തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രിയാമണി കൊച്ചിയിലെ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ഒരു ആനയെ നടക്കിരുത്തി. മഹാദേവൻ എന്ന് പ്രിയാമണി ആ കൊമ്പനാനക്ക് പേരുമിട്ടു. ക്ഷേത്രത്തിലെത്തുന്നവർക്കു ധൈര്യപ്പൂർവം മഹാദേവന്റെ അടുക്കൽ ചെല്ലാം, തൊട്ടു തലോടാം, എഴുന്നള്ളത്ത് വീക്ഷിക്കാം, പക്ഷെ ഭക്ഷണം കൊടുക്കാൻ മാത്രം ശ്രമിക്കരുത്.

കാരണം പ്രിയാമണി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ നടക്കിരുത്തിയത് ജീവനുള്ള ഒരാനയെ അല്ല, മറിച്ച് ക്ഷേത്ര ആചാരങ്ങൾക്ക് തടസ്സം വരുത്താത്ത, മനുഷ്യർ പ്രകോപനമുണ്ടാക്കിയാലും ഒരിക്കലും ഇടഞ്ഞു അക്രമാസക്തനാകാത്ത ഒരു മെക്കാനിക്കൽ ആനയാണ് ഈ മഹാദേവൻ .
പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെൻ്റ് ഓഫ് ആനിമൽസ് ഇന്ത്യ പെറ്റ (PETA) സംഘടനയും നടി പ്രിയാമണിയും ചേർന്നാണ് കൊച്ചിയിലെ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് ആനയോളം വലിപ്പമുള്ള മെക്കാനിക്കൽ ആനയെ സമ്മാനിച്ചത്.
ഈ ആനയെ സുരക്ഷിതമായി ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്താൻ ഉപയോഗിക്കുമെന്ന് പെറ്റ അറിയിച്ചു. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ക്ഷേത്രം മെക്കാനിക്കൽ ആനയെ സ്വന്തമാക്കുന്നത്

ജീവനുള്ള ആനകളെ ഒരിക്കലും സ്വന്തമാക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യില്ലെന്ന ക്ഷേത്രത്തിൻ്റെ തീരുമാനത്തെ തുടർന്നാണ് പെറ്റയും പ്രിയാമണിയും ചേർന്ന് ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നത്.
“സാങ്കേതികവിദ്യയുടെ പുരോഗതി കാരണം നമ്മുടെ സാംസ്കാരിക ആചാരങ്ങളും പൈതൃകവും നിലനിർത്താനും മൃഗങ്ങളെ ഉപദ്രവിക്കില്ലെന്ന് ഉറപ്പാക്കാനും കഴിയും എന്ന് പ്രിയാമണി പറഞ്ഞു.

മഹാദേവനെ നടക്കിരുത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് തൃക്കയിൽ മഹാദേവ ക്ഷേത്രം ഉടമ തെക്കിനിയേടത്ത് വല്ലഭൻ നമ്പൂതിരി പറഞ്ഞു.
കഴിഞ്ഞ വർഷം തൃശൂർ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അധികാരികൾ ജീവനുള്ള ആനയെ അടക്കം ആഘോഷങ്ങൾക്ക് ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തതിന്റെ ഭാഗമായി ക്ഷേത്രാചാരങ്ങൾക്കായി ഒരു റോബോട്ടിക് ആനയെ കേരളത്തിലാദ്യമായി അവതരിപ്പിച്ചിരുന്നു.