തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്താണ് വൈകീട്ട് നല്ല ചൂട് ദോശയും രസ വടയും ഓംലെറ്റും വിളമ്പുന്ന രാത്രി തട്ടുകട. ഇങ്ങനെ ഒരു തട്ടുകടയെ കുറിച്ച് ഇതുവരെ കേട്ടിട്ടേയില്ല എന്നാണോ?.
സെക്രട്ടേറിയറ്റിന് സമീപം സ്റ്റാച്ചു ജംഗ്ഷനിൽ തിരുവിതാംകൂർ ദിവാനായിരുന്ന ടി മാധവ റാവുവിന്റെ പ്രതിമയ്ക്ക് പിറകിലെ ഈ തട്ടുകടയെ രാത്രി തട്ടുകട എന്നു പറഞ്ഞാൽ ആർക്കും അറിയില്ല. എന്നാൽ സ്റ്റാച്ചു തട്ടുകട എന്നു പറഞ്ഞാൽ തിരുവനന്തപുരത്ത് വന്നവർക്കെല്ലാം അറിയാം. രാത്രി നഗരത്തിന് ചൂട് ഭക്ഷണം വിളമ്പുന്ന സ്റ്റാച്ചു തട്ടുകടയുടെ ഉടമ വിമൽ കുമാറിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അനിൽ എന്നു പറഞ്ഞാലോ വിമലിനെ നാട്ടിൽ എല്ലാവർക്കും അറിയൂ.
തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയായ വിമൽ അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് രാത്രി തട്ടുകട എന്ന പേരിൽ സ്റ്റാച്ചു ജംഗ്ഷനിൽ തട്ടുകട ആരംഭിക്കുന്നത്. ടി മാധവ റാവുവിന്റെ പ്രതിമയ്ക്ക് പിറകിലായതിനാൽ ഏതോ വിരുതൻ നൽകിയ പേരാണ് സ്റ്റാച്ചു തട്ടുകട എന്നത്. പിന്നീട് തട്ടുകട അറിയപ്പെട്ടതും അങ്ങനെ തന്നെ. തിരുത്താൻ വിമലും പോയില്ല. ഇപ്പോൾ സെക്രട്ടേറിയറ്റ് പരിസരത്ത് രാത്രി 8 മുതൽ 11 മണിവരെ നല്ല നാടൻ ഭക്ഷണം തട്ടുകടയാണ് സ്റ്റാച്ചു തട്ടുകട.
മക്കളെ നോക്കാൻ തുടങ്ങിയ തട്ടുകട
പണ്ടുമുതലേ ഹോട്ടൽ മേഖലയിലാണ് വിമൽ ഉപജീവനം കണ്ടെത്തിയത്. ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട് എറണാകുളം, ഗോവ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്തു. നാട്ടിൽ മടങ്ങിയെത്തി തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. വീട്ടിൽ മക്കളെ നോക്കാൻ ആളില്ലാതെ വന്നപ്പോഴാണ് അനിൽ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ആലോചിക്കുന്നത്. മറ്റെവിടെയെങ്കിലും ജോലിക്ക് പോയാൽ മക്കളുടെ കാര്യങ്ങൾ കൃത്യമായി നോക്കാൻ പറ്റില്ല.
കുട്ടികളെ സ്കൂളിൽ വിടുന്നതും കൂട്ടിക്കൊണ്ടുവരുന്നതുമെല്ലാം കണക്കു കൂട്ടിയാണ് വിമൽ രാത്രി തട്ടുകട എന്ന ആശയത്തിലെത്തി ചേർന്നത്. നഗരത്ത് മിക്ക സ്ഥലങ്ങളിലും നല്ല ഉച്ചഭക്ഷണം കിട്ടുന്ന സ്ഥലങ്ങളുണ്ട്. എന്നാൽ രാത്രിഭക്ഷണം മനസ്സറിഞ്ഞ് കഴിക്കാൻ പറ്റുന്ന ഇടങ്ങൾ നഗരത്തിൽ എവിടെയും കാണാത്തതും രാത്രി തട്ടുകട തുടങ്ങാൻ കാരണമാണെന്ന് വിമൽ പറയും. തട്ടുകട തുടങ്ങി അധികനാൾ കഴിയും മുമ്പാണ് കോവിഡും ലോക്ഡൗണും വന്നതും തട്ടുകടയ്ക്ക് പൂട്ടിടേണ്ടി വരുന്നതും. സവാളയും മറ്റും വിറ്റായിരുന്നു അന്ന് ഉപജീവനം. ലോക്ഡൗണിൽ ഇളവുകൾ വന്നപ്പോൾ പാർസൽ നൽകി തുടങ്ങി. പതിയെ വീണ്ടും തട്ടുകടയിലേക്ക്. തട്ടുകട തുടങ്ങിയപ്പോൾ തന്നെ ആളുകൂടി, തിരക്ക് തുടങ്ങി.
