ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) വിജയകരമായി പ്രവർത്തിച്ചു തുടങ്ങി. സെപയുടെ ബലത്തിൽ ഇന്ത്യയും യുഎഇ യും തമ്മിലുള്ള വാണിജ്യ, വാങ്ങൽ, നിക്ഷേപ ഇടപാടുകൾ കൂടുതൽ ശക്തമാകുകയാണ്.
യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതിനിരക്കില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഇനി മുതൽ ഇന്ത്യൻ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം ഇതാദ്യമായി ഇന്ത്യ യു.എസ് ഡോളറിന് പകരം രൂപ നല്കി യു.എ.ഇയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു തുടങ്ങി. സെപ കരാറിലെ ഇളവുകൾ പ്രകാരം ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളിലേക്ക് 16,700 കോടി രൂപ നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ യു.എ.ഇയും ആരംഭിച്ച് കഴിഞ്ഞു. അങ്ങനെ 2023 ജൂൺ 12 ന് ഒപ്പു വച്ച സെപ India-UAE Comprehensive Economic Partnership Agreement കരാറിൽ ഇന്ത്യയും യു എ ഇ യും തിളങ്ങുകയാണ്.
ഇന്ത്യയിലേക്ക് കുറഞ്ഞ നികുതി നിരക്കിൽ യു എ ഇ സ്വർണമെത്തുന്നു
2023ൽ 13 തവണയാണ് ഇന്ത്യയിൽ സ്വർണവില റെക്കോഡിട്ടത്. ജനുവരി 24നായിരുന്നു ആദ്യമായി ഈ വർഷം സ്വർണവില റെക്കോഡിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയായും പവന്റേത് 42,000 രൂപയായും ഉയർന്നു. പിന്നീട് 12 തവണ കൂടി സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി.ഇതോടെയാണ് യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതിനിരക്കില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്കു കൂടി കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) പ്രകാരമാണ് ഇളവ്. കഴിഞ്ഞ വർഷം ആദ്യം യോഗ്യതയുള്ള ഇന്ത്യൻ കമ്പനികൾക്കും ഇത്തരത്തിൽ നികുതി നിലവിൽ സ്വർണം ഇറക്കുമതി ചെയ്യുവാൻ ഇന്ത്യയും യു എ ഇ യും അനുമതി നൽകിയിരുന്നു.
യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ നേരത്തേ 15 ശതമാനമായിരുന്നു ഇറക്കുമതി നികുതി. യോഗ്യരായ ജുവലറികള്‍ക്ക് പുറമേ ഇനി യോഗ്യരായ ബാങ്കുകള്‍ക്കും ഒരു ശതമാനം ഇളവോടെ 14 ശതമാനം ഇറക്കുമതി ചുങ്കം നല്കി സ്വര്‍ണം ഇറക്കുമതി ചെയ്യാം.
ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ള്യന്‍ എക്സ്ചേഞ്ച് (IIBX) വഴി യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതി നിരക്കില്‍ ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ യോഗ്യരായ കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡില്‍ നിന്ന് താരിഫ് റേറ്റ് ക്വോട്ട (TRQ) ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സാണ്.
കേന്ദ്രം കമ്പനികൾക്ക് നൽകിയ അനുമതി പ്രകാരം 2022-23ല്‍ 120 ടൺ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
ടി.ആര്.ക്യു പ്രകാരം നടപ്പുവര്‍ഷം (2023-24) ബാങ്കുകൾക്കും, കമ്പനികൾക്കും ആകെ 140 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാവുക. അഞ്ചുവര്‍ഷം കൊണ്ട് ഇത് 200 ടണ്ണിലേക്കും ഉയര്‍ത്തും. ഇന്ത്യയില്‍ ആഭരണ നിര്‍മ്മാണവും തുടര്‍ന്ന് അവയുടെ കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രം ഇളവ് നല്‍കുന്നത്.
സെപയിൽ കൂടുതൽ ശക്തരായി ഇന്ത്യയും യു.എ.ഇയും
ലോകത്ത് സ്വര്‍ണ ഇറക്കുമതിയിലും ഉപഭോഗത്തിലും ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്ന് കൂടിയാണ് യു.എ.ഇ. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ യു.എ.ഇയിലേക്ക് ഇന്ത്യ 1,808 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി ഇക്കാലയളവില്‍ 2,490 കോടി ഡോളറാണ്.
