നൂറിന്റെ നിറവിലേക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്). 1925 ഫെബ്രുവരി 13ന് തൊഴിലാളി സഹകരണ സംഘമായി തുടങ്ങിയ ഊരാളുങ്കൽ നൂറാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ശതാബ്ദി ആഘോഷത്തിന് വടകരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും.
സാമൂഹിക പരിഷ്കർത്താവ് വാഗ്ഭടാനന്ദന്റെ ആദർശം അടിസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ഊരാളുങ്കലിനെ മുന്നോട്ടു നയിക്കുന്നത് അതേ ആദർശമാണ്.
കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനം ജന്മം നൽകിയ ഊരാളുങ്കൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ സൊസൈറ്റികളിലൊന്നാണ്.
തൊഴിൽ നിഷേധത്തെ അതിജീവിക്കാൻ വാഗ്ഭാടനന്ദ ഗുരുവിനെ സമീപിച്ച ഒരുപറ്റം ചെറുപ്പക്കാരാണ് ഇന്ന് കാണുന്ന യുഎൽസിസിഎസിന്റെ തുടക്കം. വടകരയിലെ ഊരാളുങ്കലിൽ 14 തൊഴിലാളികളുമായി വാഗ്ഭടാനന്ദ ഗുരു ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘത്തിന് രൂപം നൽകി. ആരംഭകാലത്ത് വേലിയും മതിലും കെട്ടലും കിണർ കുഴിക്കുകയുമായിരുന്നു തുടക്കത്തിൽ ഊരാളുങ്കൽ ഏറ്റെടുത്തിരുന്ന ജോലികൾ. പിന്നീട് റോഡ് കോൺട്രാക്ടുകൾ ഏറ്റെടുത്ത് തുടങ്ങി.
അതുവരെ വടകരയിലും പരിസര പ്രദേശങ്ങളിലും കോൺട്രാക്ടുകൾ ഏറ്റെടുത്തിരുന്ന ഊരാളുങ്കൽ ചോറോട് റെയിൽവേ ഓവർബ്രിഡ്ജും ദേശീയ പാത നിർമാണവും ഏറ്റെടുത്ത് കൊണ്ടാണ് വലിയ പദ്ധതികളിലേക്ക് കടക്കുന്നത്. വൈകാതെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിങ്ങനെ കേരളത്തിലെ വൻകിട പദ്ധതികളിലെല്ലാം ഊരാളുങ്കലിന്റെ പേര് കേട്ട് തുടങ്ങി. കോഴിക്കോട് ഐടി പാർക്ക് തുടങ്ങി പുതിയ മേഖലകളിലേക്ക് കടന്നു. 14 പേരിൽ നിന്ന് തുടങ്ങിയ ഊരാളുങ്കൽ നൂറാം വർഷത്തിലേക്ക് കടക്കുമ്പോൾ 18,000 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന, 1500ഓളം എൻജിനിയർമാർ ജോലി ചെയ്യുന്ന വലിയ സ്ഥാപനമായി വളർന്നു.
Celebrate the centenary of Uralungal Labour Contract Cooperative Society (ULCCS), a pioneering cooperative movement that began on February 13, 1925, aimed at uplifting laborers. Follow the footsteps of social reformer Vagbhatananda in promoting cooperative work.