സ്പാന്നർ തങ്ങളുടെ കൈയിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് കാസർഗോഡ് വെസ്റ്റ് എളേരിയിലെ മൂന്ന് സ്ത്രീകൾ. വെസ്റ്റ് എളേരി ഭീമനടി കാലിക്കടവിൽ സിഗ്നോറ എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ വനിതാ ടൂവീലർ വർക്ക് ഷോപ്പ് തുടങ്ങിയിരിക്കുകയാണ് മൂന്ന് വനിതകൾ.
എന്തിനും റെഡി
വണ്ടി നന്നാക്കാൻ സിഗ്നോറയിൽ കയറിച്ചെന്നാൽ കാണുക കൈയിൽ സ്പാന്നറും പതിമൂന്നേ പതിനാലും ഒമ്പതേ പത്തും പിടിച്ചു നിൽക്കുന്ന മൂന്ന് വനിതകളെ ആയിരിക്കും. വർക്ക് ഷോപ്പിൽ ആളില്ലേ എന്നു വിചാരിച്ച് തിരിച്ചിറങ്ങാൻ വരട്ടെ. ഈ സ്ത്രീകളാണ് ഇവിടത്തെ ജീവനക്കാർ, ഉടമകളും ഇവർ തന്നെ. ബിൻസി ജിജോ, ബിന്ദു ഡൊമനിക്, മേഴ്സി പി എന്നിവരാണ് വർക്ക്ഷാപ്പിന്റെ നടത്തിപ്പുകാരും ജീവനക്കാരും. സ്വയം സംരംഭത്തിൽ പുതുവഴി തെളിക്കുകയാണ് ഈ മൂന്ന് സ്ത്രീകൾ.
സിഗ്നോറയിൽ നന്നാക്കാൻ കൊണ്ടുവരുന്നത് ബൈക്കോ സ്കൂട്ടറോ എന്തുമായിക്കൊള്ളട്ടെ… പണി സർവീസോ ഓയിൽ ചെയ്ഞ്ചോ ഫിൽറ്റർ മാറ്റലോ ആയിക്കൊള്ളട്ടെ…എല്ലാത്തിനും ഇവർ റെഡിയാണ്. കാസർഗോട്ടെ പെണ്ണുങ്ങളെ കണ്ട്ക്കാ എന്ന് അറിയാതെ പറഞ്ഞ് പോകും ഇവരെ കണ്ടാൽ!
പേടി മാറി ആവേശമായി
വെറുതേ ഒരു ദിവസം ബിൻസിയും ബിന്ദുവും മേഴ്സിയും തുടങ്ങിയതല്ല സിഗ്നോറ എന്ന ടൂ വീലർ വർക്ക് ഷോപ്പ്. ഇരുചക്ര വാഹനങ്ങൾ നന്നാക്കുന്നതെങ്ങനെയെന്ന് കൃത്യമായി പഠിച്ചാണ് മൂവരും ചേർന്ന് വർക്ക് ഷോപ്പ് തുടങ്ങുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ ജോബ് കഫേയുടെഭാഗമായി ബ്ലോക്ക് തല സ്കിൽ ട്രെയിനിംഗിലാണ് ഇവർ പരിശീലനം നേടിയത്. കുടുംബശ്രീ ജോബ് കഫേയിൽ ഇരുചക്ര വാഹനങ്ങളെ കുറിച്ച് പഠിപ്പിച്ചത് ശ്രീനാഥ് മേലോത്ത് ആണ്. മൂന്ന് പഞ്ചായത്തിൽ നിന്നായി 22 പേരാണ് നൈപുണ്യ പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
സ്കൂട്ടറും മറ്റും ഓടിച്ച് മാത്രം പരിചയമുള്ള സ്ത്രീകൾ ക്ലാസിന്റെ ആദ്യ ദിനം ഒന്ന് പേടിച്ചു. ആദ്യ ദിവസത്തെ പേടി ആവേശമായി മാറി. പോകെ പോകെ കാര്യങ്ങൾ പഠിച്ചെടുത്തു. വർക്ക് ഷോപ്പ് ടൂളുകൾ കൈയിൽ വഴങ്ങി. 30 ദിവസത്തെ പരിശീലന പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ 22 സ്ത്രീകളും ഇരുചക്ര വാഹനങ്ങളിൽ എക്സ്പേർട്സായി.
ജോബ് കഫേയിലെ ക്ലാസുകളുടെ ബലത്തിലാണ് മൂന്ന് പേരും കൂടി സ്വന്തം വർക്ക് തുടങ്ങാൻ പദ്ധതിയിടുന്നത്. അതിനായി മൂവരും ചേർന്ന് 2 ലക്ഷം രൂപയും സമാഹരിച്ചു. നവംബറിൽ വർക്ക് ഷോപ്പ് തുടങ്ങുകയും ചെയ്തു. വർക്ക്ഷോപ്പിൽ ഇവരെ കൂടാതെ സഹായത്തിന് ഒരാളും കൂടിയുണ്ട്. മൂവരുടെയും ആഗ്രഹങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണയുമുണ്ട്. ഇവരെ കണ്ട് പരിശീലനത്തിൽ പങ്കെടുത്ത ബാക്കിയുള്ളവരും വർക്ക് ഷോപ്പ് തുടങ്ങാൻ തയ്യാറെടുക്കുകയാണെന്ന് ഇവർ പറയുന്നു.