വരുന്നൂ കേരളത്തിലേക്ക് സ്വകാര്യ ഇ ബസുകൾ. 20 ഇ ബസുകൾ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ തയ്യാറെടുപ്പുകൾ നടത്തുന്നതായി റിപ്പോർട്ട്. സ്വകാര്യ ബസുകളുടെ പ്രവർത്തനത്തിന്റെയും പരിപാലനത്തിന്റെയും ചെലവുകൾ വർധിച്ചതാണ് ഇ ബസിലേക്ക് തിരിയാൻ സ്വകാര്യ ബസ് ഉടമകളെ പ്രേരിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ എറണാകുളം, മലപ്പുറം ജില്ലകളിലായി 10 ഇ ബസുകൾ വീതം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
ജനുവരിയോടെ കേരളത്തിലെ റോഡുകളിൽ ഇ ബസുകൾ ഇറക്കാനാണ് ശ്രമം നടക്കുന്നത്. ബംഗളൂരുവിൽ നിന്നായിരിക്കും ഇ ബസുകൾ കേരളത്തിലേക്ക് എത്തുക. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ടത്തിൽ രണ്ട് ജില്ലകളിൽ മാത്രമായി ഇ ബസ് സർവീസ് നടത്തുക. വിജയിച്ചാൽ 10,000 സ്വകാര്യ ഇ ബസുകൾ നിരത്തിലിറക്കും.
സംസ്ഥാനത്തെ സ്വകാര്യ ബസുകളെല്ലാം തന്നെ ഡീസലിലാണ് പ്രവർത്തിക്കുന്നത്. പ്രതിദിനം ഇവയുടെ ഡീസലിന് വേണ്ടി തന്നെ വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. ഇ ബസുകൾ വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇ ബസുകൾ വന്നാൽ 7 കിലോമീറ്ററിന് ഊർജ്ജത്തിന് ചെലവഴിക്കേണ്ട തുക 30 രൂപയായി കുറയും. 38 സീറ്റുകളുള്ള എസി, നോൺ എസി ബസുകളാണ് നിരത്തിലിറക്കാൻ പോകുന്നത്. ബംഗളൂരുവിലെ ബസ് പ്രൊവൈഡർമാർക്ക് ഒരു നിശ്ചിത തുക വാടകയിനത്തിൽ ബസ് ഓപ്പറേറ്റർമാർ നൽകേണ്ടി വരും. വായ്പയെടുത്ത് ബസ് വാങ്ങി വലിയ തുക തിരിച്ചടവ് നൽകുന്നതിന് പകരം ബസ് ഉടമകൾ ഇനി മുതൽ ചെറിയ തുക വാടക നൽകിയാൽ മതിയാകും. ഇ ബസുകൾ ഓടിക്കാനും പരിപാലിക്കാനും ബംഗളൂരുവിൽ നിന്ന് പ്രത്യേക പരിശീലനം നേടണം. ഇതിനായി ബസ് ഡ്രൈവർമാരെ പരിശീലനത്തിന് അയക്കും.
വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കാത്തതും ബസുകളുടെ പ്രവർത്തനത്തിന്റെയും പരിപാലനത്തിന്റെയും ചെലവുകൾ ക്രമാതീതമായി വർധിച്ചതും കാരണം കുറച്ച് വർഷങ്ങളായി സ്വകാര്യ ബസുടമകൾ പ്രതിസന്ധിയിലാണ്. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ വർഷങ്ങളായി ബസുടമകൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഇ ബസുകൾ വരുന്നതോടെ സ്വകാര്യ ബസ് സർവീസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി കൂടി ലഭിച്ചാൽ വൈകാതെ ഇ ബസുകൾ കേരളത്തിലെ നിരത്തുകളിൽ ഓടിത്തുടങ്ങും.