കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനം ഉറപ്പു നൽകി കേരളാ ബജറ്റ്. പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം മുതല്‍ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ വായ്പ്പയെടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും. വായ്പ്പകള്‍ക്ക് സര്‍ക്കാര്‍ പലിശയിളവ് സഹായം നല്‍കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) പ്രൊസസര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സര്‍വ്വകലാശാലയാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയെന്നും ഇതിനകം 16 പേറ്റന്റുകള്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചുവെന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് ചേരാന്‍ കഴിയും. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി അക്കാദമിക് സഹകരണത്തിന് ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനായി പ്രത്യേക കേരളാ സ്പെസിഫിക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ഇതിനായി പ്രത്യേക സ്കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്ത് കോടി രൂപ വകയിരുത്തി.
ഇപ്രകാരം പി.എച്ച്.ഡി. പൂര്‍ത്തിയാക്കുന്നവര്‍ കേരളത്തില്‍ മടങ്ങിയെത്തി അടുത്ത മൂന്നുവര്‍ഷം നാടിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കണമെന്ന വ്യവസ്ഥ കൊണ്ട് വരും. കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും.
സംസ്ഥാനത്തെ ക്യാമ്പസുകൾ സംരംഭകരെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കൂടിയായി മാറിയതായും മന്ത്രി പറഞ്ഞു. ന്യൂറോ സയന്‍സില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബ്രയിന്‍ കമ്പ്യൂട്ടിങ് ലാബ് സ്ഥാപിച്ചു.
സ്ഥാപിതമായി മൂന്നുവര്‍ഷത്തിനകം 200 കോടി രൂപയുടെ സഹായം ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്ന് സമാഹരിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 80-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്കുന്നതുവഴി ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ക്യുബേറ്ററായി മാറാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് ഇതിനകം കഴിഞ്ഞു.
എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം പണിയും. സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങും.
Kerala Budget 2024-25 has assured Rs 250 crore development work for Kerala Digital University. Digital University will be permitted to take loans in order to achieve revenue generation and transform into a self-sufficient institution. The Government will provide interest subsidized assistance for loans.