പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ കമ്പനികളുടെ പട്ടിക ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ടപ്പോൾ ഏറ്റവും മുന്നിൽ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽസ് (Future Gaming and Hotels) എന്ന കമ്പനിയാണ്. 2019-2024 കാലഘട്ടത്തിൽ 1,350 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് കമ്പനി വാങ്ങി കൂട്ടിയത്. സാന്റിയാഗോ മാർട്ടിൻ എന്ന ലോട്ടറി മാർട്ടിനാണ് കമ്പനിയുടെ ഉടമ.
മ്യാൻമറിൽ തൊഴിലാളിയായി ജീവിതം തുടങ്ങി സാധാരണക്കാർക്ക് ഭാഗ്യം വിറ്റ് ലോട്ടറി സാമ്രാട്ടായി പരിണമിച്ച സാന്റിയാഗോ മാർട്ടിന്റെ ജീവിതം സിനിമാക്കഥയെ പോലും വെല്ലും. ലോട്ടറി വിറ്റു നടന്ന മാർട്ടിൻ എങ്ങനെയാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഭാഗ്യചിഹ്നമായത്?
ലോട്ടറി മാർട്ടിൻ
കോയമ്പത്തൂരുവിലെ സാധാരണക്കാരനായ സാന്റിയാഗോ മാർട്ടിൻ്റെ ഇന്ന് കാണുന്ന ആസ്തിക്ക് പിന്നിൽ രണ്ടക്ക ലോട്ടറിയോടുള്ള ആവേശമായിരുന്നു. ഫ്യൂച്ചറിന്റെ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് 13ാമത്തെ വയസ്സിലാണ് മാർട്ടിൻ ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങുന്നത്. ലോട്ടറി വ്യവസായം വളർന്നതിനൊപ്പം രാഷ്ട്രീയ കുംഭകോണങ്ങളിലും മാർട്ടിന്റെ പേര് കേട്ടു തുടങ്ങിയിരുന്നു. മ്യാൻമറിൽ തൊഴിലാളിയായിട്ടായിരുന്നു മാർട്ടിന്റെ തുടക്കം. 1988ൽ മ്യാൻമറിൽ നിന്ന് മടങ്ങിയെത്തിയ മാർട്ടിൻ കോയമ്പത്തൂരിൽ മാർട്ടിൻ ലോട്ടറി ഏജൻസി എന്ന പേരിൽ ഒരു ലോട്ടറി ഏജൻസി തുടങ്ങി. മാർട്ടിൻെറ രണ്ടക്ക ലോട്ടറി ബിസിനസ് വളരെ പെട്ടന്നാണ് സൂപ്പർ ഹിറ്റായത്. അങ്ങനെ മാർട്ടിൻ ലോട്ടറി മാർട്ടിനായി.
പതിയെ മാർട്ടിൻ ബിസിനസ് മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിച്ചു, മാർട്ടിന്റെ ലോട്ടറി ബിസിനസ് സംസ്ഥാനങ്ങളും കടന്നു പോയി. കർണാടകയിൽ മാർട്ടിൻ കർണാടകയും ഉത്തരേന്ത്യയിൽ മാർട്ടിൻ സിക്കിം എന്ന പേരിലും ലോട്ടറി ബിസിനസ് അറിയപ്പെട്ടു. കേരളം, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മാർട്ടിന്റെ ലോട്ടറി വാങ്ങാൻ ആളു കൂടി.
