ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ദീപികാ പദുകോണിനെ പ്രഖ്യാപിച്ചു. കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായിയുടെ വാഹനങ്ങൾക്ക് സ്റ്റാർ പവർ നൽകാൻ താരത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റൈൽ, പ്രകടനം, ഉപഭോക്താക്കൾക്ക് മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഹ്യൂണ്ടായ് പറഞ്ഞു. ആഗോള ഐക്കണായ ദീപികാ പദുകോണിനെ ബ്രാൻഡ് അംബാസിഡറായി ലഭിച്ചതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് കമ്പനി പറഞ്ഞു. ഹ്യൂണ്ടായിയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് ഇന്ത്യ.
താര ബ്രാൻഡ്
ഡൈനാമിക് ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയെ പ്രതിനീധികരിക്കാൻ ഏറ്റവും അനുയോജ്യമായ താരമാണ് ദീപികാ പദുകോണെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ സിഒഒ തരുൺ ഗാംഗ് പറഞ്ഞു. ഇന്ത്യയിലെ യുവജനങ്ങൾക്കിടയിലെ താരത്തിന്റെ സ്വാധീനം കമ്പനിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.
ഷാരൂഖ് ഖാനും ഹാർദിക് പാണ്ഡ്യയും ഹ്യൂണ്ടായുടെ ബ്രാൻഡ് അംബാസിഡർമാരായിട്ടുണ്ട്.
കഴിഞ്ഞ 25 വർഷം ഷാരൂഖ് ഖാൻ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു. പുതുതായി ലോഞ്ച് ചെയ്ത എക്സ്റ്റർ എസ്യുവി (Exter SUV)യുടെ ബ്രാൻഡ് അംബാസിഡറായാണ് ഹാർദിക് പാണ്ഡ്യ എത്തിയത്.
നവംബറിൽ മാത്രം രാജ്യത്ത് 49,451 യൂണിറ്റ് വാഹനങ്ങളാണ് ഹ്യൂണ്ടായ് ഇന്ത്യ വിൽപ്പന നടത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 3% വളർച്ച കൈവരിക്കാനും സാധിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രാദേശിക വിപണിയിൽ 6 ലക്ഷം വാഹനങ്ങളാണ് ഹ്യൂണ്ടായ് വിൽപ്പന നടത്തിയത്.