കേരള സ്റ്റാർട്ടപ്പ് മിഷനിലെ 4 സ്റ്റാർട്ടപ്പുകൾ നാസ്കോം 2023 എമർജിംഗ് 50 സ്റ്റാർട്ടപ്പ് പട്ടികയിൽ. ഡീപ് ടെക് സ്റ്റാർട്ടപ്പുകളായ ഇൻടോട്ട് ടെക്നോളജീസ്, ഫ്യൂസിലേജ് ഇന്നോവേഷൻ, പ്രൊഫേസ് ടെക്നോളജീസ്, സാസ്കാൻ മെഡ്ടെക് എന്നിവരാണ് നാസ്കോമിന്റെ പട്ടികയിൽ ഇടം പിടിച്ചവർ.
ഇൻടോട്ട് ടെക്നോളജീസ് (Inntot Technologies)
ഉയർന്ന ഗുണനിലവാരത്തിൽ താങ്ങാവുന്ന വിലയിൽ ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റ് റിസീവർ ഐപി സൊല്യൂഷനാണ് ഇൻടോട്ട് ടെക്നോളജീസ് മുന്നോട്ടുവെക്കുന്ന സേവനം. ഡിജിറ്റൽ റേഡിയോ സംപ്രേഷണത്തിലെ പിഴവുകൾ പൂർണമായും ഇല്ലാതാക്കുന്ന ഇന്റർനെറ്റ് പ്രോട്ടോക്കോൾ റിസീവർ ഇൻടോട്ടിന്റെ ഉത്പന്നമാണ്. 2014ൽ ആരംഭിച്ച സ്റ്റാർട്ടപ്പിന്റെ എംഡിയും സിഇഒയുമാണ് രജിത് നായർ.
ഫ്യൂസിലേജ് ഇന്നോവേഷൻ (Fuselage Innovations)
കൃഷിയിടങ്ങളിൽ വളപ്രയോഗം, രോഗബാധ തിരിച്ചറിയൽ എന്നിവ ഡ്രോൺ നിരീക്ഷണത്തിലൂടെ സാധ്യമാക്കിയ സ്റ്റാർട്ടപ്പാണ് ഫ്യൂസിലേജ് ഇന്നോവേഷൻ. ഡ്രോൺ സാങ്കേതിക വിദ്യയിലൂടെ കൃഷി പരിപാലനം സാധ്യമാക്കുകയാണ് ഫ്യൂസിലേജ്. സഹോദരങ്ങളായ ദേവൻ ചന്ദ്രശേഖരനും ദേവികാ ചന്ദ്രശേഖരനും ചേർന്ന് 2020ലാണ് ഫ്യൂസിലേജ് തുടങ്ങുന്നത്.
പ്രൊഫേസ് ടെക്നോളജീസ് (Prophaze Technologies)
വെബ് ആപ്ലിക്കേഷൻ, എപിഐകൾ എന്നിവയ്ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ നിരീക്ഷിക്കാനും കണ്ടെത്താനും പ്രൊഫേസ് ടെക്നോളജീസ് സഹായിക്കും. മൊബൈൽ ബാക്കെൻഡ് ആപ്പ്, ഇആർപി സൊല്യൂഷൻസ്, സിആർഎം എന്നിവയ്ക്കെല്ലാം സംരക്ഷണം ഒരുക്കാൻ സാധിക്കും. ടിആർ വൈശാഖ്, ലക്ഷ്മി ദാസ് എന്നിവരാണ് പ്രൊഫേസ് ടെക്നോളജീസിന്റെ ഫൗണ്ടർമാർ.
സാസ്കാൻ മെഡിടെക് (Sascan Meditech)
മൾട്ടി സ്പെക്ടറൽ ഇമേജിംഗ് ക്യാമറയായ ഓറൽ സ്കാൻ ആണ് സാസ്കാൻ മെഡിടെക് പുറത്തിറക്കുന്ന ഉത്പന്നം. വായിലെ അർബുദം കണ്ടെത്താനാണ് ഓറൽ സ്കാൻ ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ച് കൃത്യതയോടെ ബയോപ്സി ചെയ്യാനും സാധിക്കും. ഡോ. സുഭാഷ് നാരായണനും ഉഷാ സുഭാഷുമാണ് സ്ഥാപകർ.