ഹോട്ടൽ, റസ്റ്ററന്റ്, വൈൻ ആൻഡ് ഡൈൻ സൗകര്യമുള്ള ക്ലബ്ബുകളിലും മദ്യം വിളമ്പാൻ മദ്യനയത്തിൽ മാറ്റം കൊണ്ടുവന്ന് ഗുജറാത്ത് സർക്കാർ. മഹാത്മാ ഗാന്ധിയുടെ ജന്മദേശമായ ഗുജറാത്തിൽ വർഷങ്ങളായി മദ്യത്തിന് നിയന്ത്രണമുണ്ട്. ഡ്രൈ സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റി (ഗിഫ്റ്റ് സിറ്റി)യിലാണ് പുതുക്കിയ മദ്യനയം നടപ്പാക്കുക.

ഇതോടെ ഗിഫ്റ്റി സിറ്റിയിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മദ്യം സുലഭമായി ലഭിക്കും. ഗിഫ്റ്റ് സിറ്റിയിലെ കമ്പനികളിലേക്ക് വരുന്ന ഔദ്യോഗിക സന്ദർശകർക്കും മദ്യം കഴിക്കാൻ നിയമത്തിൽ താത്കാലികമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്ഥിരം ജീവനക്കാരുടെ കൂടെ വരണമെന്ന് മാത്രം. ഗിഫ്റ്റ് സിറ്റിയിൽ എഫ്എൽ3 ലൈസൻസുള്ള ഹോട്ടലുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലാണ് മദ്യം വിളമ്പാൻ അനുമതിയുള്ളത്. അതേസമയം കുപ്പികളിൽ മദ്യം വിൽക്കുന്നത് സർക്കാർ വിലക്കിയിട്ടുണ്ട്.
വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഗിഫ്റ്റ് സിറ്റിയിൽ മദ്യം വിളമ്പാൻ അനുമതി നൽകുന്നത്. ആഗോള സാമ്പത്തിക-സാങ്കേതിക വിദ്യാ ഹബ്ബായി വളർന്നുകൊണ്ടിരിക്കുന്ന ഗിഫ്റ്റ് സിറ്റിയിൽ 23 അന്താരാഷ്ട്ര ബാങ്കുകൾ, 35 ഫിൻടെക്ക് കമ്പനികൾ, ശരാശരി ട്രേഡിംഗ് വോള്യം 30.6 ബില്യൺ ഡോളറുള്ള രണ്ട് ഇന്റർനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ പ്രവർത്തിക്കുന്നുണ്ട്. സുസ്ഥിര വികസന കേന്ദ്രമായി ഗിഫ്റ്റ് സിറ്റിയെ മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.