ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററകളിൽ സൂപ്പർ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമയിൽ പ്രധാന സംഭവങ്ങൾ നടക്കുന്ന ഗുണാ കേവ്സിനെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. കൊടൈക്കനാലിലെ ഗുണാ കേവ്സിന് സമാനമായ ഇടം ഇവിടെ കേരളത്തിലുമുണ്ട്.
എറണാകുളത്തെ കൊച്ചരീക്കൽ ഗുഹയാണത്. പിറവം പാമ്പാക്കുടയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന കൊച്ചരീക്കലിനെ സുന്ദരമാക്കുന്നത് കാടും കാടിനുള്ളിലെ ഉറവയും ചിറയും ഗുഹയുമാണ്. ചിറയോട് ചേർന്ന് വളരുന്ന വടുവൃക്ഷങ്ങളുടെ വേരുകൾ പരിസരമാകെ പടർന്ന് നിൽക്കുന്നത് കാണാൻ മനോഹരമായ കാഴ്ചയാണ്.
ഇവിടെ മരത്തിന്റെ വേരുകൾക്കിടയിലാണ് ഗുഹാ സങ്കേതമുള്ളത്. വൻമരങ്ങൾക്ക് താഴെയുള്ള ചെറിയ ഗുഹയും ചിറയും കാണാം. മുത്തശ്ശി മരത്തിന്റെ വേരുകളാണ് ഈ ഗുഹയെ പൊതിഞ്ഞ് സംരക്ഷിച്ചിരിക്കുന്നത്. അധികം വിനോദസഞ്ചാരികൾ എത്താത്ത ഇടം കൂടിയാണ് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിക്കാതെ പോയ ഈ ഗുഹ.
ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ കുമാരി എന്ന ചിത്രത്തിന്റെ ലൊക്കേഷനുകളിൽ ഒന്ന് കൂടിയായിരുന്നു കൊച്ചരീക്കൽ.
രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് ഇവിടെ പ്രവേശനം. ചെറിയ വഴിയായതിനാൽ ഇരുച്ചക്ര വാഹനങ്ങളിൽ കൊച്ചരീക്കലിൽ പോകുന്നതായിരിക്കും ഏറ്റവും നല്ലത്.
The enchanting Kocharikal cave in Ernakulam, reminiscent of the Guna Caves in Kodaikanal, featured in Chidambaram’s Manjummal Boys. Plan your visit to this hidden gem surrounded by lush forest and springs.