ആദ്യം കേരളത്തിൽ
ലോട്ടറി ബിസിനസിലെ വിജയം മാർട്ടിനെ രാഷ്ട്രീയ പാർട്ടികളിലേക്ക് അടുപ്പിച്ചു. മിക്ക രാഷ്ട്രീയ പാർട്ടികളും മാർട്ടിനിൽ നിന്ന് കൈക്കൂലി കൈപ്പറ്റി. മാർട്ടിന്റെ പേര് ഉയർന്ന് കേട്ട ആദ്യ രാഷ്ട്രീയ കുംഭകോണം കേരളത്തിൽ നിന്നായിരുന്നു. സിക്കിം സർക്കാരിനെ 4,500 കോടി രൂപയ്ക്ക് വഞ്ചിച്ചുവെന്ന ആരോപണങ്ങൾ നേരിട്ട 2008ൽ തന്നെയായിരുന്നു, കേരളത്തിലും മാർട്ടിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്ന് കേട്ടത്. സിപിഎമ്മിന്റെ പാർട്ടി പത്രത്തിന് 2 കോടി രൂപ നൽകി എന്നായിരുന്നു ആരോപണം. അന്ന് വലിയ രാഷ്ട്രീയ കോളിളക്കമാണ് വിഷയം ഉണ്ടാക്കിയത്. തമിഴ്നാട്ടിലും മാർട്ടിന് പാർട്ടികളിൽ നിന്ന് വിട്ട് നിൽക്കാൻ സാധിച്ചിരുന്നില്ല. ഡിഎംകെയുമായിട്ടായിരുന്നു മാർട്ടിന് അടുപ്പം കൂടുതൽ. എന്നാൽ ജയലളിത മാർട്ടിനെ അകറ്റി നിർത്തി. ജയലളിതയുടെ കാലഘട്ടത്തിലാണ് തമിഴ്നാട്ടിൽ ലോട്ടറി നിരോധിച്ചതും. ഗുണ്ടാ ആക്ടിൽ ഡിഎംകെ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോൾ മാർട്ടിന്റെ കൈയിലും വിലങ്ങിട്ടു. മാർട്ടിനെ പുറത്തു കൊണ്ടുവരുന്നതിനുള്ള ശ്രമത്തിനിടയിലാണ് ഭാര്യ ലീമ റോസ് പ്രശസ്തിയിലേക്കുയരുന്നതും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും. ജയിലിൽ നിന്ന് പുറത്തിറങ്ങിയ മാർട്ടിൻ ബിസിനസ് ലോട്ടറിയിൽ നിന്ന് മറ്റു മേഖലകളിലേക്കും വ്യാപിപ്പിച്ചു. ഹോമിയോപതി മെഡിക്കൽ കോളേജ്, ഹോസ്പിറ്റൽ, ടെലിവിഷൻ മ്യൂസിക് ചാനലായ എസ്എസ് മ്യൂസിക്, എം ആൻഡ് സി പ്രോപ്പർട്ടി ഡെവലപ്മെന്റ്, മാർട്ടിൻ നന്ദവനം അപ്പാർട്ട്മെന്റ്, ലീമ റിയൽ എസ്റ്റേറ്റ് തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്.
നിയമവിരുദ്ധ ലോട്ടറി കച്ചവടം നടത്തിയതിന് 2011ൽ മാർട്ടിന്റെ പേരിൽ തമിഴ്നാട്ടിലും കർണാടകയിലും പോലീസ് അന്വേഷണം ആരംഭിച്ചു. 2013ൽ മാർട്ടിന്റെ ഓഫീസുകളിലും മറ്റും കേരള പോലീസ് റെയ്ഡ് നടത്തി. 2015ൽ വിവിധ സംസ്ഥാനങ്ങളിലെ മാർട്ടിന്റെ വീട്ടിലും ഓഫീസുകളിലും ഇൻകം ടാക്സ് വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ്, സാമ്പത്തിക ക്രമക്കേട് എന്നിവയായിരുന്നു കേസ്. ലോട്ടറി ബിസിനസിലൂടെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ 2016ൽ ഇഡിയും സാന്റിയാഗോ മാർട്ടിന്റെ വീട്ടിൽ റെയ്ഡ് നടത്തി.
നിയമവിരുദ്ധ ലോട്ടറി ഇടപാടിൽ 2018ൽ സിബിഐയും സാന്റിയാഗോ മാർട്ടിന്റെ പിന്നാലെ വന്നു. ഏറ്റവും ഒടുവിൽ 2023 മേയിൽ കള്ളപ്പണവെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ 457 കോടി രൂപ സാന്റിയാഗോ മാർട്ടിനിൽ നിന്ന് കണ്ടുകെട്ടി.
Future Gaming and Hotels, led by Santiago Martin, emerges as a top buyer of electoral bonds, purchasing bonds worth Rs 1,300 crore. Learn about Martin’s background, legal entanglements, and the complexities of political funding in India.