ഒറ്റചാർജിങ്ങിൽ 221 കിലോമീറ്റർ റേഞ്ച് നൽകുന്ന Mantis Electric സ്പോർട്സ് ബൈക്ക് വിപണിയിലെത്തിച്ച് ബംഗളുരു ബൊമ്മ സാന്ദ്ര ആസ്ഥാനമായ EV എനർജി സ്റ്റാർട്ട് അപ്പ് ഒർക്സ എനർജിസ്.
സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് Orxa Energies ന്റെ മാന്റിസ്. 182 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. 1.3 കിലോവാട്ട് മോട്ടറുമായി ഓൺലൈനിലൂടെ വില്പനക്കെത്തിയ മോഡലിന് 3.6 ലക്ഷം രൂപയാണ് വില.
സ്പോർട്ട് ലുക്കും, കരുത്തുറ്റ സ്പെക് ഷീറ്റുമാണ് വാഹനത്തിന്റെ ഹൈലൈറ്റ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിനാകും. വെറും 8.9 സെക്കൻഡിൽ വാഹനം 0- 100 വേഗം കൈവരിക്കും. 0- 20 കിലോമീറ്റർ കൈവരിക്കാൻ 2.7 സെക്കൻഡ് മതി. നഗരത്തിലെ തിരക്ക് കണക്കിലെടുത്താണ് വാഹനത്തിന്റെ നിർമ്മാണം. 8.9 കിലോവാട്ട് ബാറ്ററി വാഹനത്തിനു ഒറ്റചാർജിൽ 221 കിലോമീറ്റർ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയും സവിശേഷതകളും പ്രതിരോധ, എയ്റോസ്പേസ് മേഖലകളിൽ ഒർക്സ എനർജിസ് നടത്തിയ ഗവേഷണങ്ങളിൽ നിന്നാണ്.
ബംഗളൂരു ആസ്ഥാനമാക്കി 2015ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് ഒർക്സ. എട്ട് വർഷമായി ബൈക്കിന്റെ രൂപകൽപ്പനയും എൻജിനീയറിംഗും മികച്ചതാക്കാൻ കമ്പനി പരിശ്രമിക്കുകയായിരുന്നെന്ന് കമ്പനിയുടെ സഹസ്ഥാപകനായ ഡോ. പ്രജ്വല് സബ്നിസ് പറഞ്ഞു. വാഹനം രാജ്യത്തുടനീളം വിവിധ ടെറൈനുകളിൽ ഓടിച്ച് പരീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സമഗ്രമായ ഉപഭോക്തൃ ആനുകൂല്യങ്ങൾ നൽകുന്നതിനുമായി സ്പെയർ ഇറ്റ്, ബോൾട്ട്, നുനം എന്നിവരുമായി കമ്പനി ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.
നുനത്തിന്റെ ബാറ്ററി ബൈബാക്ക് സേവനത്തിലൂടെ ഒർക്സ ഉപയോക്താക്കൾക്ക് അവരുടെ പഴയ ബാറ്ററിയിൽ 40 ശതമാനം വരെ നേടാമെന്നാണ് ഉറപ്പ്. സ്പെയർ ഇറ്റ് അതിന്റെ വിപുലമായ സാന്നിധ്യത്തോടെ ഒർക്സ് ഉപയോക്താക്കൾക്ക് ഔദ്യോഗിക സേവന പങ്കാളിയാകുന്നു. ബോൾട്ടിന്റെ അതിവേഗ ചാർജിംഗ് സ്റ്റേഷൻ ശൃംഖല, മാന്റിസ് ഉടമകൾക്ക് തടസസമില്ലാത്ത ചാർജിംഗ് അനുഭവം ഉറപ്പാക്കും.
www.orxaenergies.com എന്ന വെബ്സൈറ്റ് വഴി ഇപ്പോൾ ഉപയോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. അടുത്ത വർഷം ഏപ്രിൽ മുതൽ ഇലക്ട്രിക് ബൈക്കിന്റെ വിതരണം ആരംഭിക്കും.
ഇന്ത്യയിൽ ആദ്യമായി സമ്പൂർണ കാസ്റ്റ് എയ്റോസ്പേസ് ഗ്രേഡ് ഓൾ അലൂമിനിയം ഫ്രെയിം ഉപയോഗിക്കുന്ന മോഡലാണ് മാന്റിസ്. ഡ്യുവൽ റിഡൻഡന്റ് തെർമൽ മാനേജ്മെന്റ് ഉള്ള അഡ്വാൻസ്ഡ് ബിഎംഎസ്, IP67 റേറ്റഡ് ബാറ്ററി കെയ്സ്, പൂർണ ഡിജിറ്റൽ ടിഎഫ്ടി ഡാഷ്ബോർഡ്, 180 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.
അൾട്രാവയലറ്റ് F77 ആയിരിക്കും സ്പോർട്ടിയർ പ്രീമിയം ഇലക്ട്രിക് ബൈക്ക് വിഭാഗത്തിൽ ഓർക്സ മാന്റിസിന്റെ പ്രധാന എതിരാളി. മാന്റിസ് ഇവിക്ക് 3.60 ലക്ഷം രൂപ മാത്രം വില വരുമ്പോൾ അൾട്രവയലറ്റ് F77-ന് 3.80 ലക്ഷം മുതൽ 5.60 ലക്ഷം രൂപ വരെയാണ് വിപണി വില.