തുടങ്ങിയ സ്ഥലങ്ങളും കോണ്ടെ നാസ്റ്റ് ട്രാവലേഴ്സിന്റെ പട്ടികയിൽ ഇടം പിടിച്ചു.
Kochi, the vibrant city in Kerala, has secured a prestigious spot on Conde Nast Traveller’s list of the best places to visit in Asia for 2024. Celebrated for its sustainable initiatives and rich local festivals, the city stands out for its historic waterways, backwaters, and the convergence of diverse cultures.