രാത്രി ഏഴര മുതലേ വിമൽ വരുന്നതും കാത്ത് സ്റ്റാച്ചു തട്ടുകടയുടെ മുന്നിൽ ആളു കൂടിയിട്ടുണ്ടാകും. 8 മണിക്ക് തുടങ്ങുന്ന തട്ടുകടയിലെ ഭക്ഷണമെല്ലാം 11 മണിയാകുമ്പോഴെക്കും തീരും. സെക്രട്ടേറിയറ്റിലെ ജീവനക്കാരും പൊലീസുകാരും തുടങ്ങി നിരവധി ആളുകളാണ് ഇവിടന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നത്. ചൂട് കല്ലിൽ അപ്പോൾ ചുട്ടെടുക്കുന്ന ദോശ… കൂടെ സാമ്പാർ, ചട്ണി, മുളക് കറി, കാന്താരി ചമ്മന്തി, പിന്നെ ഓംലെറ്റ്, രസവട, പപ്പടം… തട്ടുകട പോലെ തന്നെ ചെറുതാണ് ഇവിടത്തെ ഭക്ഷണത്തിന്റെ മെനുകാർഡും. സാമ്പാറും മറ്റും വേണമെങ്കിൽ ചിലപ്പോൾ സ്വന്തമായി വിളമ്പിയെടുക്കണം. കാരണം സ്റ്റാച്ചു തട്ടുകടയിൽ തൊഴിലാളിയും മുതലാളിയുമെല്ലാം വിമൽ തന്നെയായിരിക്കും. ദോശയും മറ്റും ഉണ്ടാക്കുന്ന തിരക്കിൽ വിളമ്പി തരാൻ വിമലിന് പറ്റിയെന്ന് വരില്ല. എന്ത് വിളമ്പിയാലും മായം ചേർക്കാത്ത, ആരോഗ്യം പരിപാലിക്കുന്ന, നാടൻ ഭക്ഷണം വിളമ്പണമെന്ന് വിമലിന് നിർബന്ധമുണ്ട്. അത് വാഴയിലയിൽ തന്നെ നൽകണമെന്നത് മറ്റൊരു നിർബന്ധം.
വാഴക്കൃഷിക്കാർക്കും ക്ഷീരകർഷകർക്കും സഹായമാകാനാണ് ഇങ്ങനെ ചെയ്യുന്നത്. തനിനാടൻ ഭക്ഷണം മാത്രമാണ് ഇവിടെ ലഭിക്കുക. തെരുവിൽ കഴിയുന്നവർക്ക് വേണ്ടി കുറച്ച് ഭക്ഷണം വിമൽ പൊതിഞ്ഞുവെക്കാറുണ്ട്. ആവശ്യക്കാർ വരുമ്പോൾ ആരും കാണാതെ കൊടുക്കാൻ. മൂന്ന് മണിക്കൂർ പണി കഴിയുമ്പോൾ എല്ലാ ചെലവുകളും കഴിഞ്ഞ് 1000 ദിവസവും ലാഭം മാത്രമുണ്ടാക്കാൻ പറ്റുന്നുണ്ടെന്ന് വിമൽ പറയുന്നു. തനിക്കും മക്കൾക്കും കഴിയാൻ അതുമതിയെന്നാണ് വിമലിന്റെ പക്ഷം.
Statue Thattukada