രാജസ്ഥാൻ ജയ്സാൽമീറിലെ രാജ്കുമാരി രത്നാവതി സ്കൂൾ കണ്ടാൽ ആർക്കുമൊന്ന് വീണ്ടും പഠിക്കാൻ തോന്നും. രാജസ്ഥാനിലെ ചൂടേറിയ കാലാവസ്ഥയെ ചെറുക്കുന്ന ആർക്കിടെക്ച്ചർ വിസ്മയമാണ് ഈ സ്കൂൾ. കാലാവസ്ഥയും ചുറ്റുപാടും മനസിലാക്കി എങ്ങനെ കെട്ടിടങ്ങൾ നിർമിക്കാം എന്നതിന് ആർക്കും മാതൃകയാക്കാൻ പറ്റുന്നതാണ് ഈ സ്കൂളിന്റെ ആർക്കിടെക്ചർ.
സ്കൂളിന്റെ കെട്ടിട കോംപ്ലക്സുകളെ ഗ്യാൻ സെന്റർ എന്നാണ് വിളിക്കുന്നത്.
രാജസ്ഥാനിലെ പിന്നാക്ക മേഖലയിൽ വിദ്യാഭ്യാസ വിപ്ലം സൃഷ്ടിക്കുന്നത് ഒരു സ്കൂൾ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നും.
സംസ്ഥാനത്തിന്റെ പിന്നാക്ക മേഖലയിൽ 13 കിലോമീറ്റർ ചുറ്റുള്ളവിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വനിതകളുടെ ഉന്നമനത്തിലും വേണ്ടി പ്രവർത്തിക്കുന്ന ഏക സ്ഥാപനം കൂടിയാണ് രാജ്കുമാരി രത്നാവതി ഗേൾസ് സ്കൂൾ. മരുഭൂമിയിലെ ചൂടു കാറ്റും വെയിലും തടുക്കാൻ പറ്റുന്ന തരത്തിൽ ഓവൽ ആകൃതിയിലാണ് സ്കൂൾ പണിതിരിക്കുന്നത്. 50 ഡിഗ്രി സെൽസ്യസ് താപ നിലയിലും ഈ സ്കൂളിന്റെ അകത്ത് തണുപ്പായിരിക്കും.
ഈ സ്കൂളിലെ കുട്ടികൾ ധരിക്കുന്നത് പ്രമുഖ ഇന്ത്യൻ ഫാഷൻ ഡിസൈനർ സബ്സ്യാചി മുഖർജി ഡിസൈൻ ചെയ്ത യൂണിഫോമാണ്. രാജസ്ഥാനിലെ കോട്ടകൾ ഓർമിപ്പിക്കും സ്കൂളിന്റെ ഡിസൈൻ. റോസ് വുഡിൽ നിർമിച്ച ഫർണിച്ചറുകളാണ് സ്കൂളിൽ ഉപയോഗിച്ചിരിക്കുന്നത്. പരിസരത്ത് നിന്ന് തന്നെയാണ് സ്കൂളിന്റെ നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ കണ്ടെത്തിയത്.
സുസ്ഥിര ആർക്കിടെക്ചർ
ഓവൽ ആകൃതിയും സുസ്ഥിര ആർക്കിടെക്ചറുമാണ് ഈ സ്കൂളിന്റെ പ്രത്യേകത. ഓവൽ രൂപത്തിൽ പണിതതിനാൽ നട്ടുച്ചയ്ക്കും സ്കൂളിനകത്തെ കളിസ്ഥലങ്ങളിൽ തണലുണ്ടായിരിക്കും. മരങ്ങളില്ലെങ്കിൽ പോലും കുട്ടികൾക്ക് തണലിൽ നിന്ന് കളിക്കാൻ സാധിക്കും.
സ്കൂളിനകത്തേക്ക് കാറ്റും വെളിച്ചവും കിട്ടാൻ ഹവാ മഹലിലേതിന് സമാനമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മരുഭൂമിയിൽ നിന്നുള്ള ചൂടുകാറ്റ് സ്കൂളിനകത്തെത്തുമ്പോൾ തണുക്കാൻ ഓവൽ ആകൃതി സഹായിക്കും. 400 കുട്ടികൾ പഠിക്കുന്ന സ്കൂളിനകം വേനൽക്കാലത്തും കുളിർമയോടെ നിലനിൽക്കും. ലോകത്ത് തന്നെ ഇത്തരമൊരു ആർക്കിടെക്ചറുള്ള സ്കൂൾ ആദ്യമായിരിക്കും.
ഡയാന കെല്ലോഗ് ആർക്കിടെക്ടിലെ ഡയാന കെല്ലോഗ് ആണ് രാജ്കുമാരി രത്നാവതി സ്കൂൾ ഡിസൈൻ ചെയ്തിരിക്കുന്നത്. യുഎസ് എൻജിഒ ആയ സിഐടിടിഎയിൽ കമ്മിഷൻ ചെയ്ത സ്കൂളിൽ വനിതകൾ സ്വയം തൊഴിലും പഠിപ്പിക്കുന്നുണ്ട്.
സ്കൂളിൽ വൈദ്യുതി നൽകാൻ ഉപയോഗിച്ചിരിക്കുന്നത് ഹരിത ഊർജമാണ്. സൗരോർജ പാനലും വിൻഡ് ടർബൈനും ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ബാറ്ററി സ്റ്റോറേജ് സംവിധാനം ഉപയോഗിച്ച് വൈദ്യുതി ശേഖരിക്കുകയും ചെയ്യും. കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കാൻ ഇതുവഴി സാധിക്കും.