ചൂടു കനത്തതോടെ കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. ആറ് ജില്ലകൾക്കാണ് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപാർട്മെന്റ് യെല്ലോ അലേർട്ട് പുറപ്പിടുവിച്ചത്. താപനില കൂടിയതിനാൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 °C എത്തും. കോഴിക്കോട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയുള്ളതിനേക്കാൾ 2-4°C വരെ കൂടും.

സാധാരണ മാർച്ച്-ജൂൺ മാസങ്ങളിൽ കേരളത്തിൽ ചൂട് കൂടാറുണ്ടെങ്കിലും ഫെബ്രുവരിയിൽ ഇത്രയും ഉയർന്ന താപനില പതിവില്ല. കഴിഞ്ഞ 30 വർഷത്തെ താപനില പരിശോധിച്ചാൽ ഇത്രയും ചൂടു കൂടിയ ഫെബ്രുവരി അധികമുണ്ടായിട്ടില്ല.
ഫെബ്രുവരിയിൽ തന്നെ കേരളം ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് പുറത്ത് ജോലി ചെയ്യുന്നവർ. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, വഴിയോര കച്ചവടക്കാർ, കൃഷിക്കാർ എന്നിവരും പുറത്ത് പോകുന്നവരും സൂര്യാഘാതത്തിനെതിരേ ജാഗ്രത പാലിക്കണം.
ശ്രദ്ധിക്കാം ഇവ

-പകൽ 12 മുതൽ ഉച്ചയ്ക്ക് 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.
-ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം ഒഴിവാക്കാൻ ദിവസം 8-10 ക്ലാസ് വെള്ളം കുടിക്കണം.
– പുറത്ത് ഇറങ്ങുമ്പോൾ കുടയോ, തൊപ്പിയോ ഉപയോഗിക്കണം.
-ഇളം നിറത്തിലുള്ള കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കണം.
– മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും സൂര്യാഘാതം ഏൽക്കാനും ചൂട് കൊണ്ടുള്ള അസ്വസ്ഥകൾക്കും സാധ്യതയുണ്ട്. അവരെയും ശ്രദ്ധിക്കണം
-ചായ, കാപ്പി, മദ്യം എന്നിവ ഒഴിവാക്കണം.
– സൂര്യാഘാതമേറ്റാൽ ശരീരത്തിൽ വെള്ളം തളിക്കണം, നനഞ്ഞ തുണി ശീരത്തിൽ ഇടുകയും ഐസ് ഉപയോഗിക്കുകയും ചെയ്യണം.