സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള മാർഗനിർദേശവും സാഹചര്യവും ഒരുക്കി പെരിന്തൽമണ്ണയിൽ സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. ബിസിനസ് രംഗത്തെ 27 പ്രമുഖരാണ് പെരിന്തൽമണ്ണ ആസ്ഥാനമായുള്ള സ്കെയിൽ അപ്പ് വില്ലേജ് എന്ന് ആശയത്തിന് പിന്നിൽ. നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ 2 ദിവസമായി പെരിന്തൽമണ്ണയിൽ നടന്ന സ്കെയിൽ അപ്പ് കോൺക്ലേവിന്റെ ഭാഗമായാണ് പുതിയ കമ്പനി വരുന്നത്.
സ്കെയിൽ അപ്പ് വില്ലേജിനായി 25,000 ചതുരശ്ര അടിയിൽ പുതിയ കെട്ടിടം നിർമിക്കും. പുതിയ സംരംഭകർക്ക് മാർഗ നിർദേശം നൽകാൻ വ്യവസായ മേഖലയിലെ വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐഡിസി, അസാപ്, നോളജ് ഇക്കണോമി മിഷൻ എന്നിവരുടെ പങ്കാളിത്തതോടെയായിരിക്കും പദ്ധതി നടപ്പാക്കുക. മലയാളികൾ നേതൃത്വം നൽകുന്ന ഫിൻടെക് കമ്പനി ഓപ്പൺ ഇക്കോസിസ്റ്റം പങ്കാളികളാകും.
ആദ്യഘട്ടത്തിൽ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ നേരിട്ടെത്തിക്കുന്ന ഡി2സി ബിസിനസുകൾക്കായിരിക്കും സ്കെയിൽ അപ്പ് വിലേജിൽ പ്രോത്സാഹനം നൽകുക. വ്യവസായ പാർക്കിന്റെ നടത്തിപ്പ് നിക്ഷേപക കമ്പനിക്കായിരിക്കും. കൂടാതെ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി വില്ലേജിൽ പ്രത്യേക പദ്ധതികൾ തയ്യാറാക്കും.
വിദ്യാർഥികൾ, പ്രവാസികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേരാണ് കോൺക്ലേവിൽ പങ്കെടുത്തത്. വ്യവസായ മന്ത്രി പി. രാജീവ്, മുൻമന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, നാലകത്ത് സൂപ്പി എന്നിവരും വ്യവസായിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
Perinthalmanna is set to host a Scale-up Village App Village, aiming to nurture startups and youth entrepreneurship by providing guidance and conducive business environment, with participation from Kerala’s prominent startup missions and industry leaders.