കൊപ്രയുടെ താങ്ങുവില അടുത്ത സീസണിൽ വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ക്വിന്റലിന് 250-300 രൂപ താങ്ങുവില വർധിപ്പിക്കാനാണ് തീരുമാനം. മിൽകൊപ്ര ക്വിന്റലിന് 300 കൂട്ടി 11,160 രൂപയും ഉണ്ട കൊപ്ര ക്വിന്റലിന് 250 രൂപ കൂട്ടി 12,000 രൂപയുമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സാമ്പത്തിക കാര്യ മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
ഉത്പാദനച്ചെലവ് കണക്കാക്കുമ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് മിൽ കൊപ്രയ്ക്ക് 51.8%, ഉണ്ടകൊപ്രയ്ക്ക് 63.2% വരുമാന വർധനവ് ലഭിക്കാൻ ഇത് സഹായിക്കും.
1493 കോടി രൂപ ചെലവിൽ നടപ്പു കാലയളവിൽ 1.33 ലക്ഷം ടൺ കൊപ്രയാണ് സർക്കാർ സംഭരിച്ചത്. കഴിഞ്ഞ സീസണിലും കൊപ്ര സംഭരണം റെക്കോർഡിലെത്തിയിരുന്നു. ആഗോളതലത്തിൽ കൊപ്ര വില ഇടിവ് നേരിടുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ രാജ്യത്ത് കൊപ്ര വില കൂട്ടാൻ തീരുമാനിക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. 2014-15 വർഷത്തെ കൊപ്ര വിലയുമായി തട്ടിച്ചു നോക്കുമ്പോൾ മിൽ കൊപ്രയ്ക്ക് 113%, ഉണ്ടകൊപ്രയ്ക്ക് 118% വില വർധനവുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി.
നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്) എന്നിവർ തുടർന്നും നോഡൽ ഏജൻസികളായി പ്രവർത്തിക്കും.
കൊപ്രയുടെ താങ്ങുവലി വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം കേരളത്തിലെ കർഷകർക്ക് ആശ്വാസമാകും. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും കൊപ്രയ്ക്ക് താങ്ങുവില വർധിപ്പിക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.