കേരളത്തിലെ ആദ്യത്തെ കാംപസ് ഇൻഡസ്ട്രിയൽ പാർക്കും സോഹോ ആർ ആൻഡ് ഡി സെന്ററും ഐഎച്ച്ആർഡിയുടെ കൊട്ടാരക്കര എൻജിനിയറിംഗ് കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വീടിനടുത്ത് തന്നെ ജോലി ചെയ്യാൻ അവസരമൊരുക്കുന്ന വർക്ക് നിയർ ഹോം സംസ്കാരം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലയിലും ടയർ2 സിറ്റികളിലും ഹൈ എൻഡ് ടെക്നിക്കൽ തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രം ആരംഭിച്ചത്. എഐ, റോബോട്ടിക്സ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകളിൽ സോഹോ കോർപറേഷൻ പരിശീലനം നൽകും. തൊഴിലിടം, ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവ പാർക്കിൽ ഉണ്ടാകും. വ്യവസായ സംരംഭങ്ങളുമായി നവീന സാങ്കേതിക വിദ്യ സംയോജിപ്പിക്കാൻ ക്യാംപസുകളെ സജ്ജമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വിദ്യാർഥികൾക്ക് തൊഴിൽനൈപുണ്യം ഉറപ്പാക്കുകയും തൊഴിൽദാതാക്കളായി മാറ്റുകയും ചെയ്യും. കോളജിലെ ലോഞ്ച് എംപവർ ആക്സിലറേറ്റ് പ്രോസ്പർ (LEAP) സെന്ററുകൾ കോ വർക്കിംഗ് സ്പേസാക്കി മാറ്റും.
പഠിപ്പിക്കുക സോഹോ
ഐടി കമ്പനിയായ സോഹോയുടെ ആർ ആൻഡ് ഡി ലാബുകളാണ് ആ ലാബുകളിൽ ആരംഭിക്കുന്നത്. സോഹോയുടെ ആദ്യ സംരംഭം കൂടിയാണിത്.
തമിഴ്നാട്ടിലെ തെങ്കാശിയിലാണ് മുൻനിര സാസ് (SaaS) കമ്പനിയായ സോഹോ കോർപ്പറേഷൻ ആരംഭിക്കുന്നത്. 2010ൽ വെറും 10 ജീവനക്കാരുമായാണ് കമ്പനിയുടെ തുടക്കം. ഘട്ടംഘട്ടമായി വളർന്ന കമ്പനി പിന്നീട് ഒരു പഴയ ഫ്രൂട്ട് പൾപ്പ് ഫാക്ടറിയിലേക്ക് പ്രവർത്തനം മാറ്റി.
നോൺ അർബൻ മേഖലയിൽ 900 പ്രൊഫഷണലുകളാണ് സോഹോയ്ക്ക് വേണ്ടി അന്നേരം പ്രവർത്തിച്ചിരുന്നത്. 2023 ഏപ്രിലിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ തെങ്കാശി സോഹോ ഓഫീസ് സന്ദർശിക്കുകയും സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ ഐടി പാർക്ക് സ്ഥാപിക്കാനുള്ള സാധ്യത അന്വേഷിക്കുകയും ചെയ്തു. ഐടി പാർക്കിനായി കൊട്ടാരക്കരയെ തിരഞ്ഞെടുക്കുകയും ചെയ്തു. കൊട്ടാരക്കരയിലെ കേന്ദ്രം ഗ്രാമീണ മേഖലയിലെ ഐടിഐ, പോളി ടെക്നിക് ഡിപ്ലോമ യോഗ്യത നേടുന്നവർക്ക് കൂടി പ്രയോജനകരമാകും.
ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ, ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, സോഹോ ഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു, കോ ഫൗണ്ടർ ടോണി ജി തോമസ്, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വിഎ അരുൺ കുമാർ, കെഎസ്യുഎം സിഇഒ അനൂപ് അംബിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tnauguration of Kerala’s first Campus Industrial Park & Zoho R&D Labs in Kottarakara, aiming to foster a ‘work near home’ culture, promote rural job opportunities, and drive technological innovation.