65-ാം വയസ്സിൽ, ഒപ്പമുള്ള മിക്കവരും സജീവ ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ചപ്പോൾ ഇവിടെ ഒരു മനുഷ്യൻ ആ പ്രായത്തിൽ തുടങ്ങിയതേ ഉള്ളൂ തന്റെ സംരംഭം. വറുത്ത ചിക്കനിൽ നിന്ന് ഒരു ആഗോള സാമ്രാജ്യം കെട്ടിപ്പടുത്ത കേണൽ ഡേവിഡ് ഹർലാൻഡ് സാൻഡേഴ്സ് , അന്ന് വയസ്സ് 65. അദ്ദേഹം ലോകത്തിനു മുന്നിൽ കാഴ്ച വച്ച തന്റെ സംരംഭമാണ് ഇന്ന് ലോകമെമ്പാടും പേരെടുത്ത KFC
കേണൽ ഹർലാൻഡ് സാൻഡേഴ്സിന്റെ കഥ ശരിക്കും അതിശയിപ്പിക്കുന്നതാണ്. സംരംഭങ്ങൾക്ക് ഈ കഥ പ്രചോദനാത്മകമാണ്, കാരണം കഠിനാധ്വാനത്തോടൊപ്പം സ്ഥിരോത്സാഹവും അർപ്പണബോധവും അഭിലാഷവും എങ്ങനെ വിജയം സൃഷ്ടിക്കും എന്നതിന്റെ ഉദാഹരണമാണിത്. തന്റെ വാർധക്യത്തിൽ പേറ്റന്റെഡ് കെന്റക്കി ഫ്രൈഡ് ചിക്കൻ വിപണനം ചെയ്തുകൊണ്ട് ലോകമറിയുന്ന വ്യക്തിയായി അദ്ദേഹം മാറി.
ആദ്യകാല ജീവിതം ഇങ്ങനെ
സ്റ്റീം എഞ്ചിൻ സ്റ്റോക്കർ, ഇൻഷുറൻസ് സെയിൽസ്മാൻ, ഫില്ലിംഗ് സ്റ്റേഷൻ ഓപ്പറേറ്റർ തുടങ്ങി നിരവധി ജോലികൾ സാൻഡേഴ്സ് തന്റെ ആദ്യകാലങ്ങളിൽ ചെയ്തു. അമേരിക്കയെ തകർത്ത മാന്ദ്യകാലത്ത് കെന്റക്കിയിലെ നോർത്ത് കോർബിനിലുള്ള തന്റെ റെസ്റ്റോറന്റിൽ അദ്ദേഹം ഒരു പ്രത്യേക തരം വറുത്ത ചിക്കൻ വിൽക്കാൻ തുടങ്ങി. അതിനുണ്ടായിരുന്നു ഏറെ ആരാധകർ.
വർഷങ്ങളോളം ഒരു റെസ്റ്റോറന്റ് നടത്തിയ കേണൽ ഹർലാൻഡ് സാൻഡേഴ്സ് അറുപത്തിയഞ്ചാം വയസ്സിലെത്തിയപ്പോൾ പക്ഷെ ജീവിക്കാൻ പണമൊന്നുമില്ലാതെ നട്ടം തിരിഞ്ഞ അവസ്ഥയിലെത്തിയിരുന്നു. ഗത്യന്തരമില്ലാതെ പ്രാദേശിക അധികൃതരോട് താൻ വിരമിക്കുന്നതായി അറിയിച്ച അദ്ദേഹം 105 ഡോളറിന്റെ തന്റെ ആദ്യത്തെ സാമൂഹിക സുരക്ഷാ ചെക്ക് സ്വീകരിച്ചു .
ഒരു മികച്ച വറുത്ത ചിക്കൻ പാചകക്കുറിപ്പ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. റെസ്റ്റാറ്റാന്റിൽ കേണൽ സാൻഡേഴ്സ് തയാറാക്കിയിരുന്ന വറുത്ത ചിക്കൻ ഏറെ പേർക്കും ഇഷ്ടവുമായിരുന്നു. കേണൽ സാൻഡേഴ്സ് തന്റെ പ്രദേശത്തുടനീളമുള്ള വീടുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും നേരിട്ട് ചെന്ന് തന്റെ ചിക്കൻ റെസിപ്പി പ്രൊമോട്ട് ചെയ്യാൻ ശ്രമിച്ചു.
