സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ ഒരുങ്ങുന്നു. രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തെ സെമികണ്ടക്ടർ വിപണി 6400 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ വിപുലമായ സാധ്യതകൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ സ്ക്കീം PLI വൻ വിജയമായതോടെ ചിപ്പുകളുടെ ഡിസൈൻ, നിർമ്മാണം, ഗവേഷണം, എൻജിനിയറിംഗ് തുടങ്ങിയമേഖലകളിലേക്ക് ആഗോള രംഗത്തെ മുൻനിര ബ്രാൻഡുകൾ വൻതോതിൽ നിക്ഷേപവുമായി എത്തുകയാണ്.
ലോകത്തിലെ മുൻനിര സെമികണ്ടക്ടർ കമ്പനിയായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് AMD കഴിഞ്ഞ ദിവസം ബാംഗ്ളൂരിൽ അവരുടെ ഏറ്റവും വലിയ ഡിസൈൻ കേന്ദ്രം തുറന്നിരുന്നു.
രാജ്യത്ത് ഗവേഷണ, വികസന, എൻജിനീയറിംഗ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് 40 കോടി ഡോളറിന്റെ നിക്ഷേപമാണ് AMD ലക്ഷ്യമിടുന്നത്. 3D സ്റ്റാക്കിംഗ്, നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ ഡിസൈനിംഗ്, ഡെവലപ്പ്മെന്റ് രംഗത്ത് മൂവായിരം എൻജിനിയർമാർക്ക് പുതിയ ക്യാമ്പസിൽ ജോലി ലഭിക്കും.
ആഗോള കമ്പനിയായ മൈക്രോൺ ടെക്നോളജീസ് സെപ്തംബറിൽ ഗുജറാത്തിലെ സാനന്ദിൽ 275 കോടി ഡോളർ നിക്ഷേപത്തിൽ സെമികണ്ടക്ടർ ടെസ്റ്റിംഗ് ആൻഡ് പാക്കേജിംഗ് കേന്ദ്രം ആരംഭിച്ചിരുന്നു.
ഗുജറാത്ത് പ്ളാന്റ് വൻ വിജയമായതോടെ ആഗോള ചിപ്പ് ബ്രാൻഡുകൾ ഇന്ത്യയിൽ വലിയ നിക്ഷേപ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. മൊബൈൽ ഫോണിൽ മുതൽ കാറുകളിൽ വരെ ഉപയോഗിക്കുന്ന ചിപ്പുകളുടെ നിർമ്മാണ രംഗത്ത് ഇന്ത്യയിൽ വലിയ നിക്ഷേപത്തിന് തായ്വാനിലെ പ്രമുഖ കമ്പനിയായ ഫോക്സ്കോണും തയ്യാറെടുക്കുകയാണ്.
നടപ്പു സാമ്പത്തിക വർഷം മൂന്ന് മുൻനിര കമ്പനികളാണ് സെമികണ്ടക്ടർ ചിപ്പുകളുടെ നിർമ്മാണ രംഗത്ത് നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തെ സെമികണ്ടക്ടർ വിപണി 6400 കോടി ഡോളറിലെത്തുമെന്ന് ഇന്ത്യ ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ പറയുന്നു.
ചൈനയുടെ ചിപ്പ് നിർമാണ കമ്പനികൾക്കും, നിർമാണ സാമഗ്രികൾക്കും ഉപരോധം തുടരുന്ന അമേരിക്ക രാജ്യത്തെ ചിപ്പ് നിർമാണ മേഖല ശക്തിപ്പെടുത്തുന്ന ശ്രമങ്ങളിലാണ്. ഇതിനൊപ്പം രാജ്യത്തിന് പുറത്തു വിശ്വാസ്യതയുള്ള ഒരു നിർമ്മാണ ഹബിന് രൂപം നൽകാൻ ഇന്ത്യയ്ക്ക് എല്ലാ സഹായവും നൽകുന്നുണ്ട്.
തടസങ്ങളില്ലാതെ വൈദ്യുതിയും വെള്ളവും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെയും ഇന്ത്യ ഉറപ്പാക്കുമ്പോൾ അതിവേഗത്തിൽ ഉത്പന്നങ്ങൾ നിർമിച്ചു വിദേശ വിപണികളിൽ എത്തിക്കാൻ കഴിയുന്ന ലോജിസ്റ്റിക്, സപ്ളൈ ശൃംഖല ഒരുക്കാനും അമേരിക്കയുടെ സഹായം ലഭിക്കും.