2024 – 25 സാമ്പത്തിക വർഷം നിബന്ധനകളോടെ കേരളത്തിന് 5000 കോടി കടമെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഈ നിബന്ധനകൾ കേരളത്തെ അടുത്ത സാമ്പത്തിക വർഷം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്നുറപ്പ്. ഇതോടെ കേന്ദ്രം മുന്നോട്ടു വച്ച നിബന്ധനകൾ സ്വീകാര്യമല്ലെന്ന് കേരളം വ്യക്തമാക്കിയതോടെ കേസിൽ വിശദമായ വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
കേന്ദ്രവും, കേരളവും വിട്ടു വീഴ്ച്ച ചെയ്യാത്ത സാഹചര്യത്തിൽ കേസിൽ കോടതി വീണ്ടും വാദം കേൾക്കും. കേരളം ആവശ്യപ്പെട്ട 10000 കോടിയും കടമായി നൽകണമെന്ന ഇടക്കാല ഉത്തരവ് എന്ന ആവശ്യത്തിൽ ആണ് വാദം കേൾക്കുക. അടുത്ത വ്യാഴാഴ്ച ഒന്നാമത്തെ കേസായി ഹർജി പരിഗണിക്കും.
5000 കോടി കടമെടുക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിബന്ധനകൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ല എന്ന നിലപാടാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയെ അറിയിച്ചത്. കേരളം ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടുത്ത സാമ്പത്തിക വർഷത്തെ ആദ്യ 9 മാസങ്ങൾ കൂടി നീളുമെന്ന് കണ്ടതിനെ തുടർന്നാണ് കേരളം എതിർത്തത്. ഈ സാമ്പത്തിക വർഷം കേന്ദ്രം നൽകുന്ന കടം അടുത്ത സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്നും കുറയ്ക്കുമെന്ന നിബന്ധന കേരളത്തിന് സ്വീകാര്യമല്ല.
കേന്ദ്രം സുപ്രീം കോടതിയിൽ നിരത്തിയ നിബന്ധനകൾ ഇവയാണ്.
അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തെ കടമെടുപ്പ് പരിധിയിൽ ഈ 5000 കോടി രൂപ അനുവദിക്കുന്നത് കുറയ്ക്കും.
അടുത്ത സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുന്നതിന് സർക്കാർ ബജറ്റിൽ പറഞ്ഞ പ്ലാൻ ബി എന്താണെന്ന് കേന്ദ്രത്തെ അറിയിക്കണം.
2024 – 25 സാമ്പത്തിക വർഷത്തിൽ കേരളത്തിന് കടമെടുക്കാൻ കഴിയുന്നത് 33597 കോടിയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനമെടുത്ത ബജറ്റ് ഇതര കടമെടുപ്പിലെ 4711 കോടി ഇതിൽ നിന്ന് കുറയ്ക്കണം. അതിനു പുറമെയാണ് ഇപ്പോൾ നൽകുമെന്ന് ഉറപ്പു പറഞ്ഞ 5000 കോടി രൂപ കൂടി കുറയ്ക്കണമെന്ന ആവശ്യം.
അതുകഴിഞ്ഞ് സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുക 28,886 കോടി രൂപയാണ്. ഈ തുകയുടെ 75 ശതമാനമായാണ് ആദ്യ ഒമ്പത് മാസങ്ങളിലെടുക്കാൻ കഴിയുക. അതായത് 21,664 കോടി. ഈ സാമ്പത്തിക വർഷം കേരളം കടമെടുക്കുന്ന 15000 കോടി രൂപ അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുറച്ചാൽ ശേഷിക്കുന്നത് 6000 കോടി മാത്രമാണ്. ഇത് കേരളത്തെ അടുത്ത സാമ്പത്തിക വർഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. കേരളത്തിന്റെ ചെലവ് കൂടി കണക്കാക്കിയാൽ ഈ തുക കൊണ്ട് കേരളത്തിന് മുന്നോട്ട് പോകാൻ കഴിയില്ല.
ചുരുങ്ങിയത് 10000 കോടി കടമെടുക്കാൻ അനുവദിക്കണം എന്നും അർഹതപ്പെട്ട പണമാണ് ആവശ്യപ്പെടുന്നത് എന്നും കേരളത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഇതോടെ കേന്ദ്രവും, കേരളവും വിട്ടു വീഴ്ച്ച ചെയ്യാത്ത സാഹചര്യത്തിൽ കേസിൽ വാദം കേൾക്കാനും, അടുത്ത വ്യാഴാഴ്ച ഒന്നാമത്തെ കേസായി ഹർജി പരിഗണിക്കാനും കോടതി തീരുമാനിക്കുകയായിരുന്നു.
The Supreme Court’s hearing on Kerala’s borrowing crisis, as the Central Government’s terms threaten to worsen the state’s financial situation. Learn about the implications of the conditions set forth and the arguments presented by both parties.