ചൈന വിട്ട് ഇന്ത്യയെ കൂട്ടു പിടിച്ച് വാൾമാർട്ട് (Walmart). ഇന്ത്യയിൽ നിന്ന് കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയാണ് വാൾമാർട്ട്. ഉത്പന്നങ്ങൾക്ക് ചൈനയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടിവരികയാണ് വാൾമാർട്ട്. വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും വില വെട്ടിക്കുറയ്ക്കാനും ഇന്ത്യൻ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് വഴി സാധിക്കുമെന്നാണ് വാൾമാർട്ട് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയിലർമാരായ വാൾമാർട്ടിന്റെ നീക്കം ഇന്ത്യൻ വിപണിക്ക് പുത്തനുർണവ് നൽകും. ക്രിസ്തുമസും പുതുവർഷവും വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി റെക്കോർഡിലെത്തുമെന്നും പ്രതീക്ഷിക്കാം. ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെ വാൾമാർട്ട് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളിൽ നാലിലൊന്നും ഇന്ത്യയിൽ നിന്ന് അയച്ചതാണ്. 2018ൽ ഇന്ത്യയിൽ നിന്ന് വെറും 2% ഉത്പന്നങ്ങൾ മാത്രമാണ് വാൾമാർട്ട് വാങ്ങിയിരുന്നത്. അതേവർഷം വാൾമാർട്ട് മാർക്കറ്റിലെത്തിച്ച 80% ഉത്പന്നങ്ങൾ ചൈനയിൽ നിന്നായിരുന്നു. ഇപ്പോഴത് കുറഞ്ഞു 60% ആയിട്ടുണ്ട്. അതേസമയം ചൈന തന്നെയാണ് ഇപ്പോഴും വാൾമാർട്ടിന് ഏറ്റവും കൂടുതൽ ഉത്പനങ്ങൾ നൽകുന്ന രാജ്യം.
ചൈനയും യുഎസും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങളാണ് വാൾമാർട്ടിന്റെ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. യുഎസിലെ പല വൻകിട കമ്പനികളും ചൈന വിട്ട് ഇന്ത്യ, തായ്ലാൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറുകയാണ്. മാത്രമല്ല, ചൈനയിൽ നിന്നുള്ള ഇറക്കുമതി ചെലവ് വർധിക്കുന്നതും വാൾമാർട്ടിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. ഉത്പന്നങ്ങൾക്ക് ഏതെങ്കിലും ഒരു വിതരണക്കാരെയോ പ്രദേശത്തെയോ മാത്രം ആശ്രയിക്കാൻ തങ്ങൾക്ക് പറ്റില്ലെന്ന് വാൾമാർട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആൻഡ്രിയ അൽബ്രൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തങ്ങളുടെ പ്രധാനപ്പെട്ട സ്രോതസ്സിൽ നിന്ന് മുഴുവനായി ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വാൾമാർട്ട് പറഞ്ഞു. ബിസിനസ് വിപുലമക്കാൻ കൂടുതൽ ഉത്പാദനശേഷിയുള്ള സ്രോതസ്സുകളിലേക്ക് മാറേണ്ടി വരുമെന്നും വാൾമാർട്ട് പറഞ്ഞിരുന്നു.
വാൾമാർട്ട് ഇന്ത്യയിൽ
ഇന്ത്യയിലേക്കുള്ള വാൾമാർട്ടിന്റെ വരവ് ഫ്ലിപ്കാർട്ട് ഏറ്റെടുത്ത് കൊണ്ടായിരുന്നു. 2018ൽ ഫ്ലിപ്പ്കാർട്ടിന്റെ 77% ഓഹരി വാൾമാർട്ട് വാങ്ങി. അന്ന് മുതൽ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് വാൾമാർട്ട്. 2027 ആകുമ്പോഴെക്കും ഓരോ വർഷവും 10 ബില്യൺ യുഎസ് ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള നടപടികൾ വാൾമാർട്ട് ആരംഭിച്ചു കഴിഞ്ഞു. നിലവിൽ 3 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് വാൾമാർട്ട് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ വൻകിട നിർമാണപ്രവർത്തനങ്ങളിൽ ഇന്ത്യ അധികം വൈകാതെ ചൈനയെ കടത്തിവെട്ടുമെന്ന് വിദഗ്ധർ പറയുന്നു.