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്നത്. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ 1,200 കോടി ഡോളറിന്റെ സ്വര്‍ണം ആണ് വിവിധ രാജ്യങ്ങൾക്കായി സ്വിറ്റ്സർലൻഡ് കയറ്റുമതി നടത്തിയത്. 390 കോടി ഡോളറിന്റെ സ്വർണം കയറ്റുമതി ചെയ്ത യു.എ.ഇയാണ് രണ്ടാംസ്ഥാനത്ത്.
ഇന്ത്യയിലെ ഫുഡ് പാർക്കുകളിൽ നിക്ഷേപത്തിന് യു എ ഇ
ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളിലേക്ക് 200 കോടി ഡോളര്‍ (16,700 കോടി രൂപ) നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ യു.എ.ഇ ആരംഭിച്ച് കഴിഞ്ഞു. മിഡില്‍ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാര്‍ക്കുകള്‍ വികസിപ്പിക്കുന്നത്.
ഇന്ത്യ, ഇസ്രായേല്‍, യു.എ.ഇ, യു.എസ്.എ എന്നീ നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ I2U2ന് കീഴിലാണ് സംയോജിത നിക്ഷേപം നടത്തുന്നത്.
SEPA കരാറിന് കീഴിൽ അവശ്യ ചരക്കുകളുടെ നിയമ പ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യയും യു.എ.ഇയും പരിഹരിച്ചതിന് പിന്നാലെയാണ് ഈ നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
ഫുഡ് പാര്‍ക്കുകളില്‍ ഭക്ഷണം പ്രോസസ്സ് ചെയ്യുകയും അവ നിക്ഷേപക രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യും. കയറ്റുമതിക്കുള്ള ഈ ചരക്കുകള്‍ക്ക് മേല്‍ അവശ്യ ചരക്കുകളുടെ നിയമ പ്രകാരം ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
പദ്ധതി പ്രകാരമുള്ള ആദ്യ ഫുഡ് പാര്‍ക്ക് ഗുജറാത്തിലെ കണ്ട്ലയ്ക്ക് സമീപം സ്ഥാപിക്കാനുള്ള ചർച്ചകൾക്കും തുടക്കമിട്ടു കഴിഞ്ഞു. നിക്ഷേപകർ ഗുജറാത്തിൽ വിവിധ ഭക്ഷ്യ ധാന്യങ്ങൾ അടക്കം കൃഷി ചെയ്തു വിളവെടുത്തു ഭക്ഷ്യ ഉത്പന്നങ്ങൾ തയ്യാറാക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കൃഷിക്കും മറ്റുമായി നിക്ഷേപകര്‍ പ്രദേശവാസികളുമായി കരാറില്‍ ഏര്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ക്കായി യു.എ.ഇ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്. ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളില്‍ നിക്ഷേപം നടത്തുമെന്ന് 2018ലാണ് യു.എ.ഇ ആദ്യം വാഗ്ദാനം ചെയ്തത്.
ഇനി എണ്ണ വാങ്ങൽ ഇന്ത്യൻ രൂപയിൽ മാത്രം
India-UAE Comprehensive Economic Partnership Agreement ഒപ്പു വച്ചതിന്റെ ഗുണം ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്കും ലഭിക്കുകയാണ്. ഇന്ത്യൻ രൂപയെ അന്തര്‍ദേശീയവത്കരിക്കുന്നതിന്റെ ഭാഗമായി യു.എസ് ഡോളറിന് പകരം രൂപ നല്കി യു.എ.ഇയില്‍ നിന്ന് ഇന്ത്യ ആദ്യമായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു തുടങ്ങി.
ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് രൂപയില്‍ പണമടയ്ക്കാനും കയറ്റുമതിക്കാര്‍ക്ക് പ്രാദേശിക കറന്‍സിയില്‍ പേയ്മെന്റുകള്‍ സ്വീകരിക്കാനും 2022 ജൂലൈ 11ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. പിന്നാലെ 2023 ജൂലൈയില്‍ സെപ കരാറിന് അനുബന്ധമായി ഇന്ത്യ യു.എ.ഇയുമായി കരാര്‍ ഒപ്പുവച്ചു.
ഇതിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ രൂപയില്‍ 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ പണം നല്‍കുന്നത്. നേരത്തേ ചില റഷ്യന്‍ എണ്ണക്കമ്പനികളുമായും ഇന്ത്യ രൂപയില്‍ ഇടപാട് നടത്തിയിരുന്നു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിനായി തന്നെ സൗദി അറേബ്യയുമായും സമാനമായ കരാറിലെത്തിയിരുന്നു.