സഹകരണ മേഖലയിൽ വർധിച്ചു വരുന്ന ക്രമക്കേട് തടയാൻ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ നടത്തിയ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന ഓഡിറ്റ് ഡയറക്ടറുടെ നിർദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചു. 5 കോടി രൂപയാണ് ഇതിന്റെ അടിസ്ഥാന സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്.
കരവന്നൂർ സഹകരണ ബാങ്ക്, കണ്ടല സഹകരണ ബാങ്ക് തുടങ്ങി സഹകരണ മേഖലയിലെ ക്രമക്കേടുകൾ സർക്കാരിനെ പിടിച്ചുലച്ചതോടെയാണ് തീരുമാനം. ടീം ഓഡിറ്റ് നടപ്പാക്കുന്നതോടെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീം ഓഡിറ്റിൽ ഒരു ഓഡിറ്റർക്കു പകരം ഓഡിറ്റർമാരുടെ സംഘമായിരിക്കുമുണ്ടായിരിക്കുക. സഹകരണ സംഘങ്ങളിൽ സ്ഥിരമായി ഒരേ ഓഡിറ്റർ തന്നെ ഓഡിറ്റ് ചെയ്യുമ്പോൾ ക്രമക്കേടുകളിലേക്ക് നയിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ടീം ഓഡിറ്റ് പരീക്ഷിച്ചത്.
100 കോടി വരെ പ്രവർത്തന മൂലധനമുള്ള സഹകരണ സംഘങ്ങളിൽ സ്പെഷൽ ഗ്രേഡ്/ സീനിയർ ഓഡിറ്റർമാരും 100-500 കോടിക്കും ഇടയിൽ പ്രവർത്തന മൂലധനമുള്ള സഹകരണസംഘങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർമാരുമായിരിക്കും ഓഡിറ്റിന് നേതൃത്വം നൽകുക. ലീഡറടക്കം 3 ഓഡിറ്റർമാരാണ് ഓഡിറ്റിംഗ് സംഘത്തിലുണ്ടാകുക. പരീക്ഷണാടിസ്ഥാനത്തിൽ പത്തനംതിട്ടയിലും തൃശ്ശൂരിലും നടപ്പാക്കി പദ്ധതി വിജയിച്ചു എന്നാണ് സഹകരണ വകുപ്പ് പറയുന്നത്. അതേസമയം ആവശ്യത്തിന് ഓഡിറ്റർമാരില്ലാതെ ടീം ഓഡിറ്റും മറ്റും നടത്താനുള്ള തീരുമാനം ഫലവത്താകില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.