കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗകയായ ക്ലാസിക് ഇംപീരിയൽ (Classic Imperial) ലോഞ്ച് ചെയ്ത് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് മന്ത്രി നിഥിൻ ഗഡ്കരി. രാജ്യത്തിന് പ്രത്യേകിച്ച് കേരളത്തിന് വലിയ മുതൽക്കൂട്ടാണ് ക്രൂസ് ടൂറിസമെന്ന് കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ വിർച്വൽ യോഗത്തിലാണ് ക്ലാസിക് ഇംപീരിയൽ ലോഞ്ച് ചെയ്തത്.
കപ്പൽ നിർമിച്ച നിഷിജിത്ത് ജോണിനെ അദ്ദേഹം അഭിനന്ദിച്ചു.
കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടിജെ വിനോദ് എംഎൽഎ, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.
കേരളത്തിന്റെ ആഡംബര കപ്പൽ
ബോൾഗാട്ടി സ്വദേശിയായ നിഷിജിത്ത് ജോണിന്റെ (Nishijit John) മൂന്ന് വർഷത്തെ കാത്തിരിപ്പും അധ്വാനവുമാണ് ക്ലാസിക് ഇംപീരിയൽ. 2020 മാർച്ചിലാണ് കപ്പലിന്റെ നിർമാണം ആരംഭിക്കുന്നത്. ഐആർഎസ് ക്ലാസിഫിക്കേഷനിൽപ്പെട്ട യാത്രാക്കപ്പലിന്റെ നീളം 50 മീറ്ററും വീതി 11 മീറ്ററും ഉയരം 10 മീറ്ററുമാണ്. വിവാഹച്ചടങ്ങുകൾക്കും കമ്പനികളുടെ കോൺഫറൻസുകൾ നടത്താനും കപ്പലിൽ സൗകര്യമുണ്ട്. ആഡംബര കപ്പലിൽ 150 പേർക്ക് വരെ യാത്ര ചെയ്യാം. ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗിന്റെ അംഗീകാരം ലഭിച്ചതോടെയാണ് കപ്പൽ സഞ്ചാരികളെയും കൊണ്ട് നീറ്റിലിറങ്ങാൻ പോകുന്നത്.
കപ്പൽ നീറ്റിലിറക്കിയത് 12 മീറ്റർ നീളവും ഒന്നര മീറ്റർ ഉയരവുമുള്ള എയർ ബലൂണുകൾക്ക് മുകളിലൂടെ ഉരുട്ടി കൊണ്ടാണ്.
നിഷിജിത്തിന്റെ സ്വപ്നം
വിനോദസഞ്ചാര മേഖലയിലേക്ക് വാടകയ്ക്ക് എടുത്ത ബോട്ടുമായാണ് നിഷിജിത് രംഗപ്രവേശം ചെയ്യുന്നത്. അന്ന് കപ്പൽ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. ഇന്ന് സ്വന്തമായി നിർമിച്ച ആഡംബര കപ്പൽ നീറ്റിലിറക്കുകയാണ് നിഷിജിത്.
ഫോർട്ട് കൊച്ചിയിൽ നിന്ന് കടലിലേക്ക് ഏതാനും കിലോമീറ്ററുകളായിരിക്കും ക്ലാസിക് ഇംപീരിയൽ സഞ്ചരിക്കുകയെന്ന് നിയോ ക്ലാസിക് ക്രൂസസ് ആൻഡ് ടൂർസിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ നിഷിജിത് മാധ്യമങ്ങളോട് പറഞ്ഞു.
കപ്പൽ നിർമിക്കാൻ യാർഡുകൾ വൻതുക പറഞ്ഞതോടെ വല്ലാർപാടത്തുള്ള കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ സ്ഥലം വാടകയ്ക്ക് എടുത്താണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. നിയോ ക്ലാസിക് ക്രൂസസ് ആൻഡ് ടൂർസിന്റെ 5 ബോട്ടുകൾ കൂടി കൊച്ചിക്കായലിൽ സർവീസ് നടത്തുന്നുണ്ട്.
The largest tourist vessel of its kind in Kerala, the luxury ferry “Classic Imperial,” has been essentially inaugurated by Union Minister of Road Transport and Highways Nitin Gadkari. Speaking at the event, the Minister stated that Kerala in particular offers countless opportunities for cruise tourism in the nation. There will be a significant effort to get the financial industry to provide further funding for the building of ships.