വ്യാവസായിക ഐ ടി മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും, എന്നാൽ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കോർപ്പറേറ്റ് നിക്ഷേപങ്ങളെ പരമ്പരാഗതമായി എതിർക്കുകയും ചെയ്യുന്ന നയമാണ് ഇടതു പക്ഷത്തിന്റേത്. ആ ഇടതുപക്ഷം ഭരിക്കുന്ന കേരളം സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ഇതാദ്യമായി നയം മാറ്റി വിദേശ സർവകലാശാലകൾക്ക് വാതിലുകൾ തുറക്കുകയാണ്.
“പുതിയ യുജിസി മാർഗനിർദേശങ്ങൾക്കനുസൃതമായിട്ടായിരിക്കും വിദേശ സർവകലാശാലകൾ സ്ഥാപിക്കുക. സുതാര്യതയുടെയും സമത്വത്തിൻ്റെയും തത്വങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. ഇതിനായി ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കും. ആവശ്യമായ എല്ലാ അംഗീകാരങ്ങൾക്കും ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി , ട്രാൻസ്ഫർ ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകളിൽ ഇളവ്, സബ്സിഡിയുള്ള വെള്ളം, വൈദ്യുതി, നികുതി ഇളവ്, മൂലധനത്തിന് മേലുള്ള നിക്ഷേപ സബ്സിഡി തുടങ്ങിയ ഘടകങ്ങൾ പോളിസിയുടെ ഭാഗമായിരിക്കും, ”ഇതായിരുന്നു ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാക്കുകൾ.
വിദ്യാഭ്യാസ മേഖലയിൽ കേരളം ഇതിലൂടെ സ്വകാര്യ നിക്ഷേപവും സ്വകാര്യ വിദേശ പങ്കാളിത്തവും ലക്ഷ്യമിടുന്നു . ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാലകളും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ വിദേശ സർവകലാശാലകളുടെ ക്യാംപസുകളും ആരംഭിക്കാനുള്ള നിർദേശങ്ങൾ ഏറെ മാറ്റങ്ങൾക്കു വഴി തുറക്കും.
കേരളത്തിലെ യുവാക്കളെ ഉന്നതപഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടി വിദേശനിക്ഷേപം ആകർഷിക്കാനുള്ള ശ്രമമായാണ് സർക്കാരിന്റെ ഈ നീക്കത്തെ കാണുന്നത്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ ഒരു പഠനം പ്രകാരം 2022 ൽ ഇന്ത്യയിൽ നിന്ന് 1.32 ദശലക്ഷം വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് പോയതിൽ 4 ശതമാനം കേരളത്തിൽ നിന്നുള്ളവരായിരുന്നു. കേരളത്തിൽനിന്നു പ്രതിവർഷം വിദേശത്തേക്കു പഠിക്കാൻ പോകുന്ന 40000 ത്തോളം വിദ്യാർഥികളുടെ എണ്ണത്തിൽ ഇതിലൂടെ നേരിയ കുറവ് വരുത്താൻ ഇടയാക്കും എന്നാണ് കണക്കുകൂട്ടൽ . വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ കേരളത്തിൽ വരുന്നതോടെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദേശ വിദ്യാഭ്യാസം കേരളത്തിൽനിന്നുതന്നെ ലഭിക്കും. ഓക്സ്ഫഡ് അടക്കമുള്ള വിദേശ സർവകലാശാലകളുമായുള്ള അക്കാദമിക്, ഗവേഷണ പങ്കാളിത്തം കേരളത്തിലെ വിദ്യാർഥികൾക്ക് ഗുണകരമാകും.
നിരവധി പുത്തൻ സാങ്കേതിക മേഖലകളിൽ സെന്റർ ഓഫ് എക്സലൻസ് തുടങ്ങുന്നതും ബ്രെയിൻ കംപ്യൂട്ടിങ് അടക്കമുള്ള ന്യൂറോ സയൻസ് മേഖലകളിൽ പുത്തൻ ഗവേഷണ രീതികൾ അവലംബിക്കുന്നതും കേരളത്തിലെ വിദ്യാർഥികൾക്ക് ഗുണകരമാകും. ട്രാൻസിലേഷനൽ ഗവേഷണം, മൾട്ടിഡിസിപ്ലിനറി ഗവേഷണം എന്നിവയിൽ കൂടുതൽ മികവിന്റെ കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് ഗവേഷണ സൗകര്യം മെച്ചപ്പെടുത്താൻ സഹായിക്കും. സംരംഭകത്വ മേഖലകളിൽ വെഞ്ചർ ക്യാപിറ്റൽ ഫണ്ടിങ്ങും സ്കൂൾ വിദ്യാഭ്യാസ മേഖലകളിൽ ഗുണനിലവാരം ലക്ഷ്യമിട്ട പദ്ധതികളും നടപ്പിലാക്കും. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആഗോള വിദ്യാഭ്യാസ നിലവാരത്തിലേക്കു മാറാനുള്ള കേരളത്തിന്റെ ശ്രമമാണ് ഈ നിർദേശങ്ങളിലൂടെ വ്യക്തമാകുന്നത്.
മൈക്രോബയോമിൽ ഒരു സെൻ്റർ ഓഫ് എക്സലൻസ്, ന്യൂട്രാസ്യൂട്ടിക്കൽസിൽ ഒരു സെൻ്റർ ഓഫ് എക്സലൻസ്, സംസ്ഥാന സർവകലാശാലകളിൽ വിവർത്തന ഗവേഷണ കേന്ദ്രങ്ങളും സയൻസ് പാർക്കുകളും, കേരളത്തിൽ തുടക്കം കുറിച്ച ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനം നടത്തുന്നവർക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ ഉപരിപഠനത്തിനു അവസരം എന്നിവക്കായി സർക്കാർ ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ കേരളത്തിന് വ്യക്തമായൊരു അടിസ്ഥാന നയമുണ്ട്. സർക്കാർ ഇതിനകം തന്നെ വിശദമായ ചർച്ചകൾ നടത്തി ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കാൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഘടനയിൽ ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടെ സമഗ്രമായ നയങ്ങളും അനുബന്ധ പരിപാടികളും രൂപീകരിക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള മാർഗരേഖ തയ്യാറാക്കാനും ഈ വർഷം സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നു. ഇതിലേക്ക് പ്രവാസി അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കാനും അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും ശ്രമിക്കും. ഇതിനായി അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി യൂറോപ്പ്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ എന്നിവിടങ്ങളിൽ 2024 മെയ്-ജൂൺ മാസങ്ങളിൽ നാല് പ്രാദേശിക കോൺക്ലേവുകൾ നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നു.
കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക മേഖലകളിൽ പദ്ധതികൾ ആവിഷ്കരിക്കാനും സംസ്ഥാനത്ത് മൂന്ന് ക്യാംപസുകൾ തുടങ്ങാനും ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. ഇവയിലും വിദേശ സർവകലാശാലകളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കും.
വ്യവസായ, വിദ്യാഭ്യാസ, ടൂറിസം മേഖലകളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഏറെ വളർച്ച കൈവരിക്കും. നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലില്ലായ്മ കുറയ്ക്കാനും തൊഴിൽ ലഭ്യത മികവ് വർദ്ധിപ്പിക്കാനും കേരളത്തെ ഈ തീരുമാനം ഏറെ സഹായിക്കും.
Kerala’s progressive approach to education investment policy, attracting foreign universities while fostering a competitive environment for private investment. Discover how these initiatives aim to enhance the quality of education and reduce the outflow of students studying abroad.