കേന്ദ്രസർക്കാരിന്റെ ഭാരത് റൈസിന് ബദലായി ശബരി കെ-റൈസുമായി സംസ്ഥാന സർക്കാർ. കെ-റൈസ് എന്നെഴുതിയ പ്രത്യേക തുണിസഞ്ചിയിൽ സപ്ലൈകോ വഴിയായിരിക്കും വിതരണം. ഇതിനായി സപ്ലൈകോ പർച്ചേസ് ഓർഡർ നൽകി. ഓരോ മാസവും 5 കിലോ അരിയാണ് കെ-റൈസ് വഴി വില കുറച്ച് നൽകുക. എല്ലാ മാസവും റേഷൻ കാർഡ് ഉടമകൾക്ക് അരി നൽകാനാണ് ഉദ്ദേശ്യം. കിലോഗ്രാമിന് 40.11 രൂപ നിരക്കിൽ വാങ്ങി സബ്സിഡിയോടെ 29 രൂപയ്ക്ക് വിൽക്കും.
കെ-റൈസ് എന്നെഴുതിയ തുണിസഞ്ചി തയ്യാറാക്കാൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈ കോയുടെ നിർദേശമുണ്ട്.
ജയ അരിക്ക് 29 രൂപയും കുറുവ, മട്ട എന്നീ ഇനങ്ങൾക്ക് 30 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒരു റേഷൻ കാർഡിന് മാസം ഇതിൽ ഏതെങ്കിലും ഇനം 5 കിലോ ലഭിക്കും. കെ-റൈസിന് ആവശ്യമായ അരി വരുന്നത് തെലുങ്കാനയിൽ നിന്നാണ്. ഈ മാസം ലഭിച്ച ജയ, കുറുവ, മട്ട എന്നിവയുടെ 50 കിലോ അരിചാക്കുകൾ കെ-റൈസായി മാറ്റും. ഭാരത് അരിക്ക് 29 രൂപയാണ്. ഇതിലും കുറവിൽ കെ-റൈസ് വിതരണം ചെയ്യാൻ ആലോചനയുണ്ട്.
The transition from Bharat Rice to K-Rice for ration cardholders in Kerala, with changes in pricing and distribution methods.