റോഡിൽ സ്റ്റണ്ട് ബൈക്കിംഗ് പോലുള്ള സാഹസിക അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ ദുബായ് പൊലീസ്. റോഡിൽ വാഹനങ്ങളുടെ അമിത വേഗതയും സ്റ്റണ്ട് ബൈക്കിംഗും കാരണം അപകടങ്ങൾ പതിവായതോടെയാണ് ദുബായ് പൊലീസ് നിലപാട് കടുപ്പിച്ചത്.
അൽ റുവായിൽ നടന്ന സ്റ്റണ്ട് ബൈക്കിംഗിൽ കഴിഞ്ഞ ദിവസം 5 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 18നും 20നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. അൽ ഖവനീജിൽ അമിത വേഗയിൽ വന്ന സ്പോർട്സ് കാർ മറിഞ്ഞ് രണ്ട് പേർ മരിച്ചു.
നിയന്ത്രിത ചുറ്റുപാടിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് സ്റ്റണ്ട് ബൈക്കിംഗ് പോലുള്ള സാഹസിക പ്രകടനങ്ങൾ നടത്താറുള്ളത്. എന്നാൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റീലുകൾ ചെയ്യുന്നതിന് വേണ്ടി റോഡിൽ സ്റ്റണ്ട് ബൈക്കിംഗ് ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. ബൈക്കുകൾക്ക് പുറമേ സ്പോർട്സ് കാറിലും ബൈക്ക് സ്റ്റണ്ട് ചെയ്യാറുണ്ട്. ദുബായിൽ റോഡിലും മരുഭൂമിയിലും ചെറുപ്പക്കാർ സ്റ്റണ്ട് ബൈക്കിംഗ് നടത്താറുണ്ട്.
സ്കൂൾ, കോളേജ് പാഠ്യപദ്ധതിയിലും മറ്റും സുരക്ഷിത ഡ്രൈവിംഗിനെ കുറിച്ച് ഉൾപ്പെടുത്തണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. അമിത വേഗതയും അതുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചും ചെറുപ്പക്കാർക്കും കുട്ടികൾക്കും ബോധവത്കരണം നൽകണം. നിലവിൽ റോഡിലെ ഇത്തരം അഭ്യാസ പ്രകടനങ്ങൾക്ക് പിഴയീടാക്കുന്നുണ്ട്. ശിക്ഷ കൂടുതൽ കടുപ്പിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.