ഇന്ധനം ലാഭിക്കാൻ പുതിയ Fuel-saving feature ഇന്ത്യയിൽ അവതരിപ്പിച്ചു Google Maps. ഇന്ധന ക്ഷമത ഉറപ്പു നൽകുന്ന റൂട്ടുകൾ തെരഞ്ഞെടുത്ത് ഉപഭോക്താവിന് നൽകുന്ന സംവിധാനമാണിത്. വ്യത്യസ്ത റൂട്ടുകൾ, എൻജിൻ ക്ഷമത, വാഹന ഘടന എന്നിവ തുടങ്ങിയവ വിലയിരുത്തിയാണ് Google Maps നിർദേശങ്ങൾ നൽകുക.
നിലവിൽ, ഗതാഗതകുരുക്ക് ഒഴിവാക്കി ഏറ്റവും വേഗത്തിൽ യാത്ര ചെയ്തെത്താൻ സാധിക്കുന്ന റൂട്ട് തെരഞ്ഞെടുത്തു നൽകുന്ന സംവിധാനമാണ് ഗൂഗിൾ മാപ്പിൽ. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഇന്ധനം ലാഭിക്കുന്ന റൂട്ടുകൾ തിരഞ്ഞെടുക്കുന്നതാണ് പുതിയ ഫീച്ചർ. വിവിധ പെട്രോൾ, ഇലക്ട്രിക്, ഡീസൽ വാഹനങ്ങൾ, ഡ്രൈവിങ് അന്തരീക്ഷം എന്നിവ വിലയിരുത്തി ഇന്ധനം ലാഭിച്ച് ഉപയോക്താവിന് നേട്ടം നൽകുന്ന പുതിയ സംവിധാനമാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
2022 സെപ്തംബറിൽ ആണ് ഗൂഗിൾ മാപ്സിൽ ഇന്ധനം ലാഭിക്കാൻ ആവശ്യമായ ഫീച്ചർ ലഭ്യമാക്കി തുടങ്ങിയത്. തുടക്കത്തിൽ യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ വാഹനത്തിന്റെ എൻജിൻ ടൈപ്പ്, യാത്ര ചെയ്യുന്ന ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത റൂട്ടുകൾ എന്നിവ വിലയിരുത്തിയാണ് ഏറ്റവും പരിസ്ഥിതി സൗഹാർദപരമായ റൂട്ട് സംബന്ധിച്ച നിർദേശങ്ങൾ ലഭിക്കുക. Fuel-saving feature മാപ്പിൽ ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൽ ലൈവ് ട്രാഫിക് അപ്ഡേറ്റുകൾ, റോഡ് സാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് ആപ്പ് നിർദേശങ്ങൾ നൽകുക. സ്പീഡ്, ഇന്ധന ഉപഭോഗം എന്നിവ കണക്കൂ കൂട്ടി ഏറ്റവും അനുയോജ്യമായ റൂട്ട് തെരഞ്ഞെടുത്ത് നിർദേശമായി ഉപയോക്താവിന് നൽകും. ഇന്ധനക്ഷമത ഏറ്റവും കൂടിയ മാർഗമേതെന്ന് ആപ്പ് ഹൈലൈറ്റ് ചെയ്യും.
ഈ ഫീച്ചർ ഡിസേബിൾ ചെയ്താൽ ഇന്ധനക്ഷമത ഒഴിവാക്കി വേഗത മാത്രം മാനദണ്ഡമാക്കിയുള്ള റൂട്ടുകൾ ആപ്പിൽ ലഭിക്കും. ഈ ഫീച്ചർ ഡിസേബിൾ ചെയ്യപ്പെടുമ്പോഴും എൻജിൻ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ധനക്ഷമതയുടെ കണക്കുകൾ ആപ്പിൽ ലഭിക്കും .
പുതിയ ഫീച്ചർ എങ്ങനെ സജ്ജമാക്കാം?
നിങ്ങളുടെ സ്മാർട്ഫോണിലെ അപ്ഡേറ്റ് ചെയ്ത ഗൂഗിൾ മാപ്സ് ആപ്പിൽ ഇക്കോ ഫ്രണ്ട്ലി റൂട്ടിങ് സജ്ജമാക്കുന്നതിനായി Prefer fuel-efficient routes എന്നതിൽ ടാപ് ചെയ്യുക. എന്നിട്ട് നിങ്ങളുടെ വാഹനത്തിന്റെ എൻജിൻ ടൈപ്പ് തെരഞ്ഞെടുക്കുക. അങ്ങനെ ഫീച്ചർ എനേബിൾ ചെയ്യാം.
എന്നിട്ട് യാത്ര വേളയിൽ നിങ്ങൾക്ക് എത്തേണ്ട സ്ഥലം സേർച്ച് ചെയ്യുകയോ, മാപ്പിൽ ടാപ് ചെയ്തു നൽകുകയോ ചെയ്യുക. നിങ്ങളുടെ വാഹനത്തിന്റെ പെട്രോൾ/ഡീസൽ/ഹൈബ്രിഡ്/ഇലക്ട്രിക് എന്നിങ്ങനെയുള്ളതിൽ യോജിച്ച എൻജിൻ ടൈപ്പ് തെരഞ്ഞെടുക്കുക. ഇനി മുതൽ ഗൂഗിൾ മാപ്സ് നിങ്ങൾക്ക് വേഗതയേറിയ റൂട്ടിന് പകരം ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹാർദവുമായ റൂട്ടുകൾ തിരഞ്ഞെടുത്തു നൽകും. ഒരു എൻജിൻ ടൈപ്പും തെരഞ്ഞെടുത്തില്ലെങ്കിൽ പെട്രോൾ ഡിഫോൾട്ട് എൻജിൻ ടൈപ്പായി കണക്കാക്കപ്പെടും.