ലോക ഒന്നാം നമ്പർ കോടീശ്വരനായി ആമസോണിന്റെ ജെഫ് ബെസോസ്. ടെസ്ലയുടെ ഇലോൺ മസ്കിനെ പിന്തള്ളിയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്.
തിങ്കളാഴ്ച ടെസ്ലയുടെ ഓഹരി 7.2% ഇടിഞ്ഞതോടെയാണ് ഇലോൺ മസ്കിന്റെ ഒന്നാം നമ്പർ കോടീശ്വര സ്ഥാനം നഷ്ടപ്പെട്ടത്. 9 മാസത്തിനിടയിൽ ആദ്യമായാണ് മസ്കിന് ലോക കോടീശ്വര സ്ഥാനം നഷ്ടപ്പെടുന്നത്. 197.7 ബില്യൺ ഡോളറാണ് ഇലോൺ മസ്കിന്റെ ആസ്തി. അതേസമയം ബെസോസിന്റെ ആസ്തി 200.3 ബില്യൺ ഡോളറായി.
ബ്ലൂംബർഗ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
2021ന് ശേഷം ആദ്യമായാണ് ലോക ഒന്നാം നമ്പർ കോടീശ്വരനായി ജെഫ് ബെസോസിനെ ബ്ലൂംബർഗ് തിരഞ്ഞെടുക്കുന്നത്. ആമസോണിൻെറയും ടെസ്ലയുടെയും ഓഹരികൾ എതിർ ദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെയാണ് ബെസോസിന്റെയും മസ്കിന്റെയും ആസ്തികൾ തമ്മിലുള്ള അന്തരം കുറഞ്ഞു തുടങ്ങിയത്.
മുമ്പ് 52ക്കാരനായ മസ്കിന്റെയും 60ക്കാരനായ ബെസോസിന്റെയും ആസ്തികൾ തമ്മിൽ 142 ബില്യൺ ഡോളറിന്റെ വ്യത്യാസം ഉണ്ടായിരുന്നു. 2022ന് ശേഷം ആമസോണിന്റെ ഓഹരിമൂല്യം ഇരട്ടിയായി. 2021ലെ ടെസ്ലയുടെ ഓഹരി മൂല്യത്തിൽ നിന്ന് 50% ഇത്തവണ കുറഞ്ഞു. ഷാങ്ഹായിലെ ടെസ്ലയുടെ ഫാക്ടറിയിൽ നിന്നുള്ള കയറ്റുമതി ഈ വർഷം കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ടെസ്ലയുടെ ഓഹരി തിങ്കളാഴ്ച വീഴാൻ കാരണം. അതേസമയം കോവിഡ് വ്യാപന കാലത്തിന് ശേഷം ആദ്യമായി ആമസോണിന്റെ ഓൺലൈൻ വിൽപ്പനയിൽ കുതിച്ചു കയറ്റമുണ്ടായിട്ടുണ്ട്.
The latest shift in billionaire rankings as Jeff Bezos surpasses Elon Musk to reclaim the title of the world’s richest person. Delve into the market dynamics and company performance driving this change.