പ്രവര്‍ത്തന വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടവുമായി ഇപ്പോൾ മുന്നോട്ടുള്ള യാത്രയിലാണ് കൊച്ചി മെട്രോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്. വലിയ പ്രതികൂല സാഹചര്യങ്ങൾ ഒന്നുമുണ്ടായില്ലെങ്കില്‍ രാജ്യത്തെ ആദ്യ മെട്രോ റെയിൽ എന്ന ഈ ആശയം 2025 ഓഗസ്റ്റില്‍ രണ്ടാം ഘട്ടത്തിൽ കാക്കനാട് എത്തുമെന്നാണ് പ്രതീക്ഷ.
തൃപ്പൂണിത്തുറയിലേക്കും അടുത്ത് തന്നെ മെട്രൊ എത്തുന്നതോടെ കൊച്ചി മെട്രൊയുടെ ഒന്നാം ഘട്ടമായ ആലുവ – തൃപ്പൂണിത്തുറ റൂട്ടിന്റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാകും. സ്റ്റേഷനുകളുടെ എണ്ണം 25 ആകും. കാക്കനാട് വരെയാണ് രണ്ടാംഘട്ടം. 2025 ൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിനായി സംസ്ഥാനത്തിന്റെ വിഹിതമായി 239 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവൽക്കരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് കൊച്ചി മെട്രോയുടെ ചുമതല നിർവ്വഹിക്കുന്നത്.
5182 കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ ചിലവ്. കേന്ദ്ര സർക്കാരിന്റെ സഹായമായി എഴുന്നൂറ്റി എഴുപത്തി എട്ട് (15%) കോടി രൂപയുണ്ടാകും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 15% വീതം ഓഹരി പങ്കാളിത്തം വഹിക്കുന്ന പദ്ധതിക്ക് ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി (ജൈക്ക- ജപ്പാൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ) യുടെ 2170 കോടി രൂപയുടെ വായ്പയും ലഭ്യമാക്കി.
സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) ആദ്യമായാണ് പ്രവര്‍ത്തന ലാഭത്തിലേക്ക് കടക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 134.04 കോടിയിലേക്കാണ് പ്രവര്‍ത്തന വരുമാനം കുതിച്ചുയര്‍ന്നത്. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 150-160 കോടി രൂപ വരുമാനമാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. വായ്പ തിരിച്ചടവും മറ്റും മാറ്റിനിര്‍ത്തിയാല്‍ ഈ വര്‍ഷം 15-20 കോടി രൂപ പ്രവര്‍ത്തന ലാഭം നേടാനാണ് ശ്രമങ്ങൾ.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് മെട്രോയെ ലാഭ പാതയിലേക്ക് എത്താന്‍ സഹായിച്ചത്. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി എണ്ണം 75,000 കടന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇത് 80,000 കടന്നു. നിലവില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തുന്നതെന്നാണ് കണക്കു കൂട്ടുന്നത്.
2017 ജൂണിലാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ചത്. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ മാത്രം 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. എന്നാൽ അതേവർഷം ആഗസ്റ്റ് മാസം അത് 32603 ആയി കുറയുകയാണ് ചെയ്തത്. അതേവർഷം ഡിസംബറിൽ വീണ്ടും എണ്ണം 52254 ആയി ഉയർന്നു.
തൊട്ടടുത്ത വർഷമായ 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ കടന്നിട്ടില്ല. പിന്നീട് കണക്കുകളിൽ മുന്നേറ്റം കണ്ടത് 2019 ഒക്ടോബറിനും ഡിസംബറിനുമിടയിലാണ്. ഇക്കാലത്ത് അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തതായി കണക്കുകൾ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്കീമുകള്‍ ഏര്‍പ്പെടുത്തിയും സെല്‍ഫ് ടിക്കറ്റിംഗ് മഷീനുകള്‍ സ്ഥാപിച്ചും യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കിയുമാണ് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചത്.
