കോയമ്പത്തൂരും മധുരയിലും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ചെന്നൈയിൽ സൂപ്പർ ഹിറ്റായി മാറിയ മെട്രോ റെയിൽ സർവീസ്. റെയിൽ മെട്രോക്ക് അനുമതി തേടി തമിഴ്നാട് സർക്കാർ ഡി പി ആർ സമർപ്പിച്ചു കാത്തിരിക്കുകയാണ് . ധനമന്ത്രി തങ്കം തെന്നരസുവിൻെറ ഇത്തവണത്തെ ബജറ്റിൽ കോയമ്പത്തൂരിലെയും മധുരയിലെയും പുതിയ മെട്രോ പദ്ധതികൾക്ക് സംസ്ഥാനം അനുമതി തേടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ പുതിയ മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകും.
ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത് 12,000 കോടി രൂപയാണ്. ചെന്നൈ മെട്രോ സെൻട്രൽ സ്ക്വയറിൽ 27 നിലകളുള്ള പുതിയ കൊമേഴ്സ്യൽ ഓഫീസ് പാർക്ക് നിർമിക്കും. 600 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ റോഡ് വികസനത്തിനായും ബജറ്റിൽ വമ്പൻ തുക വകയിരുത്തിയിട്ടുണ്ട് .
അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ തുക ചെലവഴിക്കുകയാണ് തമിഴ്നാട്. നഗരപ്രദേശങ്ങളിലെ 4,457 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിന് 2,500 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ റോഡ് വികസനത്തിനായി 1,000 കോടി രൂപ വകയിരുത്തി. 2,000 കിലോമീറ്റർ ദൂരത്തിലാണ് ഗ്രാമീണ മേഖലയിലെ റോഡുകൾ മെച്ചപ്പെടുത്തുന്നത്. ഉൾനാടൻ ഗ്രാമങ്ങളിലെ റോഡുകൾ ഉന്നത നിലവാരത്തിൽ വികസിപ്പിക്കും.
ചെന്നൈ എയർപോർട്ട് നവീകരിക്കുന്നതിനും, മെട്രോ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് നീട്ടുന്നതിനും, മധുര, കോയമ്പത്തൂർ മെട്രോ പദ്ധതികൾക്കുമായി സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് കേന്ദ്രസർക്കാരിന് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട് . ചെന്നൈയിലെ ആവഡി-കോയമ്പേട്, പൂനമല്ലി-പറന്തൂർ സെക്ഷനുകളിൽ പുതിയ മെട്രോ ലൈനുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതുൾപ്പെടെ ചെന്നൈ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികൾക്കായി മാത്രമാണ് ബജറ്റിൽ 12,000 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
കോയമ്പത്തൂരിൽ 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വലിയ ഐടി പാർക്ക് സ്ഥാപിക്കുമെന്നതാണ് ശ്രദ്ധേമായ മറ്റൊരു പ്രഖ്യാപനം. 1,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും.
Tamil Nadu government seeks approval for Chennai Metro Rail’s expansion into Coimbatore and Madurai, aiming to enhance connectivity and infrastructure. The state presents detailed project reports to the central government for approval, including plans for commercial office spaces and road development.