വ്യവസായ ഭീമനായ റിലയൻസും ഡിസ്നിയും ഇന്ത്യയിലെ മീഡിയ പ്രവർത്തനങ്ങൾ ലയിപ്പിച്ചാൽ പുതിയ കമ്പനിയെ മുന്നിൽ നിന്ന് നയിക്കുക മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയായിരിക്കുമെന്ന് റിപ്പോർട്ട്. ഇരു കമ്പനികളുടെയും മീഡിയാ പ്രവർത്തനങ്ങൾ ലയിപ്പിക്കാൻ റിലയൻസും ഡിസ്നിയും തമ്മിൽ മാസങ്ങളോളം ചർച്ച നടന്നിരുന്നു. വൈകാതെ ഇരുവരും തമ്മിൽ കരാറിലൊപ്പിടും എന്നാണ് റിപ്പോർട്ട്.
എന്നാൽ ഇരു കമ്പനികളും ലയനത്തെ കുറിച്ചോ നിത അംബാനി നേതൃത്വത്തിലേക്ക് വരുമോ എന്നതിനെ കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ചാരിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മാസങ്ങൾക്ക് മുമ്പാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് നിത അംബാനി ഒഴിഞ്ഞത്. റിലയൻസ് ഫൗണ്ടേഷന്റെ ഫൗണ്ടറും ചെയർപേഴ്സണും കൂടിയാണ് നിത അംബാനി. മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഫൗണ്ടർ കൂടിയാണ് നിത അംബാനി.
മീഡിയ പ്രവർത്തനങ്ങളിൽ റിലയൻസും ഡിസ്നയും തമ്മിലുള്ള ലയനം എല്ലാവരും ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. 120 ടെലിവിഷൻ ചാനലുകളും സ്ട്രീമിംഗ് സേവനവും ഇരുവർക്കുമുണ്ട്. ലയനം ഏറ്റവും കൂടുതൽ നേട്ടമാകുക റിലയൻസിനായിരിക്കും. 28 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ മീഡിയാ- എന്റർടെയ്ൻമെന്റ് മാർക്കറ്റ് റിലയൻസിൻെറ കൈകളിലാകും. ലയനത്തിന് ശേഷം പുതിയ കമ്പനിയുടെ 51-54% വരെ ഓഹരി റിലയൻസിന്റെ പക്കലായിരിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ 40% ഓഹരി ഡിസ്നിയും സ്വന്തമാക്കും. ഇവർക്ക് പുറമേ ജെയിംസ് മുർഡോച്ച് (James Murdoch), ഡിസ്നിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഉദയ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള ബോധി ട്രീ 9% ഓഹരിയും സ്വന്തമാക്കും.
Reports suggest that Nita Ambani, wife of Indian billionaire Mukesh Ambani, is likely to become the chair of the board in the anticipated merger between Reliance Industries and Walt Disney’s India media assets. This merger, nearing its conclusion, is expected to be announced officially soon.