ലോകത്തിലെ ഏറ്റവും മികച്ച 38 കോഫികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയുടെ സ്വന്തം ഫിൽട്ടർ കോഫി. പ്രശസ്ത ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോം ആയ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പിക്കളുടെ പുതിയ റേറ്റിംഗ് പട്ടികയിലാണ് ഇന്ത്യൻ ഫിൽട്ടർ കോഫി രണ്ടാം സ്ഥാനത്തെത്തിയത്. ക്യൂബൻ എസ്പ്രസ്സോ (Cuban Espresso) ആണ് പട്ടികയിൽ ഒന്നാമത്.
കഫേ ക്യൂബനോ, കഫേസിറ്റോ, കൊളാഡ, ക്യൂബൻ പൂൾ, ക്യൂബൻ ഷോട്ട് എന്ന പേരുകളിൽ അറിയപ്പെടുന്ന ക്യൂബൻ എസ്പ്രസ്സോ ക്യൂബയിൽ ഉത്ഭവിച്ച മധുരമുള്ള എസ്പ്രസ്സോ ഷോട്ടാണ്. ഡാർക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയുമാണ് ഇതിലെ പ്രധാന ചേരുവകൾ. നാച്ചുറൽ ബ്രൗൺ ഷുഗറാണ് കോഫിയുണ്ടാക്കാനായി ഉപയോഗിക്കുന്നത്. കോഫീ ബ്രൂ ചെയ്യുമ്പോൾ പഞ്ചസാര ചേർത്ത് സ്പൂൺ ഉപയോഗിച്ച് കോഫീ ക്രീമിയാകുന്നത് വരെ ശക്തമായി ഇളക്കും.
ഡാർക്ക് റോസ്റ്റ് ചെയ്ത കോഫി ബീൻസും ചിക്കറിയുമാണ് ഇന്ത്യൻ ഫിൽട്ടർ കോഫിയുടെ അടിസ്ഥാനം. ചിക്കറിയുടെ കയ്പ്പ് ഫിൽട്ടർ കാപ്പിക്ക് മറ്റൊരു രുചി നൽകും. അറബിക്ക, പീബെറി കാപ്പിയാണ് സാധാരണയായി ഇന്ത്യൻ ഫിൽട്ടർ കോഫിയുണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കാറ്.
ഡിക്കാന്ററിലാണ് സാധാരണയായി ഫിൽട്ടർ കോഫിയുണ്ടാക്കാറ്. ദക്ഷിണേന്ത്യയിലാണ് ഫിൽട്ടർ കോഫി കൂടുതൽ പ്രചാരത്തിലുള്ളത്. സ്റ്റീലോ ബ്രാസോ കൊണ്ട് നിർമിച്ച ചെറിയ ടംപ്ലർ ഗ്ലാസിലാണ് സാധാരണയായി ഫിൽട്ടർ കോഫി നൽകുക.