സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം തിങ്കളാഴ്ച ആരംഭിക്കും. 1, 2 പ്രവൃത്തി ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നവർക്കാകും തിങ്കളാഴ്ച ശമ്പളം നൽകുക. മൂന്നു ദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നൽകാനാണ് ആലോചന. തിങ്കളാഴ്ചയും ശമ്പളം ലഭിച്ചില്ലെങ്കിൽ അനശ്ചിതകാല സമരം ആരംഭിക്കാനായിരുന്നു സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. 3.5 ലക്ഷം ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാനുള്ളത്.
തുടർച്ചയായി ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാനാണ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിച്ചത്. തിങ്കളാഴ്ച മുതൽ ഘട്ടംഘട്ടമായി ഇത് ഒഴിവാക്കാനാണ് തീരുമാനം.
ആദ്യദിനം പെൻഷൻകാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കുമായിരിക്കും പണം നൽകുക. രണ്ടാംദിനം മറ്റു വകുപ്പുകളിലെ ജീവനക്കാർക്കും മൂന്നാം ദിനം
അധ്യാപകർക്കും ശമ്പളം വിതരണം ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെയെങ്കിലും പകുതി ജീവനക്കാർക്ക് പണം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനായി ട്രഷറിയിൽ പരമാവധി പണം എത്തിക്കും. ബീവ്റേജസ് കോർപ്പറേഷൻ, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളോട് പരമാവധി പണവും ഇന്ധന കമ്പനികളോട് നികുതിയും ട്രഷറിയിൽ ഒടുക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ പണം ഉപയോഗിച്ചായിരിക്കും ശമ്പളവിതരണം ചെയ്യുക.
ശമ്പള പരിധി?
ജീവനക്കാർക്ക് ശമ്പളം നൽകുന്നതോടെ ട്രഷറി വീണ്ടും ഡ്രാഫ്റ്റിലാകും. സാമ്പത്തിക വർഷത്തിന്റെ 1 പാദത്തിൽ 36 ദിവസമാണ് ഓപവർ ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. ഇതു പിന്നിട്ടാൽ റിസർവ് ബാങ്ക് ഇടപാടുകൾ നിർത്തിവെക്കും. ഇങ്ങനെ സംഭവിച്ചാൽ ട്രഷറി പൂട്ടേണ്ടി വരും. ഈ പാദത്തിൽ നിലവിൽ തന്നെ 27 ദിവസം ട്രഷറി ഓവർ ഡ്രാഫ്റ്റിലായിരുന്നു. ശേഷിക്കുന്നത് 9 ദിവസമാണ്. അതിനുള്ളിൽ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കിയില്ലെങ്കിൽ സർക്കാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.
ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പള പരിധിയെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ ജീവനക്കാർക്ക് അക്കൗണ്ടുകളിൽ നിന്ന് മുഴുവൻ ശമ്പളം പിൻവലിക്കാൻ സാധിക്കില്ല.
The government will commence salary distribution for employees starting this week. Those receiving salaries in the first two days will include pensioners and all employees over the next three days, ensuring timely financial assistance amid uncertain times.