ഗൂഗിൾ, മെറ്റ പോലുള്ള വൻകിട സാങ്കേതികവിദ്യാകമ്പനികളെ നിയന്ത്രിക്കാനുള്ള പുതിയ ഡിജിറ്റൽ കോമ്പറ്റിഷൻ നിയമം കൊണ്ടുവരണമെന്ന നിർദേശം നൽകി കേന്ദ്ര കമ്പ നികാര്യ വകുപ്പ് നിയോഗിച്ച കമ്മറ്റി. നിലവിലെ കോമ്പറ്റിഷൻ നിയമത്തിനു പകരം ഡിജിറ്റൽ കോമ്പറ്റിഷൻ ആക്ട് രൂപീകരിക്കണമെന്നാണ് നിർദേശം. വമ്പൻ ടെക് കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമിൽ സ്വന്തം ഉൽപന്നങ്ങൾക്കോ സേവനങ്ങൾക്കോ പ്രത്യേക പരിഗണന നൽകുന്നത് തടയാൻ കരട് ഡിജിറ്റൽ കോംപറ്റീഷൻ ബില്ലിൽ വ്യവസ്ഥയുണ്ട് . വമ്പൻ കമ്പനികളുമായി ബന്ധമുള്ള മറ്റു കമ്പനികളുടെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇത്തരത്തിലുള്ള പരിഗണന നൽകാൻ പാടില്ല.
ആമസോൺ അവരുടെ സ്വന്തം ബ്രാൻഡ് ആയ ‘ആമസോൺ ബേസിക്സി’ന് പ്രത്യേക പരിഗണന നൽകിയത് വിവാദമായിരുന്നു. ഗൂഗിളിന് താൽപര്യമുള്ള വെബ്സൈറ്റുകൾക്ക് സെർച്ചിൽ പ്രാമുഖ്യം നൽകുന്നതിനും നിയന്ത്രണം കൊണ്ട് വരണമെന്നാണ് നിർദേശം .
മറ്റ് ആപ്പുകൾ, സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതിന് വമ്പൻ ടെക് കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാവില്ല. തങ്ങളുടെ ഒന്നിലേറെ സേവനങ്ങൾ ഉപയോഗിക്കാൻ (ബണ്ടിലിങ്) ടെക് കമ്പനികൾക്ക് ഉപയോക്താക്കളെ നിർബന്ധിക്കാനുമാവില്ല. കരട് ബില്ലിന്മേൽ ഏപ്രിൽ 15 വരെ അഭിപ്രായം അറിയിക്കാം. ലിങ്ക്: bit.ly/mcacompb
വ്യവസ്ഥകൾ ലംഘിച്ചാൽ കമ്പനിയുടെ രാജ്യാന്തര വിറ്റുവരവിന്റെ 10% വരെ പിഴയായി നൽകണം. കോംപറ്റീഷൻ കമ്മിഷന്റെ ഉത്തരവുകൾ പാലിക്കാത്തതിന് 25 കോടി രൂപ പിഴയോ 3 വർഷം വരെ തടവോ ലഭിക്കാം.
ഡേറ്റയിൽ നിയന്ത്രണം
വമ്പൻ പ്ലാറ്റ്ഫോമുകൾ അവരുടെ സേവനം ഉപയോഗിക്കുന്ന കമ്പനികളുടെ ഡേറ്റ ഉപയോഗിച്ച് അവയോട് മത്സരിക്കുന്നതിൽ നിയന്ത്രണം കൊണ്ട് വരണം.
വിവിധ ബ്രാൻഡുകളുടെ വിൽപന സംബന്ധിച്ച വിവരങ്ങൾ ഒരു ഇ–കൊമേഴ്സ് കമ്പനി ശേഖരിച്ച ശേഷം ഏറ്റവും നന്നായി വിറ്റഴിയുന്ന ഉൽപന്നങ്ങളുടെ പകർപ്പ് സ്വന്തം ബ്രാൻഡിൽ ഇറക്കാൻ കഴിയില്ല.
ഇന്റർമിക്സിങ്: ഒരു വമ്പൻ ടെക് കമ്പനിക്ക് അവരുടെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ ഡേറ്റ അവരുടെ അനുമതിയില്ലാതെ കൂട്ടിക്കലർത്തി ഉപയോഗിക്കാനാവില്ല.
ആക്ട് നിലവിൽ വന്നു കഴിഞ്ഞാൽ ഒരു വ്യക്തി അനുമതി നൽകിയില്ലെങ്കിൽ അയാളുടെ ഫെയ്സ്ബുക് ഡേറ്റയും ഇൻസ്റ്റഗ്രാം, വാട്സാപ് ഡേറ്റയും ‘മെറ്റ’യ്ക്ക് കൂട്ടിക്കലർത്താനാവില്ല. അങ്ങനെയെങ്കിൽ ഒരാളുടെ ഫെയ്സ്ബുക് യൂസേജ് അനുസരിച്ചുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ നൽകാൻ കഴിഞ്ഞേക്കില്ല.
മാർച്ച് 12-നാണ് കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചത്. വിപണിയെ നിയന്ത്രിക്കാൻ നിലവിലുള്ള 2002-ലെ കോമ്പറ്റിഷൻ നിയമം ഡിജിറ്റല് വിപണിയെ നിയന്ത്രിക്കാൻ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സമിതി പുതിയ നിയമം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
ഒരു കേന്ദ്ര ഡിജിറ്റൽ സേവനവുമായി ബന്ധപ്പെട്ട, വിപണിയിൽ സുപ്രധാന സാന്നിധ്യമുള്ള സ്ഥാപനങ്ങളെയാണ് സമിതി തയ്യാറാക്കിയ കരട് നിയമം ലക്ഷ്യമിടുന്നത്. ‘സിസ്റ്റമിക്കലി സിഗ്നിഫിക്കന്റ് ഡിജിറ്റൽ എന്റർപ്രൈസ് ’ അഥവാ SSDE കൾ എന്നാണ് ഇത്തരം സ്ഥാപനങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.
The proposed Digital Competition Act aimed at regulating large technology companies like Google and Meta, preventing unfair practices and ensuring data privacy. Comments on the draft bill can be given until April 15.