ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി നീറ്റിലിറങ്ങി. കഴിഞ്ഞ ദിവസം ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈഡ്രജൻ ബോട്ട് ഉദ്ഘാടനം ചെയ്തത്.
കൊച്ചിൻ ഷിപ്പ്യാർഡാണ് ബോട്ട് വികസിപ്പിച്ചത്. രാജ്യത്ത് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ കാറ്റമരൻ ഫെറി കൂടിയാണ് ഇത്. ഹൈഡ്രജൻ സാങ്കേതിക വിദ്യയിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പ് കൂടിയാണ് ഇത്.
ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണ അടിസ്ഥാനത്തിൽ ഹൈഡ്രജൻ ബോട്ടുകൾ വികസിപ്പിച്ചത്. പദ്ധതി വിജയകരമായാൽ ഹൈഡ്രജൻ ചരക്ക് ബോട്ടുകളും നാടൻ ബോട്ടുകളും കൊച്ചിൻ ഷിപ്പ്യാർഡ് നിർമിക്കും.
മലിനീകരണ വിമുക്തമായിരിക്കും ഹൈഡ്രജൻ ബോട്ടിന്റെ പ്രവർത്തനം. കട്ടമരം മാതൃകയിലാണ് ഹൈഡ്രജൻ ബോട്ട് നിർമിച്ചിരിക്കുന്നത്. ഹ്രസ്വദൂര സർവീസായിരിക്കും ഹൈഡ്രജൻ ബോട്ടുകളിൽ നടത്തുക. വാരണാസിയിലാണ് സർവീസ് നടത്തുക. പൂർണമായി ശീതീകരിച്ച ഹൈഡ്രജൻ ബോട്ടിൽ ഒരേ സമയം 50 പേർക്ക് സഞ്ചരിക്കാം. ഹൈഡ്രജൻ ബോട്ടിന്റെ പ്രവർത്തന മികവ് വിലയിരുത്തിയ ശേഷം ഇതേ സാങ്കേതിക വിദ്യ ചരക്ക് ബോട്ടുകളിലും നാടൻ ബോട്ടുകളിലും ഉപയോഗിക്കും.