പതിനാറാം ധനകാര്യ കമ്മീഷനിൽ അംഗമായി കേന്ദ്രം നിയമിച്ചതിൽ ഒരു മലയാളി വനിതയുണ്ട്. പാലാക്കാരി ആനി ജോർജ് മാത്യു IAAS. ഐക്യരാഷ്ട്ര സഭയിലടക്കം ഇന്ത്യയിലും വിദേശത്തും നിരവധി തസ്തികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ധനവകുപ്പിലെ എക്സ്പെൻഡിച്ചർ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു പാലാ രാമപുരം സ്വദേശിയായ ആനി ജോർജ് മാത്യു.
മലയാളിയായ ആനി ജോർജ് മാത്യു അടക്കം മൂന്ന് മുഴുസമയ അംഗങ്ങളെയും ഒരു താത്കാലിക അംഗത്തെയും പതിനാറാം ധനകാര്യ കമ്മീഷനിൽ നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി.
1988 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ (IAAS) ഉദ്യോഗസ്ഥയായി കേന്ദ്രസർവീസിൽ പ്രവേശിച്ച ആനി കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര ധനവകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി വിരമിച്ചു.
ഐക്യരാഷ്ട്ര സഭയിലടക്കം വിദേശത്തും നിരവധി ധനകാര്യ തസ്തികളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസുകളിലടക്കം പ്രവർത്തിച്ച പരിചയമുള്ള ആനി ജോർജ് മാത്യു കേന്ദ്ര, സംസ്ഥാന ധനകാര്യ കാര്യങ്ങളിൽ വിദഗ്ധയാണ്.
കോട്ടയം ജില്ലയിലെ രാമപുരം കച്ചിറമറ്റം കെ.കെ. മത്തായി, ആനി ദമ്പതികളുടെ മകളാണ് ആനി ജോർജ് മാത്യു. എസ്.ജി. മാത്യുവാണ് ഭർത്താവ്. ഫ്രാൻസിൽ ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യുന്ന റോവീന, നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ ജോലി ചെയ്യുന്ന ഷാനണ്‍ എന്നിവർ മക്കളാണ്.
നീതി അയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയയെ ചെയർമാനായി നിയമിച്ചതിനു പിന്നാലെയാണു ധന കമ്മീഷൻ അംഗങ്ങളെ പ്രഖ്യാപിച്ചത്.
15-ാം ധനകാര്യ കമ്മീഷൻ അംഗം കൂടിയായ മുൻ ധന, എക്സ്പെൻഡിച്ചർ സെക്രട്ടറി അജയ് നാരായണ്‍ ഝാ, ആർത്ത ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ നിരഞ്ജൻ രാജധ്യക്ഷ എന്നിവരെ മുഴുവൻ സമയ അംഗങ്ങളായാണു നിയമിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസറായ സൗമ്യ കാന്തി ഘോഷിനെ കമ്മീഷനിൽ പാർട്ട് ടൈം അംഗമായും നിയമിച്ചു.
2025 ഒക്ടോബർ 31നകം ശിപാർശകൾ നൽകാനാണു കമ്മീഷനോടു നിർദേശിച്ചിരിക്കുന്നത്. 2026 ഏപ്രിൽ ഒന്നു മുതൽ അഞ്ചു വർഷത്തേക്ക് സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതമാണ് പ്രധാനമായും കമ്മീഷൻ ശിപാർശ ചെയ്യുക.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടൽ ഫോർമുല പ്രധാനമായും തീരുമാനിക്കുന്നത് ധനകാര്യ കമ്മീഷനാണ്. 16-ാം ധനകാര്യ കമ്മീഷൻ 2026 ഏപ്രിൽ 1 മുതൽ അഞ്ച് വർഷത്തെ അവാർഡ് കാലയളവ് ഉൾക്കൊള്ളുന്ന 2025 ഒക്ടോബർ 31-നകം ശുപാർശകൾ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതിയുടെ വരുമാനത്തിൻ്റെ വിതരണം,രാജ്യത്തിന്റെ ഏകീകൃത ഫണ്ടിൽ നിന്നുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൻ്റെ ഗ്രാൻ്റ്-ഇൻ-എയ്ഡ് നിയന്ത്രിക്കേണ്ട തത്വങ്ങളെക്കുറിച്ചും, ഗ്രാൻ്റ്-ഇൻ-എയ്ഡ് വഴി സംസ്ഥാനങ്ങൾക്ക് നൽകേണ്ട തുകകളെക്കുറിച്ചും കമ്മീഷൻ ശുപാർശകൾ നൽകും.