ലോകത്തിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ ഉല്പാദന പ്ലാന്റ് സ്ഥാപിക്കുന്ന വിമാനത്താവളമായി മാറുകയാണ് സിയാൽ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്നു എന്നതാണ് സവിശേഷത.
പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് -സിയാൽ തങ്ങളുടെ ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുകയാണ്.
വിമാനത്താവളത്തിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു. ബി. പി. സി. എല്ലിന്റെ സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. പുനരുപയോഗയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ചാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുക.
കാർബൺ വിമുക്ത (സീറോ കാർബൺ) സ്ഥാപനമായ സിയാലിന്റെ ഊർജോദ്പാദന സംരംഭങ്ങൾക്ക് ഇത് കരുത്ത് പകരും.
കരാർ പ്രകാരം ബി.പി.സി.എൽ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാൽ ലഭ്യമാക്കും. 2025-ന്റെ തുടക്കത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റിൽ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ വാങ്ങും.
50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ- ഹൈഡ്രോ പദ്ധതികളിലൂടെ 2 ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാൽ ദിവസേന ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സിയാൽ സ്ഥാപിക്കുന്നത്.
സുസ്ഥിര വികസന പാതയിൽ ബി.പി.സി.എല്ലുമായി കൈകോർത്ത് വ്യോമയാന രംഗത്തെ ‘സീറോ കാർബൺ’ ഭാവിയിലേക്ക് സിയാലിന്റെ മികച്ച സംഭാവനയായിരിക്കും ഈ സംരംഭം, എന്ന് ‘ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ഹരിത ഊർജ സംരക്ഷണത്തിൽ സിയാലിന്റെ പ്രതിബദ്ധതക്കു ബി. പി. സി. എല്ലിന്റെ സാങ്കേതികമികവ് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിതോർജോൽപ്പാദന മേഖലയിൽ സിയാലുമായി സഹകരണം ഉണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയ്ക്ക് ഇത്തരം പദ്ധതികൾ ഉപകരിക്കപ്പെടുമെന്നും ബി.പി.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
CIAL transforms Kochi International Airport into the world’s first airport to establish a Green Hydrogen Production Plant, leveraging solar energy from CIAL’s solar power plants. This initiative, in collaboration with BPCL, aims to produce “fuel of the future” using renewable energy sources.