രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളോട് കിട്ടാക്കടവും, മനഃപൂർവം വായ്പക്കാർ വരുത്തുന്ന കുടിശ്ശികയും കർശനമായി പിരിച്ചെടുക്കാൻ നിർദേശിച്ചു ധനമന്ത്രാലയം. തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ ഏതൊക്കെയെന്നു വായ്പ അനുവദിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിയണം. തട്ടിപ്പുകൾക്കും മനഃപൂർവമുള്ള കിട്ടാക്കടങ്ങൾക്കും എതിരെ ജാഗ്രത കർശനമാക്കാൻ പൊതുമേഖലാ ബാങ്കുകളോട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു.
ധനമന്ത്രിയുടെ നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന പൊതുമേഖലാ ബാങ്കുകൾ പങ്കെടുത്ത യോഗത്തിൽ, നടക്കാനിടയുള്ള സാമ്പത്തിക തട്ടിപ്പുകൾ പരിശോധിക്കുന്നതിന് ഇടപാടുകാർ നൽകുന്ന രേഖകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബാങ്കുകളോട് ധനമന്ത്രി ആവശ്യപ്പെട്ടു. കുടിശ്ശികയുണ്ടെന്നു കണ്ടെത്തിയ അക്കൗണ്ടുകളിൽ നിന്ന് കിട്ടാക്കടം വീണ്ടെടുക്കാൻ കൂടുതൽ ശ്രമം നടത്താൻ നിർദേശം നൽകുകയും ചെയ്തു.
ഏതൊക്കെ അക്കൗണ്ടുകൾ തട്ടിപ്പാണെന്ന് യഥാസമയം തിരിച്ചറിയുന്നതിനും തുടർന്നുള്ള അന്വേഷണത്തിനും മടി കാട്ടരുതെന്നു ധനമന്ത്രി ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
വൻകിട കോർപ്പറേറ്റ് വഞ്ചനകൾ, മനഃപൂർവമായ ബാങ്കിങ് ക്രമക്കേടുകൾ, ബാങ്കിങ് ജീവനക്കാരുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കളെ കബളിപ്പിക്കുന്ന നടപടികൾ എന്നിവ തടയുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു.
പൊതുമേഖലാ ബാങ്കുകളോട് റിസർവ് ബാങ്ക് മാനദണ്ഡങ്ങളിൽ ഉറച്ചു നില്ക്കുന്ന ഉത്തരവാദിത്വത്തോടെയുള്ള വായ്പാ രീതികൾ പിന്തുടരാൻ മന്ത്രി അഭ്യർത്ഥിച്ചു.
വായ്പാ വിതരണത്തിന് മുമ്പ് ജാഗ്രത വർദ്ധിപ്പിക്കാനും വലിയ വായ്പാ അക്കൗണ്ടുകളുടെ സ്ഥിരമായ നിരീക്ഷണം ഉറപ്പാക്കാനും സംവിധാനം ഫലപ്രദമാക്കണം. വായ്പ തിരിച്ചടക്കുന്നതിൽ അത്തരം അക്കൗണ്ടുകൾ വീഴ്ച വരുത്തിയാൽ വേഗത്തിലും സമഗ്രമായും നിയമനടപടികൾ സ്വീകരിക്കാനും മന്ത്രി പിഎസ്ബികൾക്ക് നിർദ്ദേശം നൽകി.
വഞ്ചനയും മനഃപൂർവ്വം കുടിശ്ശിക വരുത്തുന്നതും സാധ്യമാക്കുന്നതിന് ഒത്താശ ചെയ്യുന്ന ബാങ്കുകളുടെ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ഭരണപരമായ നടപടി സ്വീകരിക്കണമെന്നും സീതാരാമൻ ബാങ്ക് ഉന്നത അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നൂതന തട്ടിപ്പ് തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങൾ കൈക്കൊള്ളണം. സുരക്ഷിതമായ ബാങ്കിംഗ് രീതികളെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ ബോധവൽക്കരണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം.
കിട്ടാകടങ്ങളിൽ കോടതികൾക്കും ട്രൈബ്യൂണലുകൾക്കും മുമ്പാകെയുള്ള നിയമനടപടികളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ അഭിഭാഷകരുടെയും അറ്റോർണിമാരുടെയും ഫലപ്രദമായ പ്രാതിനിധ്യം ഉറപ്പാക്കണം. മെച്ചപ്പെട്ട നിയമ ഫലങ്ങൾ ഉറപ്പാക്കാൻ പൊതുമേഖലാ ബാങ്കുകളെ പ്രതിനിധീകരിക്കുന്ന കൗൺസിലുകളുടെ പ്രകടന അവലോകനം നടത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.