ഇന്ത്യയിലെ മുൻനിര മിഡ് സൈസ് എസ്യുവികളോട് മത്സരിക്കാൻ തങ്ങളുടെ ഏറ്റവും സവിശേഷമായ കാർ എന്ന് വിശേഷിപ്പിക്കുന്ന ടാറ്റ കർവ്വ് കൂപ്പെ എസ്യുവി രംഗത്തിറക്കുകയാണ് ടാറ്റ മോട്ടോർസ്. 2024 ൽ ഇ.വി, പെട്രോൾ, CNG മോഡലുകളിൽ എത്തുന്ന TATA CURVV കൂപ്പെ ഡിസൈനിലും പവറിലും വേറിട്ടതാകും. ടാറ്റായുടെ വാഹന നിരയിൽ കർവിന്റെ സ്ഥാനം നെക്സോൺ സബ് കോംപാക്ട് എസ്യുവിക്കും ഹാരിയർ മിഡ് സൈസ് എസ്യുവിക്കും ഇടയിലായിരിക്കും എന്ന് സൂചനകൾ വന്നു കഴിഞ്ഞു.
ടാറ്റ കർവ്വ് എസ്യുവി 2024 ഏപ്രിലിൽ ഉൽപ്പാദനം ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. മെയ് മാസത്തോടെ കാർ ഇന്ത്യൻ വിപണിയിലെത്തും. ഈ എസ്യുവിയുടെ ഏകദേശം 48,000 യൂണിറ്റുകൾ പ്രതിവർഷം വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ എസ്യുവി മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള രഞ്ജൻഗാവ് പ്ലാന്റിലാവും നിർമ്മിക്കപ്പെടുക. ഏകദേശം 12,000 കർവ്വ് ഇവികൾ നിർമ്മിക്കാനാണ് കമ്പനി തുടക്കത്തിൽ ലക്ഷ്യമിടുന്നത്.
ശേഷിക്കുന്ന യൂണിറ്റുകൾ ICE,CNG മോഡലുകളായി വിപണിയിൽ എത്തും. വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, കൂടാതെ ഇന്ത്യയിലെ മറ്റ് മിഡ് സൈസ് എസ്യുവികൾ എന്നിവയ്ക്കൊപ്പമായിരിക്കും കർവ്വ് മത്സരിക്കുക.
നെക്സോൺ ഇവി ഫെയ്സ്ലിഫ്റ്റിലെ മീഡിയം റേഞ്ച് മോഡലും ലോംഗ് റേഞ്ച് മോഡലും പോലെ തന്നെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ പുതിയ കർവ്വ് ഇവി വിപണിയിലെത്തും. നിലവിൽ, നെക്സോൺ ഇവി MR വേരിയന്റിൽ 30 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്, അതേസമയം LR വേരിയന്റിൽ 40.5 kWh ബാറ്ററിയുമായിട്ടാണ് വരുന്നത്.
ഇതുകൂടാതെ, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിൽ നെക്സോൺ ഫെയ്സ്ലിഫ്റ്റിൽ നിന്ന് ഡീസൽ, പെട്രോൾ എഞ്ചിനുകളും ടാറ്റ കർവിലൂടെ കൊണ്ടുവന്നേക്കാം.
ഇവി മോഡലിന് പുറമേ പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ TGDi എൻജിൻ കർവ്വിൽ വന്നേക്കും. ഈ മോട്ടോർ ഏകദേശം 170 bhp മാക്സ് പവറും 280 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും. ടാറ്റ മോട്ടോർസിൽ നിന്നുള്ള പുതിയ ട്വിൻ സിലിണ്ടർ ടെക്നോളജി CNG ഘടിപ്പിച്ച കർവ്വ് കൂപ്പെ ടൈപ്പ് എസ്യുവി യും ടാറ്റ ഇതോടൊപ്പം വിപണിയിലെത്തിച്ചേക്കും.