ജനുവരി 1 മുതൽ നിശബ്ദമാകാനൊരുങ്ങി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കാനും ബഹളമില്ലാത്ത സമാധനമായ യാത്രസൗകര്യം ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. എന്നാൽ സുപ്രധാന വിവരങ്ങളെല്ലാം യാത്രക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് വിമാനത്താവളം ഉറപ്പാക്കും.
ലഖ്നൗ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ കൂട്ടത്തിലേക്ക് ഇനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമുണ്ടാകും. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടാം.
ടെർമിനൽ-1, ടെർമിനൽ-2 എന്നിവിടങ്ങളിലെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സ്ക്രീനുകളിൽ ഫ്ലൈറ്റ് വിവരങ്ങൾ പ്രദർശിപ്പിക്കും. അതിനാൽ സുപ്രധാന വിവരങ്ങൾ യാത്രക്കാർ അറിയാതെ പോകില്ല. ബോർഡിംഗ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിംഗ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരിക്കും അനൗൺസ് ചെയ്യുകയെന്ന് വിമാനത്താവളവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
അടിയന്തരഘട്ടങ്ങളിലും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും പതിവ് പോലെ പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെ അനൗൺസ് ചെയ്യും. ഇതുമായി ബന്ധപ്പെട്ട അവബോധ കാമ്പയിൻ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കാനും അധികൃതർ തീരുമാനിച്ചു.