മലയാളികൾക്ക് യാത്രകളോടുള്ള പ്രിയം കൂടിയതോടെ നേട്ടമുണ്ടാക്കി കേരളത്തിലെ വിമാനത്താവളങ്ങൾ. മികച്ച ജോലി അവസരങ്ങൾ, വിദ്യാഭ്യാസം, വിനോദയാത്രകൾ എന്നിവയ്ക്ക് മലയാളികൾ തിരഞ്ഞെടുക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. വിദേശത്തേക്ക് പോകാനുള്ള മലയാളികളുടെ വർധിച്ചു വരുന്ന പ്രവണത ഏറ്റവും കൂടുതൽ നേട്ടമായത് കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്കാണ്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് മലയാളികൾ വിദേശ യാത്രകൾക്ക് തിരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ രാജ്യാന്തര യാത്രക്കാരെയാണ് കേരളത്തിലെ ഈ നാല് വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ മത്സരിക്കുന്നത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വർഷം ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ 1.40 കോടി യാത്രക്കാരും മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 1.04 കോടി യാത്രക്കാരും യാത്ര ചെയ്തു. ഇന്ത്യയിലേക്കും വിദേശത്തേക്കുമായി നടത്തിയ ബൈലാറ്ററൽ എയർ സർവീസ് കൂടി ഉൾപ്പെടുത്തിയാണ് ഇത്.
അതേസമയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 36.95 ലക്ഷം രാജ്യാന്തര യാത്രക്കാരാണ് വിദേശത്തേക്ക് പറന്നത്. ബെംഗളൂരു (34.66 ലക്ഷം), ഹൈദരാബാദ് (31.26 ലക്ഷം) അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കവച്ചാണ് കൊച്ചി വിമാനത്താവളം ഈ നേട്ടമുണ്ടാക്കിയത്. അതേസമയം ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയ വിമാനത്താവളം എന്ന നേട്ടം ചെന്നൈ എയർപോർട്ടിനാണ് (43.81 ലക്ഷം). കോഴിക്കോട് വിമാനത്താവളം വഴി 19.47 ലക്ഷം യാത്രക്കാരും, തിരുവനന്തപുരം വിമാനത്താവളം വഴി 15.07 ലക്ഷം പേരും യാത്ര ചെയ്ത്. ഏറ്റവും കുറവ് രാജ്യാന്തര യാത്രക്കാരുണ്ടായത് കണ്ണൂർ വിമാനത്താവളത്തിനാണ്. 5.69 ലക്ഷം പേർ മാത്രമാണ് ഈ കാലയളവിൽ കണ്ണൂർ വിമാത്താവളം വഴി യാത്ര ചെയ്തത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മലയാളികൾക്ക് യാത്രകളോടുള്ള പ്രിയം കൂടിയതാണ് കേരളത്തിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാരുടെ എണ്ണം വർധിക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അധികം മലയാളികളും പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ യാത്രകൾക്ക് വിദേശ രാജ്യങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. യുവാക്കൾ ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വിദേശ രാജ്യങ്ങളിലേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നത്.
Why Kerala’s four international airports – Kochi, Kozhikode, Thiruvananthapuram, and Kannur – are preferred by Malayalis for foreign travel. Learn about the significant increase in outbound travelers from Kerala, especially among mature citizens and youth seeking employment, education, and leisure opportunities abroad.