തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം റിസർവ് ബാങ്കിന്റെ നിക്ഷേപ പദ്ധതി പ്രകാരം എസ്ബിഐയിലേക്ക് മാറ്റും. വിവിധ ക്ഷേത്രങ്ങളിലായി ഉള്ളതിൽ 500 കിലോ സ്വർണം ആണ് ഇങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കുന്നത്. ഈ സ്വർണം 24 കാരറ്റാക്കി നിക്ഷേപിക്കുന്നതിലൂടെ ബോർഡിന് വർഷം 7.29 കോടിയോളം രൂപ പലിശയായി ലഭിക്കും. ഹൈകോടതി അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. നേരത്തെ നടന്ന പരിശോധനയിൽ 540 കിലോ സ്വർണം ബോർഡിന്റെ 16 സ്ട്രോങ് റൂമുകളിലായി ഉണ്ടെന്ന് കണക്കാക്കിയിരുന്നു.
ക്ഷേത്രങ്ങളിൽ നിത്യേനയും ഉത്സവ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും പൗരാണികവുമായതും ഒഴികെയുള്ള സ്വർണമാണ് നിക്ഷേപിക്കുന്നത്. ശബരിമലയിലേക്കുള്ള തിരുവാഭരണം അടക്കം വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തില്ല .
ബോർഡിൻറെ കീഴിലുള്ള ആയിരത്തിലധികം ക്ഷേത്രങ്ങളിൽ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി നൽകുന്ന സ്വർണം ഇത്തരത്തിൽ ബാങ്ക് നിക്ഷേപമായി മാറ്റും. ഇതിനായി ബോർഡ് തിരുവാഭരണം കമീഷണറുടെ നേതൃത്വത്തിൽ രണ്ടാമതും പരിശോധന നടത്താനുള്ള അനുമതിയും ഹൈക്കോടതി നൽകി . സ്വർണം ഇങ്ങനെ പരിശോധിച്ച് തൂക്കവും ആഭരണങ്ങളുടെ എണ്ണവും കൃത്യമായി തിട്ടപ്പെടുത്തും. കൊച്ചി, ഗുരുവായൂർ ദേവസ്വം ബോർഡുകൾ നേരത്തെതന്നെ സ്വർണ നിക്ഷേപ പദ്ധതി നടപ്പാക്കിയിരുന്നു.
ഹൈക്കോടതി നിർദേശപ്രകാരം തുടർനടപടികൾ ഒന്നര മാസത്തിനകം പൂർത്തിയാക്കും. ഓട്ടുപാത്രങ്ങളും വിളക്കുകളും ലേലം ചെയ്യാനും കോടതി അനുമതിയുണ്ട്. പതിനഞ്ചു വർഷമായി വിവിധ ക്ഷേത്രങ്ങളിൽ ലഭിച്ച ടൺ കണക്കിന് ഓട്ടുപാത്രങ്ങളും വിളക്കുകളും കെട്ടിക്കിടക്കുകയാണ്. പദ്ധതിയിൽ ചേരുന്നതിലൂടെ ബോർഡിന് മികച്ച വരുമാനം ലഭിക്കുമെന്നും സ്വർണം സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു
The investment scheme where gold from temples under the Travancore Devaswom Board is transferred to SBI, yielding significant annual interest.