ഉടൻ തന്നെ ഒന്നാം ഘട്ടത്തിൽ പേട്ട -തൃപ്പൂണിത്തുറ സ്റ്റേഷന് പ്രവര്‍ത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവര്‍ത്തികമാകുകയും ചെയ്യുമ്പോള്‍ വരുമാനത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനമാക്കി കൊച്ചി മെട്രോയെ മാറ്റാന്‍ സഹായിക്കുമെന്നും ആണ് പ്രതീക്ഷ. 1,957 കോടി രൂപയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പുതുക്കിയ ഭരണാനുമതി സര്‍ക്കാര്‍ ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
വലിയ പ്രതികൂല സാഹചര്യങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ 2025 ഓഗസ്റ്റില്‍ മെട്രോ കാക്കനാട് വരെ നീട്ടാനാകുമെന്നു കൊച്ചി മെട്രോ റെയ്ല് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഫെബ്രുവരി അവസാനത്തോടെ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള സർവീസ് പ്രവര്‍ത്തന സജ്ജമാകും. ഇതിനു മുന്നോടിയായി നടന്ന പരീക്ഷണയോട്ടം വിജയകരമായി. വേഗം കുറച്ച്, ഭാരം കയറ്റാതെയാണ് എസ്എന്‍ ജങ്ഷന് – തൃപ്പൂണിത്തുറ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്.
തൃപ്പൂണിത്തുറയില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് ഭാവിയില്‍ മെട്രോ ലൈന്‍ ദീര്‍ഘിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും പ്ലാറ്ഫോമും നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ പെട്ട
എസ്.എന്‍ ജങ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന് വരെ 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണമാണ് നിലവില്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. തൃപ്പൂണിത്തുറയിലേക്കും മെട്രൊ എത്തുന്നതോടെ കൊച്ചി മെട്രൊയുടെ ഒന്നാം ഘട്ടമായ ആലുവ – തൃപ്പൂണിത്തുറ ആകെ 25 സ്റ്റേഷനുകളുമായി റൂട്ടിന്റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാകും. 1.35 ലക്ഷം ചതുരശ്രയടിയില്‍ വിസ്തീര്‍ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്രയടി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നായിരുന്നു കൊച്ചി മെട്രോ റെയിൽവേ. 1999-ൽ ഇ. കെ. നായനാർ സർക്കാരായിരുന്നു കേരളത്തിൽ മെട്രോ റെയിൽ പദ്ധതി സാധ്യത പഠനം നടത്തിയത്. 1999 ജൂലൈ 21ന് നടന്ന മന്ത്രിസഭാ യോഗത്തിൽ വെച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സിന് കൊച്ചിയിൽ ഒരു മെട്രോ റാപ്പിഡ് സിസ്റ്റം സ്ഥാപിക്കുന്നതിന്റെ സാധ്യതാ പഠനം നടത്തുന്നതിനായി ചുമതലപ്പെടുത്തി . പഠനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ റൈറ്റ്സ് അത് പൂർത്തിയാക്കുകയും സംസ്ഥാന സർക്കാരിന് റിപ്പോർട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ആദ്യ ഉമ്മൻചാണ്ടി സർക്കാർ 2004 ൽ പദ്ധതിയ്ക്ക് വിശദ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കി. 2007 ൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുകയും സ്പെഷ്യൽ ഓഫീസറായി ദക്ഷിണ റയിൽവേ റിട്ട. അഡീഷനൽ ജനറൽ മാനേജർ ആർ. ഗോപിനാഥൻ നായരെ നിയമിക്കുകയും ചെയ്തു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരാണ് കൊച്ചി മെട്രോ റയിലിന്റെ ആദ്യ ഘട്ടത്തിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മുഖ്യ ആസൂത്രകൻ ഇ. എം. ശ്രീധരന്റെ മേൽനോട്ടത്തിൽ ഡെൽഹി മെട്രോ അഥവാ ഡി.എം.ആർ.സി. എന്ന സ്ഥാപനമാണ് ഇതിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. 2012 സെപ്റ്റംബർ 13-ന് പദ്ധതിയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തറക്കല്ലിട്ടു.
2017 ജൂൺ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായിവിജയന്റെ സാന്നിധ്യത്തിൽ കൊച്ചിമെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചു. ജൂൺ 19 ന് പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു.