എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിക്കുന്ന ഡീപ്ഫെയ്ക്ക് (Deepfake) വീഡിയോ വിഷയത്തിൽ നിയമം കടുപ്പിക്കുകയാണ് യൂട്യൂബ് (YouTube). ജനറേറ്റീവ് എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സിന്തറ്റിക് വീഡിയോകളാണോ ഉപയോഗിച്ചിരിക്കുന്നത് എന്ന് ഉപഭോക്താക്കൾ വെളിപ്പെടുത്തണമെന്ന് യൂട്യൂബ് നിഷ്കർഷിക്കുന്നുണ്ട്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തെറ്റായ വിവരങ്ങളും മറ്റും പ്രചരിപ്പിക്കുന്നതിന് കൂച്ച് വിലങ്ങിടുകയാണ് ഇതിലൂടെ യൂട്യൂബിൻെറ ലക്ഷ്യം.
യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂട്യൂബിന്റെ നീക്കം.
അതേസമയം എഐ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന കുട്ടികൾക്കായുള്ള ആനിമേഷൻ വീഡിയോകൾക്ക് യൂട്യൂബ് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകളിലെ സിന്തറ്റിക് ഉള്ളടക്കം എഐ നിർമിതമാണോയെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ല. മാത്രമല്ല, ചെറുതും ബ്യൂട്ടി ഫിൽറ്ററുകൾ, വീഡിയോ-ഓഡിയോ ക്ലീൻ അപ്പ് പോലുള്ള പ്രാഥമിക എയ്സ്തെറ്റിക് എഡിറ്റുകൾ എന്നിവയിലും വിവരം വെളിപ്പെടുത്തേണ്ടതില്ല.
സ്ക്രിപ്റ്റ്, തലക്കെട്ട് എന്നിവ എഴുതുന്നതിലും മെച്ചപ്പെടുത്തുന്നതിലും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ വെളിപ്പെടുത്തേണ്ടതില്ല.
ഉള്ളടക്കത്തിന്റെ നിലവാരം കുറയുമെങ്കിലും ജനറേറ്റീവ് എഐയുടെ സഹായത്തോടെ വീഡിയോ പ്രൊഡക്ഷൻ വേഗത്തിൽ ചെയ്യാൻ സാധിക്കുമെന്നതാണ് മെച്ചം. അതേസമയം യൂട്യൂബിൻെറ മാതൃകമ്പനിയായി ഗൂഗിൾ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച സേർച്ച് അൽഗോരിതങ്ങൾ തരം താഴ്ത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
YouTube’s new policy on deepfake videos, requiring disclosure of synthetic content created with AI technology to curb the spread of false information, while allowing certain exceptions for animation videos for children and minor aesthetic edits.