നവകേരളാ സദസ്സിനായി സംസ്ഥാന സർക്കാർ വാങ്ങിയ ഒന്നരക്കോടി വിലയുള്ള ബസ് വീണ്ടും അണിഞ്ഞൊരുങ്ങുകയാണ്. മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ പാകത്തിന് നിർമ്മിച്ച ബസിന്റെ സീറ്റടക്കം മാറ്റി ടൂറിസ്റ്റ് ബസിനു വേണ്ടുന്ന സംവിധാനങ്ങൾ ഒരുക്കുകയാണിപ്പോൾ. ടൂറിസം വകുപ്പിന്റെ കീഴിൽ അന്തർസംസ്ഥാന വിനോദ സഞ്ചാര യാത്രയ്ക്ക് തയാറെടുക്കുകയാണ് ബസ്. ഇതിനായി മുഖ്യമന്ത്രിക്ക് ഇരിക്കാൻ തയ്യാറാക്കിയ റിവോൾവിംഗ് സീറ്റ് അടക്കം ഇളക്കി മാറ്റിയിട്ടുണ്ട്.
ആദ്യ യാത്ര ഡൽഹിയിലേക്ക്
വോൾവോ ബസ്സിന്റെ രൂപം മാറ്റി നവകേരള ബസ്സാക്കിയ ബംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡാണ് ബസ് പുതുക്കി പണിയുന്നത്. ബസിന്റെ നിറത്തിൽ മാറ്റം വരുത്തില്ല. പുഷ്ബാക്ക് സീറ്റുകൾ ഘടിപ്പിക്കും. ഫുൾ സീറ്റിംഗ് കപ്പാസിറ്റിയോടെയായിരിക്കും ബസ് നിരത്തിലിറക്കുക. കൂടാതെ ബുള്ളറ്റ് പ്രൂഫ് മാതൃകയിലുള്ള കട്ടിയുള്ള ഗ്ലാസ്സുകൾ മാറ്റി സാധാരണ ഗ്ലാസ്സുകളും ഫിറ്റ് ചെയ്യും. റിവോൾവിംഗ് സീറ്റുകൾ, എസ്കലേറ്റർ പടികൾ എന്നിവ മാറ്റുമെങ്കിലും ടോയ്ലെറ്റ് സൗകര്യം മാറ്റില്ല.
ഈ മാസം പകുതിയോടെ ബസ് ആദ്യ യാത്രക്ക് തയ്യാറാകുമെന്നാണ് വിവരം. ഈ മാസം 20ന് ബസിൽ ആദ്യ യാത്രയ്ക്ക് 20 പേരുടെ സംഘം ബുക്ക് ചെയ്തിട്ടുണ്ട്. ഡൽഹിയിലേക്കാണ് ആദ്യയാത്ര. ഓൾ ഇന്ത്യാ ടൂറിനാണ് ബുക്കിംഗ്.
കെഎസ്ആർടിസിക്ക് കൈമാറില്ല
ബസിന് പുറത്ത് ‘കേരളം ദൈവത്തിന്റെ സ്വന്തം നാട്’ എന്ന കേരള ടൂറിസത്തിന്റെ ആപ്തവാക്യവും ലോഗോയും ഇംഗ്ലീഷിൽ ആലേഖനം ചെയ്തിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് ഈ ബസിന് ബാധകമല്ല. നിലവിൽ ചോക്ലേറ്റ് ബ്രൗൺ നിറത്തിൽ ഗോൾഡൻ വരകളോടെയുള്ള ഡിസൈനാണ് ബസിന് നൽകിയിരിക്കുന്നത്.
നവകേരളാ സദസ്സിന്റെ സമയത്ത് ബസ് ഓടിച്ച പ്രത്യേക പരിശീലനം നേടിയ ആറ് ഡ്രൈവർമാരായിരിക്കും തുടർന്നും സാരഥികളാകുക. നവകേരളാ സദസ്സ് കഴിഞ്ഞാൽ അത്യാധുനിക ബസ് കെ.എസ്.ആർ.ടി.സിക്ക് കൈമാറുമെന്ന് ഗതാഗത വകുപ്പു മന്ത്രിയായിരുന്ന ആന്റണി രാജു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ബസ് ടൂറിസംവകുപ്പിനു കൈമാറുവാനാണ് തീരുമാനം.
സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു 1.05 കോടി മുടക്കി ആഡംബര ബസ് വാങ്ങാൻ സർക്കാർ തീരുമാനമെടുത്തത്. ഇത് വലിയ വിമർശനങ്ങൾക്കു വഴിവെച്ചിരുന്നു.
അതേസമയം, ആഭ്യന്തര വകുപ്പിന്റെ കൈയിലാണ് ബസിന്റെ ഓണർഷിപ്പ്. കെ.എ,സ്.ആർ.ടി.സിയുടെ പെർമിറ്റുമായി നിരത്തിലോടുമെന്നു മാത്രം. ബസിന്റെ പേരിൽ ഒരവകാശവും കെ.എസ്.ആർ.ടി.സിക്കുണ്ടാകില്ല. കോൺട്രാക്ട് ക്യാരേജ് പെർമിറ്റിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Kerala government introduces newly purchased buses worth one billion rupees for the state assembly’s travel needs, with seating arrangements modified to accommodate tourist buses.