വിവിധ റെസ്റ്റോറന്റുകളിലേക്ക് നേരിട്ട് ചെന്ന അദ്ദേഹം റസ്റ്റോറന്റ് ഉടമകൾക്ക് തൻറെ വറുത്ത ചിക്കൻ അവിടെത്തന്നെ പാകം ചെയ്തു നൽകി .ആദ്യമൊക്കെ രുചിയുടെ ആരാധകരെ തേടി കണ്ടെത്താൻ അദ്ദേഹം ഏറെ പാടുപെട്ടു.
വറുത്ത ചിക്കനും റെസിപ്പിക്കും പേറ്റന്റ്
സാൻഡേഴ്സ് തന്റെ “രഹസ്യ പാചകക്കുറിപ്പും” പ്രഷർ ഫ്രയറിൽ ചിക്കൻ പാകം ചെയ്യുന്നതിനുള്ള പേറ്റന്റ് രീതിയും വികസിപ്പിച്ചെടുത്തു. റസ്റ്റോറന്റ് ഫ്രാഞ്ചൈസിംഗ് ആശയത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ അദ്ദേഹം 1952-ൽ യൂട്ടയിലെ സൗത്ത് സാൾട്ട് ലേക്ക് എന്ന സ്ഥലത്ത് ആദ്യത്തെ കെഎഫ്സി ഫ്രാഞ്ചൈസി ആരംഭിച്ചു. രാജ്യത്തുടനീളം തന്റെ ഫ്രൈഡ് ചിക്കൻ ഫ്രാഞ്ചൈസിക്കായി അദ്ദേഹം മുഴുവൻ സമയവും സമർപ്പിച്ചു.
പിനീട് അങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കെന്റക്കി ഫ്രൈഡ് ചിക്കന് അത്ര കണ്ടു അമേരിക്കയിൽ ആരാധകരുണ്ടായി. അമേരിക്കയിലെ ചിക്കൻറെ പര്യായം തന്നെ KFC എന്നായി മാറി. പിന്നെ സാവധാനം രാജ്യത്തിന് പുറത്തേക്കു തന്റെ ഫ്രാഞ്ചൈസികൾ വ്യാപിപ്പിച്ചു. ഫ്രാഞ്ചൈസികൾക്ക് തന്റെ റെസിപി പ്രകാരമുള്ള മസാലക്കൂട്ടുകൾ അദ്ദേഹം നേരിട്ടു വിതരണം ചെയ്തു. അതുപയോഗിക്കുന്ന KFC ചിക്കന് ലോകമെമ്പാടും ഒരു രുചിയായി.
1964 ആയപ്പോഴേക്കും തന്റെ 73 ആം വയസ്സിൽ കേണൽ സാൻഡേഴ്സിന് 600 KFC ഫ്രാഞ്ചൈസികൾ ഉണ്ടായിരുന്നു,
യുഎസിലും വിദേശത്തുടനീളമുള്ള കമ്പനിയുടെ വിപുലീകരണം സാൻഡേഴ്സിനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്നതായി മാറി. ജോൺ വൈ. ബ്രൗൺ ജൂനിയറിന്റെയും ജാക്ക് സി. മാസിയുടെയും നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകർക്ക് അദ്ദേഹം കമ്പനി 2 മില്യൺ ഡോളറിന് (ഇന്ന് 18.9 ദശലക്ഷം ഡോളർ) വിറ്റു. എന്നിരുന്നാലും, കാനഡയിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണം അദ്ദേഹം നിലനിർത്തി, കെന്റക്കി ഫ്രൈഡ് ചിക്കന്റെ ശമ്പളമുള്ള ബ്രാൻഡ് അംബാസഡറായി.
കേണൽ ഹർലാൻഡ് സാന്ഡേഴ്സ് 1980 ൽ ലോകത്തോട് വിട പറഞ്ഞു.അദ്ദേഹം സംരംഭകരോട് പറയുന്ന മന്ത്രം ഇതാണ്- “വിശ്വസിക്കുക, സ്വപ്നം കാണുക, ശ്രമിക്കുക, വിജയിക്കുക, പ്രായം തടസ്സമല്ല!”