ഇന്ത്യ ഏറെക്കാലമായി കാത്തിരിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 ഓടെ ട്രാക്കിലെത്തും. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാകും ബുള്ളറ്റ് ട്രെയിൻ ആദ്യ സർവീസ് നടത്തുക.നിർമാണം തുടരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത് . മണിക്കൂറിൽ 320 കിലോമീറ്റർ ആണ് ട്രെയിനിന്റെ വേഗത.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചതാണിക്കാര്യം. 2017 സെപ്തംബറിൽ അഹമ്മദാബാദിൽ ആരംഭിച്ച ഈ പദ്ധതി ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ 500 കിലോമീറ്ററിലധികം ദൂരം പിന്നിടാനാണ് ലക്ഷ്യമിടുന്നത്.
നിയുക്ത സമയക്രമം അനുസരിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്റർ ഗ്രൗണ്ട് ട്രാക്ക് വർക്ക് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു എന്നും മന്ത്രി അറിയിച്ചു .

കോറിഡോർ നിർമാണത്തിലെ ഏറ്റവും ദുർഘടമായ മുംബൈ-താനെ കടലിനടിയിലെ തുരങ്കത്തിന്റെ ജോലിയും ആരംഭിച്ചു. പാതയിൽ വരുന്ന എട്ട് നദികൾക്ക് കുറുകെ പാലങ്ങളുടെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നു. രണ്ട് പാലങ്ങൾ ഇതിനകം പൂർത്തിയായി.സബർമതി ടെർമിനൽ സ്റ്റേഷന്റെ ജോലിയും ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര-നാഗർ ഹവേലി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് റെയിൽ ഇടനാഴി. 2017 ൽ ആരംഭിച്ച ഈ പദ്ധതി 2022-ൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.

ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികൾ കാരണം കാലതാമസം നേരിട്ടു. എന്നാലിപ്പോൾ ഭൂമി ഏറ്റെടുക്കൽ റെയിൽവേ മന്ത്രാലയം പൂർത്തിയാക്കിക്കഴിഞ്ഞു. ഇതോടെ നിർമാണം പുരോഗമിക്കുന്ന ദക്ഷിണ ഗുജറാത്തിലെ സൂറത്തിനെയും ബിലിമോറയെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ടത്തിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് 2026ഓടെ ആരംഭിക്കാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.

നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ഏറ്റെടുത്ത മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് കേന്ദ്രസർക്കാർ 10,000 കോടി രൂപയും ഗുജറാത്തും മഹാരാഷ്ട്രയും 5,000 കോടി രൂപയും വിഹിതമായി നൽകുന്നു. ശേഷിക്കുന്ന ഫണ്ട് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA) യിൽ നിന്നു 0.1% പലിശയുള്ള വായ്പയായി പദ്ധതിക്ക് ലഭിച്ചു.
India’s first bullet train, the Mumbai-Ahmedabad corridor, is set to launch in 2026, covering 320 km in two hours at speeds of 320 km/h. The project costs ₹1.08 trillion, with significant progress in track construction. The National High-Speed Rail Corporation oversees the initiative, supported by funding from the central government, Gujarat, Maharashtra, and Japan International Cooperation Agency (JICA).