രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാൻ സാക് ക്രൗലി പുറത്താക്കിയാണ് അശ്വിൻ നേട്ടം കൈവരിച്ചത്. 14ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ക്രൗലിയെ അശ്വിൻ പുറത്താക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 500 വിക്കറ്റുകൾ നേടുന്ന ഒമ്പതാമത്തെ ബൗളർ കൂടിയാണ് അശ്വിൻ. 98ാമത്തെ ടെസ്റ്റിലാണ് 37ക്കാരനായ അശ്വിൻ ഈ നേട്ടം സ്വന്തമാക്കുന്നത്. കുറഞ്ഞ ടെസ്റ്റിൽ നിന്ന് 500 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളർ കൂടിയാണ് അശ്വിൻ. ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യാ മുരളീധരനാണ് അശ്വിന് മുന്നിലുള്ളത്. 87 മത്സരങ്ങളിൽ നിന്നാണ് മുരളീധരൻ ഈ നേട്ടം സ്വന്തമാക്കുന്നത്.
അനിൽ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റ് എന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനാണ് അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെയുടെ റെക്കോർഡ് ഇതുവരെ ആർക്കും തകർക്കാൻ പറ്റിയിട്ടില്ല. അതേസമയം കുടുംബ സംബന്ധമായ അത്യാവശ്യത്തെ തുടർന്ന് അശ്വിന് മത്സരം മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.