കഴിഞ്ഞ ദിവസമാണ് ഐഎസ്ആർഒ (ISRO) ചെയർമാൻ എസ് സോമനാഥ് തനിക്ക് അർബുദമായിരുന്നെന്നും ഇപ്പോൾ രോഗത്തിൽ നിന്ന് മുക്തി നേടിയെന്നും വെളിപ്പെടുത്തിയത്. ചാന്ദ്രയാൻ-3, ആദിത്യ എൽ- 1 പോലുള്ള ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതികൾ മുന്നേറുമ്പോൾ അതിന്റെ സാരഥി രോഗാവസ്ഥയിലായിരുന്നു. രോഗത്തോട് പടപൊരുതി നേടിയ വിജയങ്ങൾക്ക് അതുകൊണ്ട് തന്നെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് ഇരട്ടി മധുരമായിരുന്നു.
എയ്റോസ്പെയ്സ് എൻജിനിയറായി എസ് സോമനാഥ് 2023ലാണ് ചില ശാരീരിക അസ്വസ്ഥതകൾ ആദ്യം തിരിച്ചറിയുന്നത്. ചാന്ദ്രയാൻ-3 മിഷൻ ലോഞ്ച് ചെയ്യുന്ന സമയത്താണ് ചില ശാരീരിക ബുദ്ധിമുട്ടുകൾ അഭിമുഖികരിക്കേണ്ടി വരുന്നതെന്ന് ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിൽ സോമനാഥ് പറഞ്ഞു. അന്ന് അസുഖം എന്താണെന്ന് വ്യക്തമായിരുന്നില്ല. മാസങ്ങൾക്ക് ശേഷം അർബുദം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ ആദ്യത്തെ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസമായിരുന്നു അത്. ആദിത്യ എൽ-1 വിക്ഷേപണ ദിവസം രാവിലെയായിരുന്നു സ്കാനിംഗ് നടത്തിയത്. വയറിൽ മുഴയുണ്ടെന്നതിനെ പറ്റി സോമനാഥ് അറിയുമ്പോൾ ലോഞ്ച് നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതൊന്നും വിക്ഷേപണത്തെയോ മറ്റ് പ്രവർത്തനങ്ങളെയോ ബാധിച്ചില്ല. വിക്ഷേപണം നടന്ന് കഴിഞ്ഞാണ് സോമനാഥ് ചെന്നൈയിലേക്ക് പോകുന്നതും തുടർ പരിശോധനയും ചികിത്സയും നടത്തുന്നതും.
കീമോതെറാപ്പിയും ശസ്ത്രക്രിയയും ചെയ്യുന്നത് ചെന്നൈയിൽ വെച്ചായിരുന്നു. നാല് ദിവസം ആശുപത്രിയിലായിരുന്നു സോമനാഥ്. അഞ്ചാം ദിവസം ശാരീരിക വേദനകളില്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഇപ്പോൾ പൂർണ ആരോഗ്യവാനാണ് താൻ എന്നും സോമനാഥ് പറയുന്നു. രോഗം തിരിച്ചറിഞ്ഞ സമയത്തോ ചികിത്സാ സമയത്തോ മിഷൻ മറ്റൊരാളെ ഏൽപ്പിക്കുന്നതിനോ കുറിച്ചോ സോമനാഥ് ആലോചിച്ചിരുന്നില്ല. ഇപ്പോൾ മാത്രമാണ് മാധ്യമങ്ങൾക്ക് മുന്നിൽ പോലും ഇക്കാര്യം വെളിപ്പെടുത്തുന്നതും.
S Somanath, ISRO’s chief, and his battle with cancer amidst monumental space missions like Aditya-L1 and Chandrayaan-3. Explore the challenges faced by Somanath and ISRO’s ambitious projects, including Gaganyaan.